Advertisment

ബിരുദ സീറ്റുകൾ നഷ്ടപ്പെടുത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ വഞ്ചിക്കരുത്: ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
admin
New Update

കോഴിക്കോട്:  ബിരുദ കോഴ്സുകളിൽ എല്ലാ വർഷവും സർക്കാറിൽ നിന്ന് അനുവദിച്ചു കിട്ടാറുള്ള സീറ്റ് വർധന ഇപ്രാവശ്യം സിൻഡിക്കേറ്റിന്റെ നിസംഗത മൂലം നഷ്ടപ്പെടുത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ വഞ്ചിക്കരുതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷഫ്രിൻ ആവശ്യപ്പെട്ടു.

Advertisment

ഡിസംബറിൽ സിൻഡിക്കേറ്റ് ഇൻസ്പെക്ഷൻ നടത്തി സീറ്റ് വർധനവിനായി കോളേജുകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുകയും മാർച്ച് 31നകം അത് സർക്കാറിന് കൈമാറുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ മെയ് അവസാനമായിട്ടും ഇത് ചെയ്യാത്തതിനാൽ വയനാട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലായി 5000 ത്തിൽ പരം സീറ്റ് നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.

പൊതുവെ മലബാർ ജില്ലകളിൽ ഹയർസെക്കൻഡറിക്കു ശേഷം ഉന്നത വിദ്യാഭ്യാസ മേഖലയിൽ മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പുറന്തള്ളപ്പെടുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി ഭീകരമാക്കുന്ന നടപടി യൂണിവേഴ്സിറ്റി അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്.

നിരവധി വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതകൾ ഇല്ലാതാകുമെന്നതിനാൽ യൂണിവേഴ്സിറ്റി അധികൃതർ ഉണർന്ന് പ്രവർത്തിച്ച് സീറ്റ് വർധനവ് സാധ്യമാക്കാൻ അടിയന്തര ഇടപെടൽ നടത്തണം. അല്ലാത്തപക്ഷം വിദ്യാർത്ഥികളെ അണിനിരത്തി ഫ്രറ്റേണിറ്റി പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് യൂണിവേഴ്സിറ്റി അധികൃതർക്ക് സംഭവിച്ച വീഴ്ചയായി കണക്കാക്കാൻ സാധിക്കില്ലെന്നും മറിച്ച് എല്ലാ വർഷവും നടത്താറുള്ള പെർമനന്റ് സീറ്റ് ഇൻക്രീസിങ്ങിന് അധികൃതർ മനപൂർവം തയ്യാറാവാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

മൂല്യനിർണയത്തിന് അധ്യാപകർ ഹാജരാകാത്തതിന്റെ പേരിൽ 8 കോളേജുകളിലെ ബിരുദ ഫലങ്ങൾ തടഞ്ഞുവെച്ച യൂണിവേഴ്സിറ്റി നടപടി നീതീകരിക്കാനാവില്ല. അധ്യാപകർ ചെയ്ത തെറ്റിന് വിദ്യാർത്ഥികളെ ബലിയാടാക്കരുത്. വിദ്യാർത്ഥികളുടെ ഭാവി കൊണ്ട് പന്താടാതെ ഫലം ഉടൻ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment