Advertisment

പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

New Update

publive-image

Advertisment

ന്യൂഡൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ നിർണായക നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രവാസി ഇന്ത്യക്കാർക്ക് ഇലക്‌ട്രോണിക് പോസ്റ്റൽ വോട്ട് സംവിധാനം ഏർപ്പെടുത്താൻ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി.

കേരളത്തില്‍ അടക്കം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് നിയമസ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഇതിന് സാങ്കേതികമായും ഭരണപരമായും സജ്ജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര നിയമമന്ത്രാലയത്തെ അറിയിച്ചു. ഇതിന്‍റെ പ്രായോഗിക വശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു.

വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരന്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തു വന്ന് അഞ്ച് ദിവസത്തിനുള്ളില്‍ റിട്ടേണിങ് ഓഫീസറെ അറിയിക്കണം. തുടര്‍ന്ന് ബാലറ്റ് പേപ്പര്‍ ഇമെയില്‍ വഴി വോട്ടര്‍ക്ക് അയയ്ക്കും. ബാലറ്റ് പേപ്പറിന്‍റെ പ്രിന്‍റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്‍റെ സാക്ഷ്യ പത്രത്തോടൊപ്പം തിരികെ അയയ്ക്കാം.

പോസ്റ്റല്‍ വോട്ടുകള്‍ അതത് മണ്ഡലത്തില്‍ കൃത്യമായി എത്തുന്നുവെന്നതിന്‍റെ ഉത്തരവാദിത്വം ചീഫ് ഇലക്ട്രല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും. ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള മാര്‍ഗരേഖ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

നിലവിൽ പോസ്റ്റൽ വോട്ട് സർവീസ് വോട്ടർമാർക്ക് മാത്രമേയുളളൂ. ഇത് പ്രവാസി ഇന്ത്യക്കാർക്കും ബാധകമാക്കണമെങ്കിൽ കേന്ദ്ര സർക്കാർ 1961ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടു വരണം. ഇതിന് പാർലമെന്റിന്റെ അംഗീകാരം ആവശ്യമില്ല. 2014ൽ വ്യവസായിയും മലയാളിയുമായ ഡോ ഷംസീർ വയലിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതു താത്പര്യ ഹർജി ആണ് പ്രവാസി വോട്ട് യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.

Advertisment