Advertisment

എസ്.സി- എസ്.ടി പീഡന നിരോധന നിയമം അട്ടിമറിക്കരുത്: ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
admin
New Update

തിരുവനന്തപുരം:  എസ്.സി- എസ്.ടി പീഡന നിരോധന നിയമം അട്ടിമറിക്കരുതെന്നും അത് സംരക്ഷിക്കപ്പെടണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡൻറ് എസ്.ഇർഷാദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment

മാർച്ച് 20 ന് സുഭാഷ് കാശിനാഥ് മഹാജൻ Vs മഹാരാഷ്ട്ര സർക്കാർ കേസിന്റെ വിധിയിൽ എസ് സി - എസ് ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്റ്റിലെ വ്യവസ്ഥകൾ ദുർബ്ബലപ്പെടുത്തിയ സുപ്രീം കോടതിയുടെ നടപടി സ്വതവേ ദുർബലമായ നമ്മുടെ ജനാധിപത്യത്തിനു തന്നെയാണ് പരിക്കേല്പിക്കുന്നത്.

നൂറ്റാണ്ടുകളിലായി ജാതീയമായ പീഡനങ്ങളും വിവേചനങ്ങളും അനുഭവിച്ച ജനവിഭാഗങ്ങൾക്ക് നിയമപരമായ സംരക്ഷണം നൽകുവാൻ രാജ്യത്തെ നീതിന്യായ സംവിധാനം ബാധ്യസ്ഥമാണ്. 1989ൽ തന്നെ പ്രസ്തുത നിയമം നിലവിൽ വന്നെങ്കിലും രാജ്യത്തെ ദളിത് ആദിവാസി ജനവിഭാഗങ്ങൾ അനുഭവിക്കുന്ന ജാതിപീഡനങ്ങൾ ഇവിടെ നിത്യസംഭവമാണ്.

പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തികാവസ്ഥകൾ മെച്ചപ്പെടുത്താൻ വ്യത്യസ്ത സംവിധാനങ്ങൾ ആവിഷ്കരിക്കപ്പെട്ടെങ്കിലും അവർ ഇപ്പോഴും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്നവരായി തുടരുകയാണ്. ചരിത്രപരവും സാമൂഹിക സാമ്പത്തികപരവുമായ കാരണങ്ങളാൽ ഈ ജനസമൂഹങ്ങൾക്കെതിരിൽ അതിക്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയുമാണ് .

ഈ ജനവിഭാഗങ്ങൾ എന്നും അകറ്റി നിറുത്തപ്പെടേണ്ട , അക്രമിക്കപ്പെടേണ്ട, വിഭവ വിതരണത്തിലും അധികാര പങ്കാളിത്തത്തിലും വിവേചനങ്ങൾ കല്പിക്കപ്പെടേണ്ടവരാണെന്ന അധികാര ബോധം കാലങ്ങളായി ഇവിടെ നില നിൽക്കുകയാണ്. ഇതിന് ഒരു പരിധി വരെയെങ്കിലും നിയമപരമായി തടയിടാൻ വേണ്ടിയായിരുന്നു ഈ ആക്റ്റ് നടപ്പിലാക്കപ്പെട്ടത്.

ഒരർത്ഥത്തിൽ എസ് സി എസ് ടി ജനവിഭാഗങ്ങളോടുള്ള സാമൂഹികമായ അടഞ്ഞ മനഃസ്ഥിതിയുടെ പ്രതിഫലനമായിരുന്നു ആ നിയമം. സമൂഹവും സംവിധാനങ്ങളും വ്യത്യസ്തതകളെയും വൈവിധ്യങ്ങളെയും ഉൾക്കൊള്ളാതെ ജനാധിപത്യ വിരുദ്ധമാകുമ്പോഴാണ് ഇത്തരം നിയമങ്ങൾ രൂപീകരിക്കപ്പെടാറുള്ളത്.

നിയമപരമായ ഇത്തരം പരിരക്ഷകൾ ക്രമേണയായി എടുത്തുകളയുന്നതും നിർവീര്യമാക്കപ്പെടുന്നതും സവർണ്ണ അധികാര പൊതുബോധങ്ങളെയും ആധിപത്യ ചൂഷണങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.

സാമൂഹിക യാഥാർഥ്യങ്ങളെ വിലയിരുത്തുന്നതിലും വിശകലനം ചെയ്യുന്നതിലും പരമോന്നത കോടതികൾ പരാജയപ്പെടുന്നത് ഖേദകരമാണ്. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും സാമൂഹിക ജനവിഭാഗങ്ങൾക്കും നീതി ലഭ്യമാക്കാൻ ബാധ്യസ്ഥരായ കോടതിയുടെ തീർപ്പുകളിലും നിരീക്ഷണങ്ങളിലും ഇത്തരം വരേണ്യ ചായ്‌വുകളും പൊതുബോധ സങ്കല്പങ്ങളും ഇടം പിടിക്കുന്നത് ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു.

സുപ്രീം കോടതി ജഡ്ജിമാരിൽ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള ഒരു ജഡ്ജ് പോലും ഇല്ലെന്നത് ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.

മാർച്ച് 20നു വിധി വന്നെങ്കിലും വിഷയത്തിൽ കേന്ദ്ര സർക്കാർ പുലർത്തിയ നിസംഗതയും മൗനവും വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. വിവിധ ദലിത് സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന ശക്തമായ സമ്മർദ്ദങ്ങൾക്കൊടുവിലാണ് റിവ്യൂ ഹരജി നൽകാൻ പോലും സർക്കാർ സന്നദ്ധമായത്. സംഘ്പരിവാറിന്റെ കപട ദലിത് പ്രേമം ഒരിക്കൽക്കൂടി ഇവിടെ മറ നീക്കി പുറത്തു വരുകയാണുണ്ടായത്.

രാജ്യത്തെ സാമൂഹികവും ആചാരപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെയും അതിനു പിറകിലെ യാഥാർഥ്യങ്ങളെയും മറച്ചു പിടിക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢാതാത്പര്യങ്ങളും കേന്ദ്രസർക്കാരിന്റെ ഈ മൗനത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. പടിപടിയായി പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങളെ ഹിന്ദുവത്കരിക്കാനുള്ള ആസൂത്രങ്ങൾ സംഘ് അടുക്കളയിൽ വെന്തുകൊണ്ടിരിക്കുകയാണ്.

ജാതിയും ജാതിവിവേചനങ്ങളും പുരോഗമന സവർണ്ണ വരേണ്യത പ്രത്യക്ഷപ്പെടുത്താനാഗ്രഹിക്കാത്ത യാഥാർഥ്യങ്ങളാണ്. ജാതി എന്ന യാഥാർഥ്യത്തെ കുറുക്കു വഴികളിലൂടെ അസന്നിഹിതമാക്കാനാണ് അധികാരികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സമീപ കാലത്തു കേരളത്തിൽ നടന്ന ദലിത് പദനിരോധനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ജാതി മത കോളങ്ങൾ പൂരിപ്പിക്കാത്തവരുടെ ഊതിപ്പെരുപ്പിച്ച കണക്കുകളും അതാണ് സൂചിപ്പിക്കുന്നത്.

നിയമം ദുരുപയോഗപ്പെടുത്തുന്നുവെന്നതാണ് സുപ്രീം കോടതി വിധിയിൽ പരാമർശിക്കുന്ന ആരോപണം. രാജ്യത്തു യു എ പി എ പോലുള്ള നിയമങ്ങൾ വ്യാപകമായി ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ദേശസുരക്ഷയുടെ പേര് പറഞ്ഞു ഭരണകൂട ഭീകരത നടപ്പിലാക്കാൻ ഭരണകൂടം തന്നെ ചുട്ടെടുക്കുന്ന ഇത്തരം നിയമങ്ങൾക്ക് മേൽ മെലൊപ്പ് ചാർത്തുന്ന കോടതികൾ ദുർബല ജനവിഭാഗങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ടിയുള്ള നിയമങ്ങളെ ദുരുപയോഗത്തിന്റെ പേര് പറഞ്ഞു അസ്ഥിരപ്പെടുത്തുന്നത് വലിയ വിരോധാഭാസമാണ്.

നിരന്തരമായ നീതിനിഷേധത്തിനും വിവേചനങ്ങൾക്കും അവകാശ ലംഘനങ്ങൾക്കും വിധേയമാകുന്ന സാമൂഹിക ജനവിഭാഗങ്ങളുടെ അവസാനത്തെ അത്താണിയാണ് രാജ്യത്തെ നിയമവ്യവസ്ഥ. പ്രയോഗതലത്തിൽ നീതിന്യായ സംവിധാനത്തിൽ പോലും പാകപ്പിഴവുകൾ ഏറെയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

എന്നാൽ ആ അവസാന അത്താണി പോലും ദുർബലപ്പെടുത്തുന്നത് ആത്യന്തികമായി നമ്മുടെ ജനാധിപത്യത്തെ തന്നെയാണ് ദുർബലപ്പെടുത്തുന്നത്. രാജ്യത്തെ എസ് സി എസ് ടി ജനവിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാൻ ഭരണകൂടത്തിനും നീതിനിർവഹണ സംവിധാനങ്ങൾക്കും സാധിക്കണം. സാമൂഹിക ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരിൽ സമൂഹത്തിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

എസ് സി എസ് ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ്‌ ആക്റ്റ് ദുർബലപ്പെടുത്തരുതെന്നാവശ്യപ്പെട്ടു ജനകീയ ഒപ്പുശേഖരണം നടത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് രാഷ്ട്രപതിക്ക് ഭീമഹരജി സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisment