Advertisment

യൂണിയന്‍ ബാങ്ക്‌ മാനേജര്‍ക്ക്‌ മര്‍ദ്ദനമേറ്റ സംഭവം വഴിത്തിരിവിലേയ്‌ക്ക്‌; ജില്ലാ പോലീസ്‌ ചീഫിനോട്‌ ഹാജരാകാന്‍ ഹൈക്കോടതി

author-image
സാബു മാത്യു
New Update

തൊടുപുഴ:  മുന്‍ തൊടുപുഴ എ.എസ്‌.പി. നിഷാന്തിനിക്കും മറ്റു പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും എതിരായി 2011-ല്‍ തൊടുപുഴ യൂണിയന്‍ ബാങ്ക്‌ മാനേജരായിരുന്ന പേഴ്‌സി ജോസഫ്‌ ഡെസ്‌മണ്ട്‌ കൊടുത്ത കേസ്‌ പുതിയ ദിശയിലേയ്‌ക്ക്‌.

Advertisment

26/07/2011-ല്‍, തൊടുപുഴ യൂണിയന്‍ ബാങ്ക്‌ മാനേജരായ പേഴ്‌സി പോലീസ്‌ ഉദ്യോഗസ്ഥ പ്രമീളയെ ബാങ്കില്‍ വച്ച്‌ മാനഭംഗപ്പെടുത്തി എന്നാരോപിച്ച്‌ പേഴ്‌സിയെ പോലീസ്‌ സ്റ്റേഷനില്‍ വിളിച്ച്‌ വരുത്തി നിഷാന്തിനിയും, മറ്റു പോലീസുകാരും ഉപദ്രവിച്ചു എന്ന്‌ ആരോപിച്ച്‌ പേഴ്‌സി ഒരു കേസ്‌ കൊടുത്തിരുന്നു. കേസില്‍ നിഷാന്തിനി അവരുടെ പേരിലുള്ള കേസ്‌ അസ്ഥിരപ്പെടുത്താന്‍ ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തു. ആയത്‌ നിലവിലുള്ളതാണ്‌.

പേഴ്‌സിയെ ഉപദ്രവിച്ചതിനായിരുന്നു നിഷാന്തിനിയുടേയും, മറ്റു പോലീസ്‌ ഉദ്യോഗസ്ഥരുടേയും പേരിലുള്ള ആ കേസ്‌. പേഴ്‌സി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റലില്‍ വച്ച്‌ നിഷാന്തിനിക്കും പോലീസുകാര്‍ക്കും എതിരായി കൊടുത്ത മൊഴി നശിപ്പിച്ചതിനായിരുന്നു എ.എസ്‌.ഐ. മുഹമ്മദിനെതിരായിട്ടുള്ള കേസ്‌.

മുഹമ്മദ്‌ ഹൈക്കോടതിയില്‍ അയാളുടെ പേരിലുള്ള കേസിന്‌ എതിരെകൊടുത്ത ഹര്‍ജിയില്‍ ഹൈക്കോടതി ജഡ്‌ജി ബി. കമാല്‍ പാഷ - 2016 ഫെബ്രുവരി 18-ാം തീയതി, അന്നത്തെ ഇടുക്കി എസ്‌.പി. യോട്‌ പേഴ്‌സിയുടെ മൊഴിയുടെ അസ്സല്‍ കോടതിയില്‍ ഹാജരാക്കാത്തതിനെപ്പറ്റി അന്വേഷിക്കാനും കുറ്റക്കാര്‍ ആരാണെന്നും കണ്ടുപിടിക്കാനും, എന്തു നടപടികള്‍ അവരുടെ പേരില്‍ എടുത്തുയെന്ന്‌ അന്വേഷിക്കാനും ഉത്തരവിട്ടു. എന്നാല്‍ ഇയാളുടെ മൊഴിയുടെ ഒരു കോപ്പി മാത്രം ഹൈക്കോടതിയില്‍ ഇടുക്കി എസ്‌.പി. പബ്ലിക്‌ പ്രോസിക്യൂട്ടര്‍ വഴി ഹാജരാക്കി.

പേഴ്‌സിയുടെ അഡ്വക്കേറ്റുമാരായ സി. എം. ടോമി, ചെറുവള്ളിയും, മാത്യു സ്‌കറിയ പടിഞ്ഞാറേക്കുടിയിലും ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടി. കോടതിയോടുള്ള പോലീസ്‌ ധിക്കാരപരമായ നടപടിയാണെന്ന്‌ ആവര്‍ത്തിച്ചപ്പോള്‍ ജഡ്‌ജി ഈ മാസം 24-ന്‌ മുമ്പ്‌ അസ്സല്‍ മൊഴി എവിടെപോയി എന്നു കണ്ടുപിടിക്കാനും അതിനെ സംബന്ധിച്ചുള്ള മറ്റു നടപടിക്രമങ്ങളുടെ റിപ്പോര്‍ട്ടുകൊടുക്കുവാനും ഉത്തരവുചെയ്‌തു.

അങ്ങനെ ചെയ്‌തില്ലെങ്കില്‍ 24/01/2018-ന്‌ ഇടുക്കി എസ്‌.പി. യോട്‌ ഹൈക്കോടതിയില്‍ നേരിട്ട്‌ ഹാജരാകുവാന്‍ ഉത്തരവുണ്ടായി.

പേഴ്‌സിയുടെ പേരില്‍ പോലീസ്‌ എടുത്തിരുന്ന കേസില്‍ അദ്ദേഹത്തെ തൊടുപുഴ ജൂഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി നേരത്തെ തന്നെ വെറുതെ വിട്ടിരുന്നു.

Advertisment