Advertisment

കോട്ടയം കുട്ടികളുടെ ആശുപത്രിയില്‍ വൈകുന്നേരങ്ങളില്‍ ലാബ്, എക്‌സറേ പരിശോധനകള്‍ നടത്തുന്നില്ലെന്നു പരാതി

New Update

കോട്ടയം:  മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ വൈകുന്നേരം അഞ്ചുമണിക്കുശേഷം വിവിധ പരിശോധനകള്‍ നടത്തുന്നില്ലെന്നു പരാതി. രാത്രി സമയങ്ങളില്‍ വിവിധ പരിശോധനകള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നഅവസ്ഥയാണ് രോഗികള്‍ക്ക്.

Advertisment

വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാല്‍, എക്‌സറേ, ഇസിജി, ലബോറട്ടറി എന്നിവയും ഫാര്‍മസിയും പ്രവര്‍ത്തിക്കില്ല, ഈ സമയങ്ങളില്‍ പരിശോധന ആവശ്യമായ കുട്ടികളായ രോഗികളേയും കൊണ്ട് സ്വകാര്യ സ്ഥാപനത്തിലോ, അല്ലെങ്കില്‍ ഒന്നര കിലോമീറ്റര്‍ ദൂരമുള്ള മെഡിക്കല്‍ കോളജിലോ പോകേണ്ടിവരുന്ന സഹാചര്യമാണ്.

മെഡിക്കല്‍ കോളജില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതൊന്നും കുട്ടികളുടെ ആശുപത്രിക്ക് ബാധകമല്ലെന്നുള്ള തരത്തിലാണ് അധികൃതര്‍. ഞായറാഴ്ച ദിവസങ്ങളില്‍ ഒപി ഇല്ലാത്തതിനാല്‍ ഉച്ചയ്ക്കുശേഷം ഫാര്‍മസിയില്ല. അല്ലാത്ത ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചുമണി വരെ മാത്രം. ഇവിടെ ചികിത്സ തേടിയെത്തുന്ന ഒട്ടുമിക്ക കുട്ടികള്‍ക്കും, ഇസിജി അത്യാവശ്യമാണ്.

കുട്ടികളായതിനാല്‍ ഇവരുടെ ഹൃദയമിടിപ്പ് പരിശോധിച്ചശേഷമേ ചികിത്സ ആരംഭിക്കുകയുള്ളൂ. അത്ര പ്രാധാന്യമുള്ള പരിശോധന ഞായറാഴ്ച പൂര്‍ണമായും മറ്റ് ദിവസങ്ങളില്‍ വൈകുന്നേരം മുതലും ഇവിടെയില്ല. കൂടാതെ വിവിധ തരം പകര്‍ച്ചപ്പനിയുള്‍പ്പെടെ രക്ത പരിശോധനകള്‍ നടത്തണമെങ്കിലും എക്‌സറേ വേണമെങ്കിലും സമീപത്തുള്ള സ്വകാര്യ ലാബ്കളെ ആശ്രയിക്കണം.

അവധിക്കാലമായതിനാല്‍ വിവിധതരം അപകടങ്ങളില്‍പ്പെട്ട് ധാരാളം കുട്ടികള്‍ ചികിത്സക്കായി എത്തുന്നുണ്ട്. ചില കുട്ടിരോഗികളുമായി സ്ത്രീകള്‍ മാത്രമാണ് എത്തിച്ചേരുന്നത്. പിന്നീടായിരിക്കും പുരുഷന്മാരായ ബന്ധുക്കള്‍ എത്തുന്നത്.

അതിനാല്‍ രാത്രികാലങ്ങളിലും കുട്ടികളുടെ ആശുപത്രിയില്‍ എക്‌സ്‌റേ, ലാബ്, ഇസിജി എന്നീ പരിശോധനകള്‍ നടത്തുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Advertisment