Advertisment

സാമ്പത്തിക സ്തംഭനത്തില്‍ വലഞ്ഞ് യുഎസ് സര്‍ക്കാര്‍; പണം കണ്ടെത്താന്‍ താല്‍ക്കാലിക ബില്‍ ഇന്ന് സെനറ്റില്‍ അവതരിപ്പിക്കും

New Update

വാഷിങ്ടന്‍: സാമ്പത്തിക സ്തംഭനത്തില്‍ വലഞ്ഞ് യുഎസ് സര്‍ക്കാര്‍. ധനകാര്യ ബില്‍ പാസാകാതെ വന്നതോടെയാണ് യുഎസ് ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സ്തംഭനാവസ്ഥയുണ്ടായത്. പ്രശ്‌നപരിഹാരത്തിനു ഭരണ-പ്രതിപക്ഷ ചര്‍ച്ച തുടരുകയാണ്.

Advertisment

അതേസമയം സര്‍ക്കാരിന് പണം കണ്ടെത്താനായി ഒരു താല്‍ക്കാലിക ബില്‍ ഇന്ന് സെനറ്റില്‍ അവതരിപ്പിക്കാനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനം. ട്രംപ് സര്‍ക്കാരിന്റെ കുടിയേറ്റ നയത്തില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷമായ ഡമോക്രാറ്റിക് പാര്‍ട്ടി സെനറ്റില്‍ സാമ്പത്തിക ബില്ലിനെതിരെ വോട്ട് ചെയ്തത്. എന്നാല്‍, ബില്‍ പാസാക്കാതെ ഈ വിഷയത്തില്‍ ഡമോക്രാറ്റുകളുമായി ചര്‍ച്ചയില്ലെന്ന നിലപാടിലാണു റിപ്പബ്ലിക്കന്‍ പാര്‍ട്ടി. സര്‍ക്കാര്‍ ജീവനക്കാരോട്് വീട്ടിലിരിക്കാനാണു നിര്‍ദേശം. പുതിയ ഫണ്ട് ലഭിക്കും വരെ ശമ്പളമില്ലാതെ ജോലിയെടുക്കാന്‍ ചില വിഭാഗങ്ങളോടു നിര്‍ദേശിച്ചിട്ടുണ്ട്. സൈനിക വിഭാഗങ്ങളെ പ്രതിസന്ധി ബാധിക്കില്ല.

publive-image

ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഇരു സഭകളിലും ഭൂരിപക്ഷം. എന്നാല്‍, ധനകാര്യ ബില്‍ പാസാകാന്‍ 60 അംഗങ്ങളുടെ പിന്തുണ വേണം. ശനിയാഴ്ച സെനറ്റില്‍ അഞ്ചു റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ബില്ലിനെതിരെ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് വോട്ട് ചെയ്തു; ഡമോക്രാറ്റിക് പാര്‍ട്ടിയിലെ നാലുപേര്‍ തിരിച്ചും. ബില്‍ വ്യാഴാഴ്ച ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. ഏഴു ലക്ഷത്തോളം വരുന്ന അനധികൃത യുവ കുടിയേറ്റക്കാര്‍ക്കു നല്‍കി വന്നിരുന്ന താല്‍ക്കാലിക നിയമസാധുത റദ്ദാക്കിയ ട്രംപിന്റെ നയത്തില്‍ പ്രതിഷേധിച്ചാണു ഡമോക്രാറ്റുകളുടെ നടപടി.

പ്രതിസന്ധി തുടരുകയാണെങ്കില്‍ സെനറ്റ് നിയമങ്ങള്‍ മാറ്റിയശേഷം ബില്‍ പാസാക്കാനാണ് ട്രംപിന്റെ നിര്‍ദേശം. 51% പിന്തുണ മതി എന്ന നിയമസാധ്യത ഉപയോഗിക്കണം. ‘ഡമോക്രാറ്റുകള്‍ക്കു വേണ്ടത് രാജ്യത്തേക്ക് അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്കാണ്’ ട്രംപ് ട്വീറ്റ് ചെയ്തു.

അതിനിടെ യുഎസ് സര്‍ക്കാരിന്റെ സാമ്പത്തിക സ്തംഭനം ഇന്ത്യയിലെ അമേരിക്കന്‍ സെന്ററുകളെയും ബാധിച്ചു. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ സെന്ററുകള്‍ അടച്ചു. എന്നാല്‍, യുഎസ് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരുമെന്നു അധികൃതര്‍ അറിയിച്ചു. വീസ അഭിമുഖത്തിനോ യുഎസ് പൗരത്വവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കോ സമയം അനുവദിച്ചിട്ടുണ്ടെങ്കില്‍ കൃത്യസമയത്തു കോണ്‍സുലേറ്റില്‍ ഹാജരാകണം.

us
Advertisment