Advertisment

ആൾക്കൂട്ട ഉന്മൂലനങ്ങൾക്ക് പിറകിൽ വംശീയതയും അപരവൽക്കരണവും: പ്രദീപ് നെന്മാറ

author-image
admin
New Update

പാലക്കാട്:  അട്ടപ്പാടിയിലെ മധുവിൻ്റെയടക്കമുള്ള ആൾക്കൂട്ട ഉന്മൂലനങ്ങൾക്ക് പിറകിൽ വംശീയതയും അപരവൽക്കരണവുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ അഭിപ്രായപ്പെട്ടു.

Advertisment

കേരളീയ പൊതുബോധം പുരോഗമനപരമാണെന്ന് അവകാശ വാദങ്ങളുന്നയിക്കുന്നെങ്കിലും പ്രത്യക്ഷവും പരോക്ഷവുമായ വംശീയത ഉള്ളടങ്ങിയിരിക്കുന്നു എന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ദലിത് മുസ് ലിം ആദിവാസി ട്രാൻസ്ജെൻഡർ മുതൽ ഇതര സംസ്ഥാന തൊഴിലാളികളോടും ഗതിയില്ലാത്തതിനാൽ തെരുവിലിറങ്ങേണ്ടി വന്ന യാചകരോടും പൊതു വംശീയ ബോധം നിലനിൽക്കുന്നുണ്ട്.

publive-image

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ല കമ്മറ്റി സ്റ്റേഡിയം ബസ് സ്റ്റാൻ്റിന് സമീപം സംഘടിപ്പിച്ച 'വംശീയ ബോധങ്ങളോട് കലഹിക്കുക' പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപരവൽക്കരണങ്ങളേയും വംശീയ മുൻവിധികളേയും രാഷ്ട്രീയ സാഹോദര്യം കൊണ്ട് ചെറുക്കണമെന്നും ആ അർത്ഥത്തിൽ സാഹോദര്യം ഒരു രാഷ്ട്രീയ മുദ്രാവാക്യമായി ഉയർത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീർ ഇബ്രാഹീം മുഖ്യപ്രഭാഷണം നടത്തി. അട്ടപ്പാടിയിൽ കഴിഞ്ഞ ഇരുപത് വർഷത്തിൽ നടന്ന മുഴുവൻ ദുരൂഹമരണങ്ങളും അന്വേഷിക്കാൻ പ്രത്യേക കമീഷനെ നിയോഗിക്കുക, ഭൂമി കയ്യേറ്റത്തെക്കുറിച്ച് ധവളപത്രമിറക്കുക, അട്ടപ്പാടിയിലെ ആദിവാസികൾക്കുവേണ്ടി അനുവദിക്കപ്പെട്ട ഫണ്ടുകളുടെ വിനിയോഗവുമായി ബന്ധപ്പെട്ട സോഷ്യൽ ഓഡിറ്റിങ്ങ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധ സായാഹ്നം മുന്നോട്ടുവെച്ചു.

അട്ടപ്പാടിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട മധുവിൻ്റെ അമ്മ മല്ലി, സഹോദരിമായ ചന്ദ്രിക, സരസ്വതി എന്നിവർ മുഖ്യാതിഥികളായി. ശിവരാജൻ ( അംബേദ്കർ കോളനി),മാരിയപ്പൻ ( ആദിവാസി സംരക്ഷണസംഘം, മായാണ്ടി( പട്ടികജാതി പട്ടിക വർഗ്ഗ സംരക്ഷണ മുന്നണി), കക്കിമൂപ്പൻ , ബാബുരാജ്, ഡിവിൻ ( ഡി.എച്ച്.ആർ.എം), സജീവൻ ( കേരള പട്ടിക വർഗ മഹാസഭ, വി.പി നിജാമുദ്ധീൻ ( വിവരാവകാശപ്രവർത്തകൻ) അബൂബക്കർ അഗളി, ഷക്കീർ പുതുപ്പള്ളിത്തെരുവ്( സോളിഡാരിറ്റി), ഹാരിസ് നെന്മാറ( എസ്.എെ.ഒ) എന്നിവർ സംസാരിച്ചു.

വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി നാസർ സമാപനം നിർവഹിച്ചു. കശ്മീരിലെയും ഉന്നാവോയിലെയും ഝാർഖണ്ഡിലെയും പെൺകുട്ടികൾ വംശ വെറിയുടെ ഇരകളാണെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മധുവിൻ്റെ കൊലപാതം പ്രമേയമാക്കി ഫ്രറ്റേണിറ്റി കണ്ണൂർ ജില്ല സെക്രട്ടറിയേറ്റംഗം റാനിയ സുലൈഹ അവതരിപ്പിച്ച ഏകാംഗ നാടകം അരങ്ങേറി.

ജില്ല വൈസ് പ്രസിഡന്റ് മുബശിർ ശർഖി സ്വാഗതവും ജില്ല സെക്രട്ടറി സതീഷ് മേപ്പറമ്പ് നന്ദിയും പറഞ്ഞു. മുകേഷ് പാലക്കാട്, ഷാജഹാൻ കാരൂക്കിൽ, രഞ്ജിൻ കൃഷ്ണ, അമീറ മുസ്തഫ, ഫാസിൽ ആലത്തൂർ, ജസീൽ, ഷഫീഖ് അജ്മൽ എന്നിവർ നേതൃത്വം നൽകി.

Advertisment