Advertisment

മാള ടൗണിലെ റോഡില്‍ വലുതായി കൊണ്ടിരിക്കുന്ന കുഴി അപകട ഭീഷണി സൃഷ്ടിക്കുന്നു

New Update

മാള:  മാള ടൗണിന്‍റെ ഹൃദയഭാഗത്ത് മൂന്നുംകൂടിയ ജംഗ്ഷനിലുള്ള റോഡില്‍ വലുതായി കൊണ്ടിരിക്കുന്ന കുഴി അപകട ഭീഷണി സൃഷ്ടിക്കുന്നു. കൊടകര-മാള-കൊടുങ്ങല്ലൂര്‍ റോഡില്‍ നിന്നും പോസ്റ്റോഫീസ് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അനുദിനമെന്നോണം കുഴി വലുതായിക്കൊണ്ടിരിക്കുന്നത്.

Advertisment

തൃശ്ശൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാലക്കുടി, പുത്തന്‍ചിറ, കൊടകര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള വാഹനങ്ങള്‍ മാള പഞ്ചായത്ത് ബസ് സ്റ്റാന്‍റ്, ആലുവ, അന്നമനട, എരവത്തൂര്‍, വലിയപറമ്പ്, അങ്കമാലി, നെടുമ്പാശേരി എയര്‍പോര്‍ട്ട് തുടങ്ങി നിരവധിയിടങ്ങളിലേക്ക് തിരിയുന്നയിടത്താണ് അപകടം ക്ഷണിച്ചു വരുത്തുന്ന കുഴിയുള്ളത്.

publive-image

മഴക്കാലം എത്തിയതിന് ശേഷം കുഴിയില്‍ സദാസമയവും വെള്ളമാണ്. ഇതുമൂലം കുഴിയുടെ ആഴവും വ്യാപ്തിയും അറിയാനാകാത്ത അവസ്ഥയാണ് പലപ്പോഴും. നാലുവര്‍ഷം മുന്‍പ് കൊടകര-മാള-കൊടുങ്ങല്ലൂര്‍ റോഡ് ബി എം ബി സി ടാറിംഗ് നടത്തിയ സമയത്ത് ഈ റോഡില്‍ പോലീസ് സ്റ്റേഷന്‍ വരെ അതേരീതിയില്‍ ടാറിംഗ് നടത്തിയിരുന്നു.

അഞ്ചു വര്‍ഷം ഗ്യാരന്‍റിയോടെ പണിത റോഡില്‍ ഒരു വര്‍ഷത്തോളം മുന്‍പുണ്ടായ കുഴി വലുതായി കൊണ്ടിരിക്കുമ്പോഴും കുഴിയടക്കാന്‍ കരാറുകാര്‍ തയ്യാറായിട്ടില്ല. അത് ചെയ്യിക്കാനായി പൊതുമരാമത്ത് വകുപ്പുദ്ധ്യോഗസ്ഥരും തയ്യാറായിട്ടില്ല. ചെറുവാഹനങ്ങളില്‍ എത്തുന്നവരും മറ്റും ഇവിടെ അപകടത്തില്‍ പെടുന്നുണ്ട്. കാല്‍നട യാത്രക്കാര്‍ക്കും റോഡിലൂടെ നടക്കാനാകുന്നില്ല.

നാലമ്പല തീര്‍ത്ഥാടന കാലമായതിനാല്‍ മൂഴിക്കുളത്തേക്കും അവിടെ നിന്നും പായമ്മലിലേക്കും ഒട്ടനവധി വാഹനങ്ങള്‍ ഇതിലൂടെ കടന്നു പോകുന്നുണ്ട്. ടൗണിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളില്‍ ഒന്നാണിവിടം. മണിക്കൂറില്‍ നൂറുകണക്കിന് വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കടന്നു പോകുന്ന റോഡിലെ അപകട ഭീഷണി ഇല്ലാതാക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.

Advertisment