Advertisment

ഭാരതീയ ജനതാ പാർട്ടി ജില്ലാ നേതൃയോഗം ചെർപ്പുളശ്ശേരിയിൽ നടന്നു. പി.കെ.ശശി രാജിവെക്കും വരെ പ്രക്ഷോഭം

New Update

ചെർപ്പുളശേരി:  ഷൊർണ്ണൂർ എംഎൽഎയും, പാലക്കാട് ജില്ലയിലെ സിപിഎം നേതാവുമായ പി.കെ.ശശി സ്ത്രീപീഡനക്കേസിൽ അകപ്പെട്ടിരിക്കുന്നു എന്നും ഡിവൈഎഫ്ഐയുടെ ജില്ലാ കമ്മിറ്റി അംഗമാണ് പരാതി നൽകിയിരിക്കുന്നത് എന്നുള്ള ഗുരുതരമായ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Advertisment

ജില്ല കമ്മിറ്റിക്കും, സംസ്ഥാന കമ്മിറ്റിക്കും ആദ്യം പരാതി നൽകിയെങ്കിലും ഒരന്വേഷണവും ഉണ്ടായില്ല എന്നുമാത്രമല്ല സിപിഎമ്മിന്റെ ജില്ലാ നേതൃത്വവും, സംസ്ഥാന നേതൃത്വവും പരാതി പരിഹരിക്കേണ്ടതിന് പകരം രഹസ്യമായി ഒത്തുതീർപ്പ് ചർച്ചകൾ ആണ് നടത്തിയത് എന്നും അറിയുന്നു.

publive-image

ഒരു നടപടിയും ഉണ്ടാവാതെ വന്നപ്പോൾ ഇരയായ പെൺകുട്ടി പോളിറ്റ് ബ്യൂറോ മെമ്പർ വൃന്ദാ കാരാട്ടിന് പരാതി നൽകി അവിടെയും നടപടി ഉണ്ടാവാതെ വന്നപ്പോൾ സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നൽകി. അതിനുശേഷമാണ് പി.കെ.ശശിയുടെ പീഡനശ്രമം പൊതുസമൂഹം അറിയുന്നത്.

തുടർന്ന് പരാതി പിൻവലിപ്പിക്കാനും, ഒത്തു തീർപ്പാക്കാനും ഡി.വൈ.എഫ്.ഐ ജില്ലാ നേതാവിന്റെ നേതൃത്വത്തിൽ ഒരു കോടി രൂപയും, ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗത്വവും ആണ് വാഗ്ദാനം ചെയ്യപ്പെട്ടത് എന്ന രീതിയിലാണ് വാർത്ത വന്നിട്ടുള്ളത്.

അതിലും പെൺകുട്ടി വഴങ്ങാതെ വന്നപ്പോൾ പി.കെ.ശ്രീമതി എം.പി, സാംസ്കാരിക നിയമവകുപ്പ് മന്ത്രി എ.കെ.ബാലൻ എന്നിവരുൾപ്പെടുന്ന രണ്ടംഗ അന്വേഷണ കമ്മീഷനെ നിയമിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ പാർട്ടി നടത്തുന്നത്.

ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷങ്ങൾ ഉണ്ടായിട്ടും സംസ്ഥാന വനിതാ കമ്മീഷൻ ഈ വിഷയം ലാഘവത്തോടെ എടുക്കുകയും, ഈ വിഷയത്തിൽ ഒരു ചെറുവിരൽ അനക്കാൻ തയ്യാറായില്ല എന്നു മാത്രമല്ല , മറ്റു പല വിഷയങ്ങളിലും സ്വമേധയാ കേസെടുത്ത കമ്മീഷൻ, എം.എൽ.എ പി.കെ.ശശിയെ സഹായിക്കുന്ന നിലപാടുമാണ് കൈക്കൊണ്ടത്.

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം അടക്കമുള്ള ഡി.വൈ.എഫ്.ഐ നേതാക്കളും പീഡന ശ്രമം നടത്തിയ എം.എൽ.എയെ അനുകൂലിക്കുന്ന നിലപാടാണ് എടുത്തത്. മനുഷ്യാവകാശ പ്രവർത്തകരും, സാംസ്കാരികനായകന്മാരും, ബുദ്ധിജീവികളും പി.കെ.ശശിക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല എന്നത് കേരളീയ സമൂഹത്തെ ലജ്ജിപ്പിക്കുന്നതാണ്. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഒരു നീതിന്യായ വ്യവസ്ഥ നിലനിൽക്കുന്നുണ്ട്.

publive-image

അതിനെ മറികടന്ന് കൊണ്ട് പാർട്ടി കോടതിയിൽ ഈ ക്രിമിനൽ കുറ്റം പരിഹരിക്കാൻ സി.പി.ഐ.എം നടത്തുന്ന ശ്രമം അപലപനീയമാണ്. സ്ത്രീപീഡന വിഷയത്തിൽ കുറ്റാരോപിതനായ ഷൊർണ്ണൂർ എം.എൽ.എ പി.കെ.ശശി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പാർട്ടിക്ക് ലഭിച്ച പരാതി സി.പി.എം സംസ്ഥാന നേതൃത്വം പോലീസിന് കൈമാറണമെന്നും, പോലീസ് പി.കെ ശശിക്കെതിരെ കേസെടുക്കണമെന്നും ബിജെപി പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

സിപിഎമ്മിന്റെ സ്ത്രീ വിരുദ്ധ നിലപാടുകൾ പൊതു സമൂഹത്തിന് മുൻപിൽ തുറന്നു കാണിക്കുന്നതിനും, പി.കെ.ശശി രാജിവെക്കുന്നതുവരെ ജില്ലയിൽ തുടർ പ്രക്ഷോഭങ്ങൾക്ക് ബിജെപി നേതൃത്വം കൊടുക്കുന്നതായിരിക്കും.നൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിലേക്ക് കേരളത്തെ തള്ളിയിട്ടത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും, കുറ്റകരമായ അനാസ്ഥയുമാണ്.

മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ട് നൂറു കണക്കിനാളുകളെ വെള്ളത്തില്‍ മുക്കിക്കൊന്ന സംസ്ഥാന സര്‍ക്കാരിനെതിരെ 2018സെപ്റ്റംബര്‍ 17ന്(തിങ്കൾ )പാലക്കാട് കോട്ടമൈതാനം അഞ്ചു വിളക്കിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ബിജെപി ജില്ലാ നേതൃയോഗത്തിൽ ജില്ല അധ്യക്ഷൻ അഡ്വ.ഇ.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബിജെപി മേഖലാ സംഘടനാ സെക്രട്ടറികെ.പി.സുരേഷ്, സംസ്ഥാന ഉപാധ്യക്ഷൻ എൻ.ശിവരാജൻ, സംസ്ഥാന സെക്രട്ടറിസി.കൃഷ്ണകുമാർ, മേഖലാ ജനറൽ സെക്രട്ടറി പി.വേണുഗോപാലൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.വി.ജയൻ മാസ്റ്റർ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Advertisment