Advertisment

കോടതിവിധി ലംഘിച്ച്‌ വണ്ടിപ്പെരിയാറില്‍ പുതിയ വിദേശമദ്യശാല പ്രവര്‍ത്തനം തുടങ്ങിയതായി ആക്ഷേപം

author-image
സാബു മാത്യു
New Update

വണ്ടിപ്പെരിയാര്‍:  കോടതിവിധി ലംഘിച്ച്‌ വണ്ടിപ്പെരിയാറില്‍ പുതിയ വിദേശമദ്യശാല പ്രവര്‍ത്തനം തുടങ്ങിയതായി ആക്ഷേപം. പരുന്തുംപാറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിദേശമദ്യശാലയാണ്‌ കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാര്‍ ടൗണിലേയ്‌ക്ക്‌ മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത്‌.

Advertisment

തിരക്കേറിയ നഗരത്തില്‍ ദേശീയപാതയോരത്തെ വിദ്യാലയത്തിന്‌ സമീപത്തേയ്‌ക്ക്‌ വിദേശമദ്യശാല മാറ്റി പ്രവര്‍ത്തിക്കുവാന്‍ നീക്കം ആരംഭിച്ചപ്പോള്‍ സ്‌കൂള്‍ പി ടി എ പ്രസിഡന്റ്‌ ഷാജി പൈനാടന്‍, സുപ്രീം കോടതി വിധിപ്രകാരം ദേശീയപാതയുടെ 500 മീറ്റര്‍ പരിധിയില്‍ കെ.എസ്‌.ബി.സി. കടകള്‍ പ്രവര്‍ത്തിക്കുന്നത്‌ നിരോധിച്ചിട്ടുണ്ട്‌ എന്ന്‌ കാണിച്ച്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതേത്തുടര്‍ന്ന്‌ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പരുന്തുംപാറയില്‍ നിന്നും വിദേശമദ്യശാല മാറ്റുവാന്‍ ഉദ്ദേശമില്ലെന്ന്‌ അധികൃതര്‍ കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി തീര്‍പ്പാക്കി.

കൂടാതെ മദ്രാസ്‌ ഹൈക്കോടതിയുടെ ഏപ്രില്‍ അവസാനവാരത്തെ ഉത്തരവില്‍ ടാസ്‌മാക്‌ കടകള്‍ ദേശീയപാതയോരത്ത്‌ പ്രവര്‍ത്തിക്കുവാന്‍ യാതൊരു ഇളവുകളും സുപ്രീംകോടതി ഉത്തരവില്‍ അനുവദിച്ചിട്ടില്ല എന്ന്‌ വിധി പ്രസ്‌താവിച്ചിട്ടുണ്ട്‌.

എന്നാല്‍ കഴിഞ്ഞദിവസം വണ്ടിപ്പെരിയാര്‍ ടൗണിലേയ്‌ക്ക്‌ വിദേശമദ്യശാല മാറ്റി പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിന്‌ വിരുദ്ധമായി വിദേശമദ്യശാല ആരംഭിച്ചത്‌ കോടതി അലക്ഷ്യമാണെന്ന്‌ നിയമവിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടി.

കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുവാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്‌. നിയമം ലംഘിച്ച്‌ എവിടെയും വിദേശമദ്യശാല ആരംഭിക്കുവാനുള്ള സൗകര്യമാണ്‌ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

കോടതി ഉത്തരവുകളെ പുല്ലുവില പോലും കല്‍പ്പിക്കാതെ ഉദ്യോഗസ്ഥഭരണം കേരളത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്‌.

Advertisment