Advertisment

മുല്ലപ്പെരിയാര്‍ ഡാം: സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു - കേരള കോണ്‍ഗ്രസ്സ്‌ (എം)

author-image
സാബു മാത്യു
New Update

തൊടുപുഴ:  മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്‌ത്‌ പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുന്നത്‌ നിര്‍ഭാഗ്യകരമാണെന്ന്‌ കേരള കോണ്‍ഗ്രസ്സ്‌ (എം) ഇടുക്കിജില്ലാ പ്രസിഡന്റ്‌ പ്രൊഫ. എം.ജെ.ജേക്കബ്ബ്‌.

Advertisment

കേരളത്തില്‍ അതിരൂക്ഷമായ വെള്ളപ്പൊക്കമുണ്ടായിട്ടും ഡാമുകള്‍ നിറഞ്ഞു കവിഞ്ഞിട്ടും ലക്ഷക്കണക്കിന്‌ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരക്ഷരം പോലും പറയാത്തത്‌ ഗൂഢാലോടനയാണോയെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ ഡാമുകളില്‍ നിന്നും തുഛമായ തോതില്‍ മാത്രം വെള്ളം ഒഴുക്കിയപ്പോള്‍ തന്നെ ഉണ്ടായ നാശനഷ്‌ടങ്ങള്‍ എത്രയോ ഭയാനകമായിരിക്കെ മുല്ലപ്പെരിയാര്‍ ഡാമിന്‌ അപകടമുണ്ടായാല്‍ ഉണ്ടാകുന്ന അവസ്ഥ എന്തായിരിക്കുമെന്ന്‌ ഊഹിക്കാന്‍ പോലും കഴിയുകയില്ല. കാലാവധി കഴിഞ്ഞ ഡാം ആജീവനാന്തം നിലനില്‍ക്കുമെന്ന്‌ ആര്‍ക്കും പറയാന്‍ കഴിയില്ല.

ഇടുക്കി ജില്ലയിലാകെ 600 മില്ലി ലിറ്റര്‍ മഴ പെയ്‌തപ്പോള്‍ പീരുമേട്‌ താലൂക്കില്‍ 200 മില്ലി മീറ്റര്‍ മാത്രമാണ്‌ ഈ സീസണില്‍ മഴ പെയ്‌തത്‌. മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്‌ടിപ്രദേശത്ത്‌ ജില്ലയില്‍ മറ്റു പ്രദേശങ്ങളില്‍ പെയ്‌തതുപോലെ മഴയുണ്ടായിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞൊഴുകാന്‍ ഇടയാകുമായിരുന്നു.

ഡാം സുരക്ഷിതമാണെന്ന സുപ്രീം കോടതി വിധിയുണ്ടെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി പുതിയ ഡാം നിര്‍മ്മിക്കുന്നതിന്‌ തടസ്സമില്ല. ഡാം സുരക്ഷിതമാണെന്ന്‌ വിദഗ്‌ദ്ധ സമിതി കണ്ടെത്തിയത്‌ കേരളത്തിന്റെ പ്രതിനിധിയായ കെ.റ്റി. തോമസിന്റെ കൂടി ഒത്താശയോടെയാണ്‌.

ഈ നിര്‍ണ്ണയം തെറ്റാണെന്ന്‌ വ്യക്തമാണ്‌. അതുകൊണ്ട്‌ അന്തര്‍ദേശീയ ഏജന്‍സിയെ കൊണ്ട്‌ വിദഗ്‌ദ്ധ പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം.

എന്നാല്‍ ഈ പ്രശ്‌നത്തില്‍ നിന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുകയാണ്‌. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ദുരിതസമയത്ത്‌ കേരളം സന്ദര്‍ശിപ്പോള്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യുന്ന വിഷയം കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകപോലും ചെയ്‌തില്ല.

ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്ന്‌ പി.ജെ.ജോസഫിന്റെ അഭിപ്രായം ഇപ്പോള്‍ ഇടുക്കിക്ക്‌ പുറത്തുള്ള ജനങ്ങള്‍ക്ക്‌ ബോദ്ധ്യപ്പെട്ടു തുടങ്ങിയെന്നും ജേക്കബ്ബ്‌ പറഞ്ഞു. മുല്ലപ്പെരിയാര്‍ സമരസമിതിയുടെ സമരപ്പന്തല്‍ അക്രമച്ച നടപടി തികച്ചും അപലപനീയമാണെന്നും നീതിയ്‌ക്കു വേണ്ടിയുള്ള സമരം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment