Advertisment

പറഞ്ഞു പറഞ്ഞു മടുത്തു.. ഒടുവില്‍ പാലാ ഗവണ്‍മെന്റ് സ്‌കൂള്‍ അധികാരികള്‍ പരിദേവനവുമായി കൗണ്‍സില്‍ യോഗത്തിലെത്തി

author-image
സുനില്‍ പാലാ
New Update

പാലാ:  പറഞ്ഞു പറഞ്ഞു മടുത്തു... ഒടുവില്‍ നീതി തേടി പാലാ മഹാത്മാഗാന്ധി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മിസ്ട്രസും പി.റ്റി.എ ഭാരവാഹികളും പരിദേവനവുമായി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ എത്തി!

Advertisment

പാലാ ഗവണ്‍മെന്റ് സ്‌കൂളില്‍ അഞ്ചുകോടി മുടക്കി പുതിയ മന്ദിരം പണിയുകയാണ്. ഇതിനായി പഴയ ഒരു കെട്ടിടം പൊളിച്ചുകളയേണ്ടതുണ്ട്. ഇക്കാര്യം രേഖാമൂലം സ്‌കൂള്‍ അധികാരികള്‍, സ്‌കൂളിന്റെ ചുമതലയുള്ള മുനിസിപ്പല്‍ അധികൃതരെ അറിയിച്ചു. എന്നാല്‍ നാളുകള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ല. ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധികാരികളെ വട്ടം ചുറ്റിച്ചുകൊണ്ടിരുന്നു.

publive-image

ഇതിനിടെ പ്രശ്‌നം വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്റെ അടുത്തുമെത്തി. അദ്ദേഹവും മുനിസിപ്പല്‍ സെക്രട്ടറിയെയും എഞ്ചിനീയറെയും വിളിച്ച് ഇക്കാര്യം വേഗത്തില്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചു. എങ്കിലും കാര്യങ്ങള്‍ വേണ്ടപോലെ വേഗത്തിലായില്ല.

ഇതിനിടെയാണ് ഇന്നലെ കൗണ്‍സില്‍ യോഗം നടക്കുന്നതായി സ്‌കൂള്‍ അധികാരികള്‍ക്ക് വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് ഹെഡ്മിസ്ട്രസ് രമണി വി.ജി., അധ്യാപകന്‍ ബിജിത്ത്, പി.റ്റി.എ ഭാരവാഹി സിന്ധു അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കൗണ്‍സില്‍ ഹാളിലെത്തി വൈസ് ചെയര്‍മാനോട് വിവരം പറഞ്ഞു. അവരെ കൗണ്‍സില്‍ ഹാളില്‍ ഇരുത്തിയിട്ട് വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ വിഷയം കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

അഞ്ചുകോടിയുടെ വര്‍ക്ക് ടെണ്ടര്‍ ചെയ്തിട്ട് നാളുകളായെങ്കിലും പഴയ കെട്ടിടം പൊളിച്ചുമാറ്റാത്തതിനാല്‍ മന്ദിര നിര്‍മ്മാണം ആരംഭിക്കാനായിട്ടില്ലെന്ന് വൈസ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലുള്ള അനാസ്ഥ എത്രയും വേഗം ഒഴിവാക്കണം.

തൊടുപുഴയിലും കോട്ടയത്തുമൊക്കെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പുതിയ മന്ദിരം പണി തുടങ്ങിയിട്ടും ഇതോടൊപ്പം അനുവദിച്ച പാലായിലെ സ്‌കൂള്‍ മന്ദിരം പണി തുടങ്ങാത്തത് അപലപനീയമാണെന്ന് പ്രതിപക്ഷത്തെ റോയി ഫ്രാന്‍സിസ് പറഞ്ഞു.

publive-image

ഇക്കാര്യത്തില്‍ അദ്ധ്യാപകരെ ബുദ്ധിമുട്ടിച്ചത് ശരിയായില്ലെന്നും ഇത് പാലാ നഗരസഭയ്ക്ക് നാണക്കേടാണെന്നും ഭരണപക്ഷത്തെ ബിജു പാലൂപ്പടവിലും ബി.ജെ.പി.യിലെ അഡ്വ. ബിനു പുളിക്കക്കണ്ടവും പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാതെ ബന്ധപ്പെട്ട കക്ഷികളെ കൗണ്‍സില്‍ യോഗത്തിന് വിളിച്ചുവരുത്തുന്നത് ശരിയല്ല. കാര്യങ്ങള്‍ക്ക് എത്രയും വേഗം തീരുമാനമുണ്ടാകണമെന്ന് ഭരണ - പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ചര്‍ച്ച ഒരുമണിക്കൂറോളം നീണ്ടു. ഈ സമയമത്രയും സ്‌കൂള്‍ ഭാരവാഹികള്‍ കൗണ്‍സില്‍ ഹാളിലിരുന്നു.

ഒടുവില്‍, ഗവണ്‍മെന്റ് സ്‌കൂളിന്റെ കാര്യത്തില്‍ അനാസ്ഥ കാണിച്ചുവെന്ന ആരോപണം ചില തെറ്റിദ്ധാരണകളുടെ പേരിലാണെന്നും പഴയ കെട്ടിടം പൊളിക്കാന്‍ ഇന്നുതന്നെ ടെണ്ടര്‍ ചെയ്യുമെന്നും മുനിസിപ്പല്‍ സെക്രട്ടറിയും എഞ്ചിനീയറും കൗണ്‍സില്‍ യോഗത്തെ അറിയിക്കുകയായിരുന്നു.

നാളുകളായി നഗരസഭയുടെ പടികയറി മടുത്ത ഒരു വിഷയത്തിന് അവസാനം ഒരു കൗണ്‍സില്‍ യോഗത്തിലൂടെ അനുകൂല മറുപടി ലഭിച്ചതിന്റെ സന്തോഷവുമായാണ് സ്‌കൂള്‍ അധികാരികള്‍ കൗണ്‍സില്‍ ഹാള്‍ വിട്ടത്.

Advertisment