Advertisment

തൊഴിലാളികള്‍ക്ക് സന്തോഷ വാര്‍ത്ത ! ഇപിഎസ് പെന്‍ഷന്‍ 5000 രൂപയാക്കുമോ ? നാളെ അറിയാം. പിഎഫ് പലിശ നിരക്ക് വര്‍ധനവും പരിഗണനയിലെന്നു സൂചന.

New Update

publive-image

Advertisment

ന്യൂഡല്‍ഹി: എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് (ഇപിഎസ്) കീഴിലുള്ള മിനിമം പെന്‍ഷന്‍ തുക 5000 രൂപയായി വര്‍ധിപ്പിച്ചേക്കും. നിലവിലെ 1000 രൂപയില്‍ നിന്നാണ് അഞ്ചിരട്ടി വര്‍ധനവ് നടപ്പാക്കാന്‍ ആലോചിക്കുന്നത്. ഇതിനായുള്ള നിര്‍ണായക യോഗം നാളെ ചേരും.

തൊഴിലാളി സംഘടനകളുടെ നാളുകളായുള്ള ആവശ്യമാണ് മിനിമം പെന്‍ഷന്‍ വര്‍ധനവ്. പലകാരണങ്ങളാല്‍ ഇതു നടക്കാതെ വന്നതില്‍ സംഘടനകള്‍ക്ക് പ്രതിഷേധം ഉണ്ടായിരുന്നു. വര്‍ധനവുണ്ടായാല്‍ 18 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇപിഎഫ്ഒ) ചേരുന്നവരെല്ലാം എംപ്ലോയീ പെന്‍ഷന്‍ സ്‌കീമിന്റേയും വരിക്കാരാണ്. എല്ലാമാസവും ഒരു വ്യക്തിയുടെ ശമ്പളത്തിന്റെ 12 ശതമാനം ഇപിഎഫിലേക്ക് പോകുന്നുണ്ട്. ഈ വിഹിതത്തില്‍ 3.67 ശതമാനം ഇപിഎഫ്, 8.33 ശതമാനം ഇപിഎസ്, 0.5 ശതമാനം ഇഡിഎല്‍ഐ എന്നിങ്ങനെ വിഭജിച്ചാണ് നിക്ഷേപിക്കുന്നത്.

നാളെത്തെ യോഗത്തില്‍ ഇപിഎഫ്ഒയുടെ കീഴിലുള്ള 10 ട്രില്യണ്‍ പെന്‍ഷന്‍ ഫണ്ടിന്റെ നിക്ഷേപവും വിനിയോഗവും ചര്‍ച്ചയാകും. കഴിഞ്ഞ മാസം രൂപീകരിച്ച ലേബര്‍ പാനല്‍ സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇഫിഎഫ്ഒ കൂടുതല്‍ പ്രയോജനകരമാകുന്നതെങ്ങനെയെന്നും ചര്‍ച്ച ചെയ്യും. കോവിഡ് കാലത്തെ പ്രോവിഡന്റ് ഫണ്ടിന്റെ പ്രവര്‍ത്തനവും പാനല്‍ വിലയിരുത്തും.

പി എഫ് പലിശ നിരക്ക് 8.5% ആയി നിലനിര്‍ത്താനും അതു 2 തവണകളായി നല്‍കാനും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ട്രസ്റ്റി ബോര്‍ഡ് യോഗം നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഏഴു സാമ്പത്തിക വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

കോവിഡ് കാരണമുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വര്‍ധനവുണ്ടാകാതിരുന്നത്. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പലിശ നിരക്കില്‍ കാര്യമായ മാറ്റം വേണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഡിസംബറിലോ, ജനുവരിയിലോ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

നാളെത്തെ യോഗത്തിന്റെ നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സമര്‍പ്പിക്കും. മറ്റ് രാജ്യങ്ങളിലെ സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി നടപ്പാക്കിയ പദ്ധതികളും അവയുടെ വിശദാംശങ്ങളും സമിതി തൊഴില്‍ മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. അതും ചര്‍ച്ചയാകും.

Advertisment