Advertisment

റഫേല്‍ വിമാന ഇടപാട്: മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; ‘മോദി രാജ്യത്തിന്റെയല്ല, കോടീശ്വരന്മാരുടെ പ്രധാനമന്ത്രി’

New Update

Image result for modi rahul

Advertisment

റഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയുമായി സംവാദത്തിന് തയാറാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യയില്‍ നിന്നും നിര്‍മിക്കുന്നതുള്‍പ്പെടെ 126 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനായിരുന്നു കരാര്‍. എന്നാല്‍ പിന്നീട് ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ 2016 സെപ്റ്റംബര്‍ 23ന് കരാറിലെത്തിയിരുന്നു. ഇത് യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെക്കാളും കൂടിയ തുകക്കാണെന്നും റിലയന്‍സ് ഈ കരാറിലൂടെ വന്‍ നേട്ടമുണ്ടാക്കിയെന്നും കോണ്‍ഗ്രസ് നിരന്തരം ആരോപിക്കുന്നുണ്ട്. ഇതിനിടയിലാണ് മോദിയെ സംവാദത്തിന് രാഹുല്‍ വെല്ലുവിളിച്ചത്.

രാജ്യത്തെ നികുതിദായകരുടെ പണം റഫേല്‍ ഇടപാട് കടലാസ് കമ്പനിയുണ്ടാക്കി കൈക്കലാക്കിയ പ്രധാനമന്ത്രിയുടെ സുഹൃത്തിന് നല്‍കുകയാണെന്നും മോദിക്കെതിരേ രാഹുല്‍ ആഞ്ഞടിച്ചു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയല്ല. രാജ്യത്തെ 15 ശതകോടീശ്വരന്മാരുടെ പ്രധാനമന്ത്രിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി 58,000 കോടി രൂപയാണ് ചെലവഴിച്ചതെന്നാണ് കണക്കുകള്‍. അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫെന്‍സ് എന്ന കമ്പനിയുമായി കൂടിചേര്‍ന്നാണ് ഈ സാമ്പത്തിക ഇടപാട് നടത്തുന്നത്. കഴിഞ്ഞ ഏപ്രില്‍ 10 ന് ഫ്രാന്‍സില്‍ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി റഫേല്‍ കരാറില്‍ ഒപ്പുവെച്ചത്. പ്രതിരോധ മന്ത്രിപോലും അറിയാതെയായിരുന്നു അദ്ദേഹത്തിന്റെ ഈ തീരുമാനവും പ്രഖ്യാപനവും എന്നും പ്രഖ്യാപനം നടത്തുമ്പോള്‍ അനില്‍ അംബാനി ഫ്രാന്‍സില്‍ മോദിക്കൊപ്പമുണ്ടായിരുന്നു എന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. കരാര്‍ പ്രകാരം മുപ്പതിനായിരം കോടി രൂപയുടെ നേട്ടമാണ് റിലയന്‍സ് കമ്പനിക്ക് ഉണ്ടായിട്ടുള്ളത് എന്നും പൊതു ഖജനാവിന് വന്‍ നഷ്ടമാണ് ബി ജെ പി സര്‍ക്കാര്‍ വരുത്തിവെച്ചിരിക്കുന്നത് എന്നും കോണ്‍ഗ്രസ് വക്താവായ രണ്‍ദീപ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Advertisment