സുശാന്ത് സിങ് രജ്പുതിന്റെ പ്രതിഫലമായ 17 കോടി രൂപ കാണാതായി? ഇ.ഡി അന്വേഷിക്കുന്നു

ഫിലിം ഡസ്ക്
Saturday, November 21, 2020

ഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ പ്രതിഫലമായ 17 കോടി രൂപ കാണാതായ സംഭവത്തില്‍ നിര്‍മാതാവ് ദിനേശ് വിജയനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു.

റബ്ത എന്ന സിനിമയുടെ പ്രതിഫലമാണ് 17 കോടിയെന്ന് ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സിനിമയുടെ ബജറ്റും സുശാന്തിന് പ്രതിഫലവും നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ ദിനേശിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഹംഗറിയില്‍ ചിത്രീകരിച്ച സിനിമയുടെ നിര്‍മാണ ചെലവ് അടക്കമുള്ള രേഖകള്‍ അദ്ദേഹം ഹാജരാക്കിയില്ലെന്ന് ഇ.ഡി വൃത്തങ്ങള്‍ പറയുന്നു.

തുടര്‍ന്ന് ദിനേശ് വിജയിയുടെ വീട്ടില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. അവിടെ നിന്ന് കിട്ടിയ രേഖ അനുസരിച്ച് 50 കോടി രൂപയാണ് ബജറ്റെന്നും സുശാന്തിന് 17 കോടി നല്‍കിയെന്നും ഹങ്കറിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നതായി വ്യക്തമായി. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടി രൂപ കാണാനില്ലെന്ന് പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇ.ഡി അന്വേഷണം തുടങ്ങിയത്.

കാമുകി റിയ ചക്രബര്‍ത്തിയാണ് പണം കൈക്കലാക്കിയതെന്ന് പിതാവ് ആരോപിച്ചിരുന്നു. എന്നാല്‍ 2016ലാണ് സുശാന്ത് ദിനേശ് വിജയ് നിര്‍മിച്ച ചിത്രത്തില്‍ അഭിനയിച്ചത്. റിയയുമായി അടുക്കുന്നത് 2018ലാണ്.

സുശാന്തിന് എവിടെ വെച്ച് എങ്ങനെയാണ് പ്രതിഫലം നല്‍കിയതെന്ന് ദിനേശ് വിജയ് വ്യക്തമാക്കിയിട്ടില്ല. ഇനി കൊടുത്തിട്ടുണ്ടെങ്കില്‍ തന്നെ പണം എവിടെ പോയെന്നും വ്യക്തമല്ല. ദിനേശിനോട് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയെങ്കിലും കോവിഡ് കാരണം എത്താനാവില്ലെന്ന് അറിയിച്ചു.

വിദേശത്ത് സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ മൊത്തം ബജറ്റിന്റെ 20 ശതമാനം അവിടങ്ങളിലെ സര്‍ക്കാരുകള്‍ നിര്‍മാതാവിന് മടക്കി നല്‍കാറുണ്ട്. സേവന ആനുകൂല്യം എന്നാണ് ഇതിനെ പറയുന്നത്. യൂറോപ്യന്‍രാജ്യങ്ങളാണ് ഇത് കൂടുതലായും നല്‍കുന്നത്.

ചില നിര്‍മാതാക്കള്‍ ബജറ്റ് തുക കൂട്ടിയിട്ട് സേവന ആനുകൂല്യം വാങ്ങാറുണ്ട്. ഇത് താരങ്ങളുടെ പ്രതിഫലമായി നല്‍കുകയോ അല്ലെങ്കില്‍ സ്വന്തം കീശയിലാക്കുകയോ ആണ് നിര്‍മാതാക്കള്‍ ചെയ്യുക. അല്ലെങ്കില്‍ ഹവാല ഇടപാട് വഴി ഇന്ത്യയില്‍ എത്തിക്കുമെന്നും ഇ.ഡി വൃത്തങ്ങള്‍ പറയുന്നു.

×