Advertisment

ഉഴവൂരില്‍ മുമ്പ് ഭൂരിപക്ഷത്തില്‍ സംസ്ഥാന റെക്കോര്‍ഡ് സൃഷ്ടിച്ച അഡ്വ. ബിജു പുന്നത്താനം തന്നെയാണ് താരമെന്ന് യുഡിഎ‌ഫ് ! കേരള കോണ്‍ഗ്രസിന്‍റെ മുന്നണിമാറ്റത്തോടെ പിഎം മാത്യുവിന് ആശങ്കയുടെ ആവശ്യമേയില്ലെന്ന് ഇടതുപക്ഷം ! ഉടക്കും വഴക്കുമില്ലാതെ ഒറ്റക്കെട്ടായി മുന്നേറുന്ന ആശ്വാസത്തില്‍ യുഡിഎഫും പ്രതീക്ഷ കൈവിടാതെ ഇടതുപക്ഷവും പൊരുതുമ്പോള്‍ ഉഴവൂരിന്‍റെ തെരഞ്ഞെടുപ്പ് ചിത്രം ഇങ്ങനെ…

New Update

publive-image

Advertisment

കോട്ടയം: ഉഴവൂര്‍ എല്ലാക്കാലത്തും യുഡിഎഫിന്റെ ഉറച്ചകോട്ടകളിലൊന്നാണ് ജില്ലാ പഞ്ചായത്തില്‍. ഡിവിഷന്റെ യുഡിഎഫ് അനുകൂല സ്വഭാവം പക്ഷേ കേരളാ കോണ്‍ഗ്രസിന്റെ ബലത്തിലാണെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. എന്തായാലും ഈ അവകാശവാദങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ ഡിസംബര്‍ 16 വരെ കാത്തിരിക്കേണ്ടിവരും.

എന്തായാലും സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ യുഡിഎഫ് ഒരുപടി മുന്നിലെത്തി. നാട്ടുകാരോട് സംസാരിക്കുകയും നാട്ടുകാര്‍ക്ക് അടുത്തെത്താനും കഴിയുന്ന ഒരു സ്ഥാനാര്‍ഥിയെ പരിഗണിച്ചെന്ന് യുഡിഎഫ് പറയുമ്പോള്‍ ഇടത് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ തന്നെ അഭിപ്രായഭിന്നത ഉണ്ടായിരുന്നു.

ജനകീയ നേതാക്കളെ പരിഗണിച്ചില്ലെന്ന ഭിന്നതയ്ക്കൊടുവിലാണ് ഇടതിന്‍റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇടതു സ്ഥാനാര്‍ഥി പിഎം മാത്യു ഒട്ടും മോശക്കാരനല്ലെന്നും സമര്‍ഥനായ സ്ഥാനാര്‍ഥിയെന്നും ഇടതുപക്ഷം അഭിപ്രായപ്പെടുമ്പോള്‍ തങ്ങളുടെ സ്ഥാനാര്‍ഥി അഡ്വ. ബിജു പുന്നത്താനം വന്‍ വിജയം നേടുമെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം.

എന്തായാലും മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി മുന്നണിക്കുള്ളില്‍ പടയില്ല എന്നതുതന്നെയാണ് യുഡിഎഫിന് ആശ്വസിക്കാനാകുന്നത്. മാത്രമല്ല ജില്ലാ പഞ്ചായത്തിലേക്ക് 2010ല്‍ ഇതേ ഡിവിഷനില്‍ നിന്നും വിജയിച്ച ബിജു പുന്നത്താനം തന്നെയാണ് ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അന്നു സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന് വിജയിച്ച സ്ഥാനാര്‍ത്ഥിയും ബിജുവായിരുന്നു.

ഈ കണക്കുകളുടെ പിന്‍ബലത്തില്‍ തന്നെയാണ് യുഡിഎഫിന്റെ പ്രതീക്ഷകളും. ആദ്യ വിജയത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ബിജു അന്നു ചെയ്ത വികസനത്തിന്റെ ബലത്തിലാണ് വോട്ടു ചോദിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, രാമപുരം സഹകരണ ബാങ്ക് ഭരണസമിതിയംഗം തുടങ്ങിയ നിലകളിലും ബിജു പുന്നത്താനം പ്രവര്‍ത്തിച്ചിട്ടുണ്ട്.

എല്‍ഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗമാണ് ഉഴവൂരില്‍ മത്സരിക്കുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതു രംഗത്തേക്ക് കടന്നുവന്നയാളാണ് പിഎം മാത്യു. കേരളാ കോണ്‍ഗ്രസ് എം കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റായും മാത്യു പ്രവര്‍ത്തിച്ചിട്ടുണ്ട്.

ന്യൂനപക്ഷ മോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റായ ഡോ. ജോജി എബ്രഹാമാണ് ബിജെപി സ്ഥാനാര്‍ത്ഥി. പരമാവധി വോട്ടുകള്‍ നേടുക എന്നതാണ് ഇത്തവണ ശക്തമായ മത്സരത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

ഉഴവൂര്‍, മരങ്ങാട്ടുപ്പള്ളി, രാമപുരം, വെളിയന്നൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഉഴവൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍. മണ്ഡലത്തിന്റെ സ്വഭാവ ഘടനയനുസരിച്ച് കേരളാ കോണ്‍ഗ്രസുകള്‍ക്ക് നിര്‍ണായകമായ സ്വാധീനം ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ കേരളാ കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം ജയപരാജയങ്ങളെ സ്വാധീനിക്കുമോയെന്ന് കണ്ടറിയണം.

അതേസമയം തന്നെ കേരളാ കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തിന്റെ ഗുണദോഷങ്ങളും ഉഴവൂരില്‍ സ്വാധീനിക്കും. ജോസ് കെ മാണിയുടെ വരവ് സിപിഐക്ക് എതിര്‍പ്പുള്ള പശ്ചാത്തലത്തില്‍ വോട്ടുകള്‍ ഭിന്നിക്കുമോയെന്ന ഭയം ഇടതുമുന്നണിക്കുമുണ്ട്. മാത്രമല്ല, സ്ഥാനാര്‍ഥി മികവിന്‍റെ ഗുണം തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.

uzhavoor election
Advertisment