Advertisment

ഇഴഞ്ഞ്, നിരങ്ങി, കിടന്ന്, മുടന്തി മുടന്തി ഇന്നും കായംകുളം-എറണാകുളം പാസഞ്ചർ: ഇപ്പോൾ കോട്ടയത്ത് വിശ്രമിയ്ക്കുന്നു

New Update

കോട്ടയം:  യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! കായംകുളത്ത് നിന്നും എറണാകുളം വരെ പോകുന്ന കായംകുളം-എറണാകുളം പാസഞ്ചർ ആറുമണി മുപ്പതു മിനിറ്റിന് മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു!

Advertisment

ആറു മുപ്പതു കഴിഞ്ഞപ്പോൾ ഒക്കിയും ചാടിയും മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ വന്ന് ഒറ്റ കിടപ്പാരുന്നു, ഈ പറഞ്ഞ പാസഞ്ചർ മുത്തശ്ശി.വാർദ്ധക്യസഹജമായ സകലപരാധീനകളും അലട്ടുന്നുമുണ്ട്. ഇടയ്ക്കിടെ അറിയിപ്പുകൾ വരുന്നു. ഏഴ് പത്തിന് കായംകുളം-എറണാകുളം പാസഞ്ചർ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പടുമെന്ന് അറിയിച്ചു.

publive-image

ഇത് ഈ മുത്തശ്ശിയുടെ പതിവ് കലാപരിപാടി.ഈ വണ്ടി കാത്ത് നിൽക്കുന്ന പതിവ് യാത്രക്കാരുണ്ട് അല്ലാത്തവരുമുണ്ട്.

പതിവായി യാത്ര ചെയ്യുന്നവരോട് സ്ഥിരം ഇങ്ങനെ ആണോ, ഈ വണ്ടി ലേറ്റ് ആകുമോ എന്ന് ചോദിച്ചു. "ഞങ്ങൾ ഇപ്പോൾ അതെക്കുറിച്ച് ഓർക്കാറില്ല.വരുമ്പോൾ വരട്ടെ, പോകുമ്പോൾ പോകട്ടെ".

നിസ്സഹായന്റെ സുവിശേഷം മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ നെടുവീർപ്പിട്ടു.കിഴക്കു നിന്നെത്തിയ കാറ്റ് പാസഞ്ചറിൽ കയറിയിറങ്ങി പ്ളാറ്റഫോമിൽ ചുറ്റിയടിച്ചു. ഭാഗ്യം!കാറ്റിനൊരു കുളിരുണ്ടായിരുന്നു. ഇതിനിടയിൽ കൊച്ചുവേളി-ഭവനഗർ വണ്ടി ഓടിവന്ന് ഒന്നാമത്തെ പ്ളാറ്റഫോമിൽ വേണാടിനെ ശപിച്ചു!

പിന്നെ വേണാട് പേടിച്ച് ഓടി വന്ന് രണ്ടാമത്തെ പ്ളാറ്റ്ഫോമിൽ പതുങ്ങി.ഭവനഗർ വണ്ടി വേണാടിനെ അതിരൂക്ഷമായി നോക്കി അലറി വിളിച്ചു. ഭവനഗർ വണ്ടിയും വേണാടും ഇരുവശത്തേക്കും പോയി.

ഇതെല്ലാം കണ്ടിട്ടും കാണാതെ ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ കായംകുളം -എറണാകുളം പാസഞ്ചർ ഉണർന്നു. ഏഴ് പത്തൊമ്പതിന് കോട്ടയത്ത് നിന്നും പാസഞ്ചർ എറണാകുളം നോക്കി മുടന്തി. ഇനി എവിടെ ഒക്കെ വണ്ടി പിടിച്ചിടും, ആശങ്ക പ്രകടിപ്പിച്ചു യാത്രക്കാർ.

ബഹുമാനപ്പെട്ട റയിൽ മന്ത്രാലയം കേരളത്തിലെ റയിൽവേ ഉദ്യോഗസ്ഥർക്ക് താക്കീതു കൊടുക്കണം.കേരളത്തിൽ ഓടുന്ന എല്ലാ പാസഞ്ചർ ട്രെയിനുകളും സമയത്ത് ഓടിയ്ക്കാൻ! അരനൂറ്റാണ്ടിലേറെ ആയി ജനം സഹിക്കാൻ തുടങ്ങിയിട്ട്!

Advertisment