Advertisment

'വെള്ളമര മുത്തച്ഛൻ' ഏഴാച്ചേരിയുടെ തൂൺ 

author-image
സുനില്‍ പാലാ
New Update

പാലാ:  ഏഴാച്ചേരി തോട്ടിൽ ചിറ്റേട്ട് കടവിൽ നാട്ടുകാർ ഓരോ വർഷവും പാലം കെട്ടും. ഒരു വശത്ത് തൂണായി 'വെള്ളമര മുത്തച്ഛനും' കാണും.

Advertisment

അങ്ങിനെ എത്രയോ മഴക്കാലങ്ങൾ, ഒരു പാട് വെള്ളം ഏഴാച്ചേരി തോട്ടിലൂടെ ഒഴുകിപ്പോയി, കുലുക്കമില്ലാതെ, മാറ്റമില്ലാതെ, വെള്ളമരം ഏഴാച്ചേരിക്കാർക്കായി തൂണായി തപസ്സ് തുടർന്നു. ഈ വെള്ളമരമുത്തച്ഛനെ (വെങ്കോട്ട് മരം) ആദരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജന്മനാട്.

ഏഴാച്ചേരിയിലെ വിശാലമായ തോടിന്‍കരയില്‍ ചിറ്റേട്ട് ഗവ. എല്‍.പി. സ്‌കൂളിന് മുന്‍വശത്താണ് മരം സ്ഥിതി ചെയ്യുന്നത്. തോടിന് ഇരുവശങ്ങളിലായി നിന്ന രണ്ടു കരകളെ പതിറ്റാണ്ടുകളോളം ഒന്നിപ്പിച്ച് നിര്‍ത്തിയത് ഈ വെള്ളമരത്തിന്റെ കവരയില്‍ നിന്നു കെട്ടിയ ചിറ്റേട്ട് പാലമായിരുന്നു.

publive-image

ഏഴാച്ചേരി മറുകരയിലായിരുന്ന ചിറ്റേട്ട് എല്‍.പി. സ്‌കൂളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയം വെള്ളമരം താങ്ങിനിര്‍ത്തിയ ഈ പാലമായിരുന്നു. അന്ന് ഏഴാച്ചേരി ബാങ്കും ചിറ്റേട്ട് സ്‌കൂളിന് സമീപമായിരുന്നു. നൂറ്റാണ്ടുകളോളം ഒരു ഗ്രാമത്തെ ഒന്നിപ്പിച്ചു നിര്‍ത്തിയ പാലത്തിന്റെ ഒരു കരയിലെ നിത്യ കൈത്താങ്ങായിരുന്നു ഈ വെള്ളമരം.

അഞ്ചുതലമുറയുടെ ഓര്‍മ്മകളില്‍ നിലനില്‍ക്കുന്ന ഈ വെള്ളമരത്തിന് ഇരുനൂറ് വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് നാട്ടിലെ പഴമക്കാര്‍ പറയുന്നത്. അന്നു പാലത്തിലൂടെ നിത്യേന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഇരുകരകളിലേയ്ക്കുമായി സഞ്ചരിച്ചിരുന്നതായി ഗവ. എല്‍.പി. സ്‌കൂള്‍. റിട്ട. ഹെഡ്മാസ്റ്ററും പൊതുപ്രവര്‍ത്തകനുമായ കീപ്പാറയില്‍ ബാലകൃഷ്ണന്‍ നായര്‍ പറയുന്നു.

ഒരു അപകടത്തില്‍ നിന്ന് വെള്ളമരം വിദ്യാര്‍ത്ഥികളെ രക്ഷിച്ചതിന്റെ നടുക്കമുള്ള ഓര്‍മ്മകളും നാട്ടുകാര്‍ക്കുണ്ട് ; നാലരപതിറ്റാണ്ട് മുമ്പുള്ള ഒരു കേരളപ്പിറവി ദിനം. ചിറ്റേട്ട് സ്‌കൂളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ മറുകരയില്‍ നിന്ന് ഉത്സാഹപൂര്‍വ്വം പാലത്തിലേക്ക് കയറി.

തിക്കിത്തിരക്കി വിദ്യാര്‍ത്ഥികള്‍ പാലത്തിന് നടുവിലെത്തിയതേ കെട്ടിയിരുന്ന ഒരു കമുകുമരവും ഒരുവശത്തെ തൂണും ഒടിഞ്ഞ് തോട്ടില്‍ വീണു. ഒപ്പം വിദ്യാര്‍ത്ഥികളും.

publive-image

എന്നാല്‍ ഇങ്ങേക്കരയില്‍ വെള്ളമരം താങ്ങിനിര്‍ത്തിയിരുന്ന കമുകിന്‍തടി 'പിടിവിട്ടില്ല'. തോട്ടില്‍ പതിച്ച പാലത്തില്‍ നിന്ന് ഗോവണിയിലെന്നപോലെ വിദ്യാര്‍ത്ഥികള്‍ വെള്ളമര കവരയിലേക്ക് കയറി രക്ഷപ്പെട്ടു.

കാലപ്പഴക്കത്താല്‍ പാലത്തിന്റെ മറുകരയിലെ തൂണുകള്‍ പലതവണ നിലംപൊത്തിയപ്പോഴും വെള്ളമരത്തിന് കുലുക്കമേ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ നന്ദിയോടെ ഓര്‍മ്മിക്കുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ചിറ്റേട്ട് കടവില്‍ വാര്‍ക്കപാലം വന്നപ്പോള്‍, മുന്‍തലമുറക്കാരെ ഒരുപാടുകാലം കാത്ത മരമുത്തച്ഛന്‍ മറവിയിലായി.

ഈ അവഗണനയുടെ വേദന മാറ്റാന്‍, ഏഴാച്ചേരി സ്റ്റോണേജ് നേച്ചര്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്താണ് വെള്ളമരമുത്തച്ഛനെ പൂമാല ചാര്‍ത്തി, പൊന്നാടയണിയിച്ച് ആദരിക്കുന്നത്.

27-ാംതീയതി ക്ലബ്ബിന്റെ വാര്‍ഷികാഘോഷ പരിപാടികളോടനുബന്ധിച്ച് നടത്തുന്ന മരമുത്തച്ഛനെ ആദരിക്കല്‍ പരിപാടിയില്‍ കെ.എം. മാണി എം.എല്‍.എ, പാലാ സെന്റ് തോമസ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. ജോമി അഗസ്റ്റിന്‍, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

Advertisment