Advertisment

അന്ന് ഇടിവെട്ടുണ്ടായിടത്ത് ഇപ്പോള്‍ തീപിടുത്തം ഉണ്ടായെങ്കില്‍ അതന്വേഷിക്കുകതന്നെ വേണം. രണ്ടും സംഭവിച്ചത് സര്‍ക്കാരിലെ ഉന്നതര്‍ക്കെതിരായ തെളിവുകള്‍ ഉണ്ടെന്ന് സംശയിക്കുന്നിടത്താണ്. എന്‍ഐഎ അന്വേഷണമാണ് ഉചിതം / എഡിറ്റോറിയല്‍

New Update

publive-image

Advertisment

സെക്രട്ടറിയേറ്റിലെ സംശയാസ്പദമായ ഒരു സ്ഥലത്തുമാത്രം ഇടിമിന്നലുണ്ടാകുക, അതിനു പിന്നാലെ തീപിടുത്തം ഉണ്ടാകുക എന്നു പറഞ്ഞാല്‍ അത് അപ്പടി വിശ്വസിക്കാന്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും മന്ത്രി കെടി ജലീലും ആരോപണവിധേയരായി മാറിയ നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ അതീവ നിര്‍ണായകമായി മാറേണ്ട തെളിവുകള്‍ ഉണ്ടെന്ന് കരുതുന്ന സ്ഥലത്താണ് തുടര്‍ച്ചയായി ഈ അത്യാഹിതങ്ങള്‍.

സംസ്ഥാന സെക്രട്ടറിയേറ്റിലെ മറ്റൊരു ഭാഗത്തും 'ദൈവാനുഗ്രഹത്താല്‍' ഈ അത്യാഹിതങ്ങളില്ല.

സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതികളില്‍ ചിലര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും അദ്ദേഹത്തിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലും കയറി നിരങ്ങുകയായിരുന്നു എന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടത്.

അപ്പോള്‍ അത് ഇടിമിന്നലില്‍ നശിച്ചുവെന്നായിരുന്നു ആദ്യ മറുപടി. പിന്നാലെ മന്ത്രി കെടി ജലീലുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ കൂടി എന്‍ഐഎ ആരാഞ്ഞു - ഇപ്പോള്‍ തീപിടുത്തവുമുണ്ടായി.

ഇതെല്ലാം ആരെങ്കിലും മനപൂര്‍വ്വമായോ കരുതിക്കൂട്ടിയോ ചെയ്തതാണെന്ന് അന്വേഷണത്തില്‍ തെളിയുന്നതുവരെ ആരോപിക്കുന്നത് ശരിയല്ല. അത് അന്വേഷിക്കണം.

പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്‍റൈനില്‍ പോകാനിടയായ സാഹചര്യം മുതല്‍ അന്വേഷണം നടക്കണം.

അത് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെ ഏജന്‍സികളാകരുത്. പകരം സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎയുടെ അന്വേഷണത്തില്‍ ഈ തീപിടുത്തവും ഉള്‍പ്പെടുത്തണം.

എങ്കിലേ കത്തിയതാണോ അതോ മറ്റെന്തെങ്കിലും സാഹചര്യത്തിലാണോ തീപിടുത്തം എന്ന് വ്യക്തമാകുകയുള്ളു.

editorial
Advertisment