Advertisment

അവാര്‍ഡുകളുടെ പെരുമഴയുമായി അരുവിത്തുറ സെന്റ്‌.ജോര്‍ജസ്‌ കോളേജ്‌ എന്‍.എസ്‌.എസ്‌ യൂണിറ്റ്‌

author-image
admin
New Update

അരുവിത്തുറ:  സാമൂഹ്യ സേവന രംഗത്ത്‌ സമഗ്രതയിലൂന്നിയ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കി അരുവിത്തുറ സെന്റ്‌.ജോര്‍ജസ്‌ കോളേജ്‌ എന്‍.എസ്‌.എസ്‌ യൂണിറ്റിന്‌ നേട്ടങ്ങളുടെ പെരുമഴ. എം.ജി യൂണിവേഴ്‌സിറ്റിയിലെ മികച്ച എന്‍.എസ്‌.എസ്‌ യൂണിറ്റ്‌, മികച്ച പ്രിന്‍സിപ്പല്‍, മികച്ച പ്രോഗ്രാം കോര്‍ഡിനേറ്റര്‍, സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ മെറിറ്റ്‌ എന്നീ അവാര്‍ഡുകള്‍ ഒരേ സമയം നേടുന്ന അപൂര്‍വ്വ നേട്ടമാണ്‌ കോളേജ്‌ കരസ്ഥമാക്കിയത്‌.

Advertisment

മികച്ച പ്രിന്‍സിപ്പലായി തെരഞ്ഞെടുക്കപ്പെട്ട ഡോ.എം.വി ജോര്‍ജുകുട്ടിയെയും മികച്ച പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ്‌ വിഭാഗം അദ്ധ്യാപിക സിനി ജേക്കബിനെയും മികച്ച നേട്ടം കൈവരിച്ച കോളേജിലെ എന്‍.എസ്‌.എസ്‌ പ്രവര്‍ത്തകരെയും കോളേജ്‌ മാനേജര്‍ വെരി.റവ.ഫാ  തോമസ്‌ വെടിക്കുന്നേല്‍, ബര്‍സാര്‍ റവ. ഫാ. ജോര്‍ജ്‌ പുല്ലുകാലായില്‍ എന്നിവര്‍ അനുമോദിച്ചു.

publive-image

ജൈവ സാമൂഹിക  ആരോഗ്യ സാംസ്‌കാരിക മേഖലകളില്‍ ഇവര്‍ നടപ്പിലാക്കിയ അന്‍പതില്‍ പരം പദ്ധതികള്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരിന്നു. കാമ്പസില്‍ നടപ്പിലാക്കിയ ജൈവകൃഷിയിലൂടെ വിവധ ഇനത്തില്‍പ്പെട്ട പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും ഉല്‌പാദിപ്പിച്ചു. ഇവ കാമ്പസില്‍ തയ്യാറാക്കിയ ജൈവ പീടികയിലുടെ വിറ്റഴിച്ചു.

വാഗമണില്‍ പ്രകൃതി സൗഹൃദ കുടില്‍ നിര്‍മ്മിച്ചും വൃക്ഷതൈകള്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചും ഇവര്‍ ജൈവസമ്പത്തിന്റെ കാവലാളുകളായി. കാമ്പസില്‍ തുടര്‍ച്ചയായി രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. അറുനൂറോളം വിദ്യാര്‍ത്ഥികളെ രക്തദാന പ്രക്രിയയില്‍ പങ്കാളികളാക്കി. ദന്തരോഗചികിത്സാ ക്യാമ്പ്‌, ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ്‌, നേത്രചികിത്സാ ക്യാമ്പ്‌, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എന്നിവ സംഘടിപ്പിച്ചു.

publive-image

ഒപ്പം പാലിയേറ്റീവ്‌ കെയര്‍ പ്രോഗ്രാമിലും ഇവര്‍ അണിചേര്‍ന്നു. ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഐ.എം.എ അവാര്‍ഡും ലഭിച്ചിരുന്നു. നിര്‍ധനരായ രണ്ടു കുടുംബങ്ങള്‍ക്ക്‌ വീടു വച്ചുനല്‍കിയും പ്രാദേശികമായി രണ്ടു വിദ്യാലയങ്ങള്‍ ദത്തെടുത്ത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ട പഠനാനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിയും സൗജന്യ ട്യൂഷന്‍ നല്‍കിയും ഇവര്‍ മാതൃകയായി.

ഒരു ഗ്രാമത്തെ ദത്തെടുത്ത്‌ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി നൈപുണ്യവികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇതിലൂടെ സോപ്പ്‌, ഡിറ്റര്‍ജന്റുകള്‍, പേപ്പര്‍ ബാഗുകള്‍, കരകൗശല വസ്‌തുക്കള്‍ എന്നിവയുടെ നിര്‍മ്മാണം പരിശീലിപ്പിച്ചു.

നിരവധി ശുചീകരണ പ്രവര്‍ത്തനങ്ങളും , വ്യക്തിത്വ വികസന ക്യാമ്പുകളും സംഘടിപ്പിച്ചു. ഒപ്പം ഈരാറ്റുപേട്ട നഗരസഭയിലെ വയോജനങ്ങള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു.

ചൈനയില്‍ നടന്ന ഇന്റര്‍നാഷണല്‍ യൂത്ത്‌ എക്‌സ്‌ചേഞ്ച്‌ പ്രോഗ്രാമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ കോളേജ്‌ എന്‍.എസ്‌.എസ്‌ യൂണിറ്റ്‌ വോളണ്ടിയര്‍ സെക്രട്ടറിയായിരുന്ന ജിബിന്‍ അലക്‌സ്‌ മുരിങ്ങയില്‍ പങ്കെടുത്തു. മൂന്നു വര്‍ഷം തുടര്‍ച്ചയായി സര്‍വ്വകലാശാലയിലെ മികച്ച വോളണ്ടിയര്‍മാരായി കോളേജിലെ വിദ്യാര്‍ത്ഥികളാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

Advertisment