പരീക്ഷയെക്കുറിച്ചോര്‍ത്ത് ടെന്‍ഷനാണോ ? 

Wednesday, February 21, 2018

എത്ര സമയം എന്നതല്ല, എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം. കാര്യക്ഷമമായ ശൈലികള്‍ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ സ്വീകരിച്ചാൽ പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാം.

പഠനത്തിന് ഒരു ടൈംടേബിള്‍ ഉണ്ടാക്കണം. പരീക്ഷാതീയതി, വിഷയം, പരീക്ഷകള്‍ക്ക് ഇടയില്‍ കിട്ടുന്ന അകലം, വിഷയത്തിന്റെ കാഠിന്യം എന്നിവ നോക്കിവേണം ഇതു തയ്യാറാക്കാന്‍. ഏറ്റവും അവസാനം നടക്കുന്ന പരീക്ഷയുടെ വിഷയം ആദ്യം പഠിക്കണം. പഠിക്കാന്‍ ഇരിക്കുമ്പോള്‍ത്തന്നെ അവനവന്റെ കഴിവില്‍ ആത്മവിശ്വാസം ഉണ്ടാക്കണം. സ്വന്തം ശക്തികള്‍ തിരിച്ചറിയണം, ദൗര്‍ബല്യങ്ങളും. ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധവെച്ച് പരമാവധി മാര്‍ക്ക് വാങ്ങാന്‍ ശ്രമിക്കണം.

പഠിച്ച കാര്യങ്ങള്‍ എഴുതിനോക്കുന്നത് നല്ലതാണ്. കണക്കിലെ സൂത്രവാക്യങ്ങളും സയന്‍സിലെ ഡയഗ്രങ്ങളും എഴുതിനോക്കുകതന്നെ വേണം. നല്ല കാറ്റും വെളിച്ചവുമുള്ള മുറിയിലിരുന്നാവാം പഠനം. വേനല്‍ക്കാലത്ത് മരച്ചുവട്ടിലോ മറ്റോ ഇരുന്ന് പഠിക്കാം. സ്വീകരണമുറി, കിടപ്പുമുറി, ഊണുമുറി എന്നിവയിലിരുന്നുള്ള പഠനം ഒഴിവാക്കുക. നിവര്‍ന്നിരുന്ന് പഠിക്കുന്നതാണ് ഉത്തമം.

അരണ്ട പ്രകാശത്തില്‍ വായിക്കുന്നത് കണ്ണുകളെ എളുപ്പത്തില്‍ ക്ഷീണിപ്പിക്കും. തീവ്രമായ പ്രകാശത്തിന് അഭിമുഖമായി ഇരുന്ന് വായിക്കുന്നതും കണ്ണിന് നന്നല്ല. വായിക്കുമ്പോള്‍ പ്രകാശം വശങ്ങളില്‍നിന്നും ലഭിക്കത്തക്കവണ്ണം ഇരിപ്പിടം ക്രമീകരിക്കുന്നതാണ് നല്ലത്.

പഠിച്ച കാര്യങ്ങള്‍ അപ്പപ്പോള്‍ മനസ്സില്‍ ഉറപ്പിച്ച് മുന്നോട്ടു പോകുന്നതാണ് ഉത്തമം. അതിന് കുറച്ചു സമയം വായിച്ചശേഷം പുസ്തകം അടുച്ചുവയ്ക്കുക. എന്നിട്ട് വായിച്ച കാര്യങ്ങള്‍ ഓര്‍മിക്കാന്‍ ശ്രമിക്കുക. അപ്പോള്‍ ചില ഭാഗങ്ങള്‍ ഓര്‍മയില്‍ വരണമെന്നില്ല. ഉടന്‍തന്നെ പുസ്തകം നോക്കി ആ വിടവ് നികത്തുക. ഇങ്ങനെ ആവര്‍ത്തിക്കുന്നത്, പഠിച്ച ഭാഗങ്ങള്‍ മനസ്സില്‍ ഉറയ്ക്കാന്‍ സഹായിക്കും.

ഒറ്റയിരുപ്പില്‍ കുറേ പഠിക്കുന്നത് മുഷിപ്പുണ്ടാക്കും. പഠനത്തിന് ഇടവേള നല്‍കി, അല്പം നടക്കുന്നതും ഒരുപാട്ട് കേള്‍ക്കുന്നതുമൊക്കെ നല്ലതുതന്നെ. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇടവേളയ്ക്കു ദൈര്‍ഘ്യം കൂടരുത്.

×