Advertisment

ഫ്രറ്റേണിറ്റി ഇടപെടൽ വിജയം; കേരള യൂണിവേഴ്സിറ്റിയുടെ മെയ് 10ലെ പരീക്ഷ മാറ്റിവെക്കും

author-image
admin
New Update

തിരുവനന്തപുരം:  ഏപ്രിൽ 30ന് നടക്കേണ്ട കേരള യൂണിവേഴ്സിറ്റിക്കു കീഴിലെ അവസാന വർഷ ബിരുദ പരീക്ഷ മെയ് 10 ലേക്ക് മാറ്റിയതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പി.ജി പ്രവേശന പരീക്ഷ എഴുതാൻ പറ്റാത്ത വിഷയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് ഇടപെട്ടു.

Advertisment

മെയ് 10ന് പരീക്ഷ നടത്തുന്നതിലൂടെ അന്നേ ദിവസം തന്നെ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേണലിസം പി.ജി ഡിപ്പാർട്ടുമെന്റുകളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുമെന്നും അതിനാൽ അന്നത്തെ അവസാന വർഷ ബിരുദ പരീക്ഷ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നേതാക്കൾ കേരള യൂണിവേഴ്സിറ്റി വി.സി ഇൻചാർജിന് പരാതി നൽകി.

തുടർന്ന് നേതാക്കളും യൂണിവേഴ്സിറ്റി അധികൃതരും നടത്തിയ ചർച്ചക്കൊടുവിൽ പരീക്ഷ മാറ്റിവെക്കാൻ വി.സി പരീക്ഷ കൺട്രോളർക്ക് നിർദേശം നൽകി. വി.സിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസം തന്നെ പരീക്ഷ മാറ്റി വെച്ചതായി ഉത്തരവിറക്കുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാറും വി.സിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ പി.പി തോമസും പരീക്ഷ കൺട്രോളറുടെ പ്രൈവറ്റ് സെക്രട്ടറി സന്തോഷും നേതാക്കളെ അറിയിച്ചു.

സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ടിന്റെ നേതൃത്വത്തിൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.എം സാബിർ അഹ്സൻ, തിരുവനന്തപുരം ജില്ല പ്രസിഡന്റ് മഹേഷ് തോന്നക്കൽ, ജനറൽ സെക്രട്ടറി നബീൽ പാലോട് എന്നിവരാണ് പരാതി നൽകിയത്.

ഏപ്രിൽ 30ന് നടക്കേണ്ട പരീക്ഷ എന്തു കാരണം കൊണ്ടാണെന്നു പോലും പറയാതെയാണ് മാറ്റി വെച്ചതായി ഏപ്രിൽ 29ന് യൂണിവേഴ്സിറ്റി ഉത്തരവിറക്കിയത്. വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതകളെ കൊട്ടിയടച്ചു കൊണ്ടുള്ള നിലപാടുകൾ യൂണിവേഴ്സിറ്റികൾ തിരുത്തണമെന്ന് പരാതി നൽകിയ ശേഷം ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment