Advertisment

ഒരു തുമ്പുമില്ലാതെ പോലീസിനെ വലച്ച കള്ളനെ ഒടുവില്‍ കുടുക്കിയത് കാലിലെ മുടന്ത്!

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

എഴുകോണ്‍ : കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി കവര്‍ച്ച നടത്തിയ മോഷ്ടാവിനെ ഒടുവില്‍ പോലീസ് വലയിലാക്കി. എഴുകോണ്‍ പോലീസും റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘാംഗങ്ങളും ചേര്‍ന്നാണ് കള്ളനെ പിടികൂടിയത്. കരിക്കോട് ടികെഎം കോളേജിന് സമീപം രജിതാ ഭവനില്‍ വിനോജ്കുമാര്‍ (മധു-44) ആണ് പെരുമ്പുഴയിലുള്ള വാടകവീട്ടില്‍നിന്ന് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടുമാസമായി എഴുകോണ്‍, നെടുമണ്‍കാവ്, കുഴിമതിക്കാട്, കുണ്ടറ, കണ്ണനല്ലൂര്‍ എന്നിവിടങ്ങളിലെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലും ഇയാള്‍ മോഷണം നടത്തിയിരുന്നു. കുഴിമതിക്കാട് ധന്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 1,40,000 രൂപയും നെടുമണ്‍കാവ് ഫാഷന്‍ ലാന്‍ഡില്‍നിന്ന് 70,000 രൂപയും കവര്‍ന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.

Advertisment

publive-image

ഇതിനു പുറമേ കുഴിമതിക്കാട് മൈത്രി കംപ്യൂട്ടര്‍ സെന്റര്‍, നെടുമണ്‍കാവ് ഓണമ്പള്ളില്‍ ഓട്ടോമൊബൈല്‍സ്, വിദ്യാധരന്‍ ടെക്സ്റ്റയില്‍സ്, നിക്കോണ്‍ ഫര്‍ണിച്ചര്‍ മാര്‍ട്ട് എന്നിവിടങ്ങളില്‍ പൂട്ടുപൊളിച്ച് മോഷണശ്രമവും നടത്തി. നേരത്തേ കുഴിമതിക്കാട്ടുള്ള മോഹനന്‍ നായരുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച എടിഎം കാര്‍ഡുപയോഗിച്ച് പെരുമ്പുഴയിലുള്ള എടിഎമ്മില്‍നിന്ന് നാലായിരം രൂപയും അപഹരിച്ചിരുന്നു. എഴുകോണില്‍ കെഎസ്എഫ്ഇ, പ്രസന്ന ഹോം അപ്ലയന്‍സസ്, കാര്‍ത്തിക മൊബൈല്‍സ്, ഗ്രാന്‍ഡ് ബേക്കറി എന്നിവിടങ്ങളിലാണ് മോഷണശ്രമം നടത്തിയത്. കുണ്ടറയിലെ സബ് രജിസ്ട്രാര്‍ ഓഫീസ്, കെഎസ്എഫ്ഇ, പള്ളിമുക്കിലെ പോപ്പുലര്‍ ഫിനാന്‍സ്, ആശുപത്രിമുക്കിലെ നിക്കോണ്‍ ഫര്‍ണിച്ചര്‍ എന്നിവിടങ്ങളിലും കവര്‍ച്ചാശ്രമം നടന്നു. പെരുമ്പുഴ ധന്യ സൂപ്പര്‍ മാര്‍ക്കറ്റ്, കണ്ണനല്ലൂര്‍ കെഎന്‍ ഫ്രഷ് മാര്‍ട്ട് എന്നിവ ഉള്‍പ്പെടെ സമീപത്തെ എട്ടോളം സ്ഥാപനങ്ങളില്‍ സമാനരീതിയില്‍ മോഷണം നടന്നിരുന്നു. ഷട്ടര്‍ ക്ലിപ്പുകളും പൂട്ടും അറുത്തുമാറ്റിയാണ് സ്ഥാപനങ്ങളില്‍ കടന്നിരുന്നത്.

കുടുക്കിയത് മുടന്തിയുള്ള നടത്തം രണ്ടുമാസത്തോളം നിരന്തര മോഷണം നടത്തിയ വിനോജ് കുമാറിലേക്ക് അന്വേഷണം എത്താന്‍ ഇടയാക്കിയത് ഇയാളുടെ നടത്തത്തിലെ വൈകല്യം. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തൂവാലകൊണ്ട് മുഖം മറച്ചും തൊപ്പി ധരിച്ചുമുള്ള ഇയാളുടെ ചിത്രം ലഭിച്ചെങ്കിലും തിരിച്ചറിയുന്നത് ശ്രമകരമായിരുന്നു. നടക്കുമ്പോള്‍ ചെറിയ മുടന്തുള്ളതു മാത്രമായിരുന്നു ഏക പിടിവള്ളി. സമാനരീതിയില്‍ കവര്‍ച്ച നടത്തുന്നവരുടെ പട്ടിക റൂറല്‍ എസ്പി ബി അശോകന്റെയും ഡിവൈഎസ്പി ജെ ജേക്കബിന്റെയും മേല്‍നോട്ടത്തില്‍ തയ്യാറാക്കിയിരുന്നു. ഷാഡോ പോലീസിനൊപ്പം എഴുകോണ്‍, കുണ്ടറ, പൂയപ്പള്ളി എന്നീ സ്റ്റേഷനുകളില്‍നിന്നുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡും രൂപവത്കരിച്ചു. തുടര്‍ന്ന് നിരവധി കേസുകളിലെ ജയില്‍വാസത്തിനുശേഷം മേയ് 22-ന് പുറത്തിറങ്ങിയ വിനോജിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു. നിരന്തര നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇയാളെ വലയിലാക്കിയത്. ഇയാളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു.

എഴുകോണ്‍ എസ്ഐ സി ബാബു കുറുപ്പ്, ഷാഡോ എസ്‌ഐ എസ് ബിനോജ്, അംഗങ്ങളായ എസി ഷാജഹാന്‍, കെ ശിവശങ്കരപ്പിള്ള, ബി അജയകുമാര്‍, ആഷീര്‍ കോഹൂര്‍, കെകെ രാധാകൃഷ്ണപിള്ള, സിഎസ്ബിനു, എഴുകോണ്‍ അഡീഷണല്‍ എസ്‌ഐ രവികുമാര്‍, ചന്ദ്രബാബു എസ്, സിപിഒമാരായ ദിലീപ്, അനീഷ് എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.

Advertisment