Advertisment

പ്രണയിച്ചവർക്കു നേരെയുള്ള അക്രമത്തിനും ദുരഭിമാന കൊലക്കുമെതിരെ ലവ് കമാൻഡോസ് എന്ന സന്നദ്ധ സംഘടന രംഗത്ത്. സംസ്ഥാന തല യോഗം 19ന്

New Update

പാലക്കാട്:  കേരളത്തില്‍ ദുരഭിമാന കൊല ഇല്ലാതാക്കാനും, പ്രണയിച്ചതിന്റെ പേരില്‍ ഇനി ഒരാളും കുഴപ്പത്തിലാവരുതെന്നും, അവരുടെ സ്നേഹം കാത്തു സൂക്ഷിക്കുന്നതിനും കേരളത്തിന്റെ മനസാക്ഷി ഉണർത്തുന്നതിനുമായി 'ലവ് കമാണ്ടോസ്' എന്ന സൗഹൃദ കൂട്ടായ്മ.

Advertisment

അന്യോന്യം പൂർണ്ണമനസ്സാൽ ഇഷ്ടപ്പെടുന്നവർക്ക്സഹായമൊരുക്കാനും നന്മയിൽ കൂട്ടുചേരാനും ഒരു വലിയ സംഘം തന്നെ കൂടെ ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ ഈ സന്നദ്ധ സംഘടനയുടെ നേതൃത്ത്വത്തില്‍, ആഗസ്റ്റ്‌ 19 നു തിരുവനന്തപുരത്താണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്.

52,000 പ്രണയ വിവാഹങ്ങള്‍ നടത്തിയിട്ടുള്ള, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഇരുപതു ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകരും, പ്രണയത്തില്‍ ആയവര്‍ക്ക് സൌജന്യ സേവനം നല്‍കുന്ന അഞ്ഞൂറോളം അഭയ കേന്ദ്രങ്ങളും, നടത്തുന്ന ലവ് കമാണ്ടോസ് എന്ന സന്നദ്ധ സംഘടനയുടെ കേരളാ ചാപ്ടര്‍ ആണ് തിരുവനന്തപുരത്തെ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. 19നു രാവിലെ 9 മണിക്ക് തുടങ്ങുന്ന രജിസ്ട്രഷന്‍ 11 മണി വരെ ഉണ്ടായിരിക്കും.  11 മണിക്ക് നാല് വിഷയങ്ങളെക്കുറിച്ച് വിദഗ്ദര്‍ ക്ലാസുകള്‍ നയിക്കും.

(1) ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ നമുക്കുള്ള മനുഷ്യാവകാശങ്ങളെക്കുറിച്ചും, (2) ഓരോ പൌരനും തനിക്കു ലഭിക്കെണ്ടിയ അവകാശങ്ങളില്‍ തടസ്സം നേരിട്ടാല്‍, പോലീസ്സില്‍ നിന്നും കോടതിയില്‍ നിന്നും ലഭിക്കേണ്ട സഹായങ്ങളെക്കുറിച്ചും, അതിന്റെ നടപടി ക്രമങ്ങളെക്കുറിച്ചും, (3) മനുഷ്യര്‍ക്ക്‌ നിലവില്‍ ഒരുമിച്ചു താമസിക്കാനുള്ള വിവാഹം പോലെ തന്നെ നിയമപരമായ എല്ലാ സംവിധാനങ്ങളെക്കുറിച്ചും (4) മനുഷ്യരുടെ ലൈംഗീകതയെക്കുറിച്ചും ജെണ്ടറിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന അശാസ്ത്രീയതയെക്കുറിച്ചും, അതാതു മേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ദര്‍ സംവദിക്കും.

വിഷയാവതാരകരുമായി സംശയ നിവാരണത്തിനും, അവസരമുണ്ടായിരിക്കും. ഉച്ചഭക്ഷണത്തിനു ശേഷം, റജിസ്ടര്‍ ചെയ്തവരില്‍ അടിയന്തിര സ്വാഭാവമുള്ള ആള്‍ക്കാര്‍ക്ക്, സ്വകാര്യത നഷ്ടപ്പെടുത്താതെ, അവരുടെ പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പറ്റിയ നിയമ വിദഗ്ദരുമായും, മനുഷ്യാവകാശ പ്രവര്‍ത്തകരുമായും, ശരിയായ ഉപദേശം തേടാനുമുള്ള വിശദമായ കൂടികാഴ്ചക്കും സൗകര്യമുണ്ട്.

ഓരോ പഞ്ചായത്ത് വാര്‍ഡിലും പത്തു പേര് വച്ചു, കേരളത്തില്‍ ഒരു ലക്ഷം സന്നദ്ധ പ്രവര്‍ത്തകരായ ലവ് കമാൻഡോകളെ ഒരു വര്‍ഷത്തിനുള്ളില്‍ സജ്ജരാക്കുന്നു. എല്ലാ മാസവും രണ്ടു ബാച്ചു വച്ചു നടത്തുന്ന ഒരാഴ്ചത്തെ പരിശീലനം സെപ്റ്റംബര്‍ മുതല്‍ തുടങ്ങുന്നു. ഇത്തരം വിഷയങ്ങളെ കാര്യക്ഷമമായും, പരമാവധി ആള്‍ക്കാരെ യോജിപ്പിച്ചുകൊണ്ടും, അവരുടെ വിശ്വാസം നേടിയും പരിഹരിക്കാന്‍ പര്യാപ്തരായ ഒരു തലമുറയെ, കേരളത്തില്‍ വാര്‍ത്തെടുക്കാനുള്ള പാഠ്യപദ്ധതിയും തയാറാക്കിയിട്ടുണ്ട്.

താല്പര്യമുള്ള എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഈ സന്നദ്ധസംഘത്തിൽ പങ്കാളി ആകാവുന്നതാണെന്ന് ലവ് കമൻഡോസ് കേരള ചീഫ് കോഡിനേറ്റർ അനിൽജോസ്,ട്രെയിനർ സാബു എന്നിവർ പറഞ്ഞു. ജൂണ്‍ 24 നു എറണാകുളത്തും ജൂലൈ 22 നു കോഴിക്കോട്ടും പരിപാടികൾ നടത്തിയിരുന്നു. ജാതി - മത – വര്‍ണ്ണ – വര്‍ഗ്ഗ – സമ്പത്ത് – പ്രായ – സ്ഥല - ഭാഷ – പാര്‍ട്ടി വ്യത്യാസങ്ങളില്ലാതെ, പ്രണയത്തില്‍ ഒന്നിക്കുന്ന ഒരു പുരോഗമന കേരളത്തെയാണ് ഈ കൂട്ടായ്മ സ്വപ്നം കാണുന്നത്.

അടുത്തിടെയായി മുപ്പതോളം പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഈ കൂട്ടായ്മക്ക്സാധിച്ചു. അവയില്‍, പ്രണയ വിവാഹങ്ങള്‍, കുടുംബ വഴക്കുകള്‍, പെണ്‍കുട്ടികളുടെ വീട്ടു തടങ്കല്‍, ആണ്‍കുട്ടികള്‍ക്കുള്ള ഭീഷണികള്‍, ലെസ്ബിയന്‍ ഇണകള്‍, ഗേ ഇണകള്‍, സ്വത്ത് തര്‍ക്കം, വിവാഹിതര്‍ക്കിടയിലെ പ്രണയബന്ധങ്ങള്‍, വിവാഹമോചന കേസുകള്‍, എന്നിവ ഉള്‍പ്പെടുന്നു.

കേരളത്തിലെപോലീസും, മാധ്യമങ്ങളും, ഈ നവ സാമൂഹ്യ വിപ്ലവത്തില്‍ സ്തുത്യര്‍ഹമായ സേവനമാണ് നല്‍കുന്നത്. നിലവില്‍ പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍, പങ്കാളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉള്ളവര്‍, ജോലി പ്രശ്നങ്ങള്‍ ഉള്ളവര്‍, സാമൂഹ്യമായ പിന്തുണ വേണ്ടവര്‍, നാട്ടില്‍ നിന്ന് മാറി നിൽക്കേണ്ടവർ എന്നിവര്‍ക്കും ഈ കൂട്ടായ്മ സഹായം ഒരുക്കുന്നു. ലവ് കമാൻഡോസ് എന്ന സന്നദ്ധ സംഘടനയെകുറിച് വിശദമായി അറിയാൻ 81579 02203, 98463 51897 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Advertisment