Advertisment

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള പുഴയില്‍ അകപ്പെട്ട ആനയ്ക്ക് പുതുജീവന്‍ നല്‍കി നാട്ടുകാരും ജീവനക്കാരും; മാതൃകാ പ്രവര്‍ത്തനത്തിന് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കൈയ്യടി

New Update

തൃശ്ശൂര്‍: മനുഷ്യ ജീവനെപോലെ മറ്റു ജീവികള്‍ക്കും വില ഉണ്ടെന്ന് തെളിയിച്ച് മാതൃകയായിരിക്കുകയാണ് അതിരപ്പിള്ളിയിലെ നാട്ടുകാരും വനപാലകരും കെഎസ്ഇബി ജീവനക്കാരും. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള ആനത്താരയില്‍പെട്ട പുഴയുടെ മധ്യത്തില്‍ കുടുങ്ങിയ കാട്ടാനയെ ഡാമിന്റെ ഷട്ടറുകള്‍ അടച്ചാണ് ഇവര്‍ രക്ഷപ്പെടുത്തിയത്.

Advertisment

publive-imageഎല്ലാ ജീവനും ഒരു പോലെ വിലപ്പെട്ടതാണെന്ന് സമൂഹത്തെ മനസ്സിലാക്കി കൊടുക്കുന്ന അതിരപ്പിള്ളിയിലെ ഈ പ്രവര്‍ത്തിക്ക് കൈയ്യടിക്കുകയാണ് സൈബര്‍ ലോകം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് രണ്ടു കിലോമീറ്റര്‍ മുകളിലാണ് ആന കുടുങ്ങിയത്. കരുതലോടെയുള്ള ഇടപെടലുകളാണ് ഈ കാട്ടാനയ്ക്ക് ജീവന്‍ തിരികെ നല്‍കിയത്.

ചാലക്കുടിപ്പുഴയില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് പുഴയിലൂടെ മറുകരയിലേക്ക് കടന്ന കാട്ടാന പുഴമധ്യത്തിലെ പാറപ്പുറത്ത് കുടുങ്ങുകയായിരുന്നു. അതിരപ്പിള്ളിക്കടുത്ത് ചാര്‍പ്പ വെള്ളച്ചാട്ടത്തിനും വാഴച്ചാലിലും മധ്യത്തിലുള്ള പുഴയിലാണ് ആന കുടുങ്ങിയത്. അതിശക്തമായ ഒഴുക്കായിരുന്നു ഈ പ്രദേശത്ത്.

ചാര്‍പ്പയ്ക്കു സമീപം മീന്‍പിടിക്കാന്‍ എത്തിയ ആദിവാസികളാണു പാറക്കെട്ടില്‍ അകപ്പെട്ട നിലയില്‍ ആനയെ കണ്ടത്. ആന വെള്ളത്തിലിറങ്ങാന്‍ ശ്രമിച്ചെങ്കിലും കുത്തൊഴുക്കും പാറയിലെ വഴുക്കലും ശ്രമം വിഫലമായി. ഇത് ആദിവാസികള്‍ തിരിച്ചറിഞ്ഞു.

ഇതോടെ വനപാലകരും കൂടുതല്‍ നാട്ടുകാരും സംഭവസ്ഥലത്തെത്തി. കരയില്‍ ആള്‍ക്കൂട്ടത്തെ കണ്ട് പുഴയിലൂടെ നീന്താന്‍ ശ്രമിച്ച ആന ഒഴുക്കില്‍പ്പെട്ടു. ഏറെ ശ്രമപ്പെട്ട് ആന വീണ്ടും പാറപ്പുറത്തേക്ക് തന്നെ കയറി. നീരൊഴുക്ക് ശക്തമായതിനാല്‍ നീന്തി മറുകരയിലെത്താന്‍ സാധിക്കില്ലെന്ന് വനപാലകര്‍ക്ക് മനസ്സിലായി. പുഴയിലെ ഒഴുക്കിന്റെ തീവ്രത കുറക്കുക മാത്രമായിരുന്നു കരകയറ്റാനുള്ള ഏകമാര്‍ഗം. മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരാനും ആന ഒഴുകിപ്പോകാനും സാധ്യതയുണ്ടായിരുന്നു.

തുടര്‍ന്നാണു കെഎസ്ഇബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു ഡാമിന്റെ ഷട്ടറുകള്‍ അടയ്ക്കുന്നതിനു നടപടി സ്വീകരിച്ചത്. ഡാം സേഫ്റ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ പി സുരേഷ് കുമാര്‍ ഇടപെട്ടു പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ അടച്ചു പുഴയിലേക്കുള്ള ഒഴുക്കു നിയന്ത്രിച്ചു. 40 മിനിറ്റിനുള്ളില്‍ റേഞ്ച് ഓഫിസര്‍ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം ആനയെ കാടുകയറ്റി. അതിനുശേഷം ഷട്ടറുകള്‍ വീണ്ടും തുറന്നു.

Advertisment