Advertisment

ഗുജറാത്ത് കലാപ കാലത്ത് മോഡി സര്‍ക്കാര്‍ നിശ്ശബ്ദ കാഴ്ചക്കാരന്റെ വേഷമണിഞ്ഞു; പഠനസഹായിയിലെ പരാമര്‍ശത്തിനെതിരെ കേസ്

New Update

ഗുജറാത്ത്: 2002 നടന്ന ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ പങ്കിനെക്കുറിച്ചുള്ള പരാമര്‍ശത്തിന് ആസാമീസ് പഠന സഹായിയുടെ രചയിതാക്കള്‍ക്കെതിരെ കേസ്. വിദ്യാര്‍ത്ഥികളില്‍ പ്രധാനമന്ത്രിയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ് പുസ്തകമെന്നാണ് സോമിത്ര ഗോസ്വാമി, മനബ് ജ്യോതി ബോറ എന്നിവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പുസ്തകം നിരോധിക്കുകയോ മാര്‍ക്കറ്റില്‍ നിന്ന് നീക്കം ചെയ്യുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.

Advertisment

കലാപ കാലത്ത് മോഡിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ 'നിശ്ശബ്ദ കാഴ്ചക്കാരന്റെ' വേഷമണിഞ്ഞുവെന്നായിരുന്നു പഠന സഹായിയിലെ പരാമര്‍ശം. എന്നാല്‍ വരാന്‍ പോകുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ് പരാമര്‍ശമെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ പുസ്തകത്തിന്റെ രചയിതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

publive-image

സെപ്തംബര്‍ 15 ന് ഗോലാഘാട്ട് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് ഉടന്‍ പുസ്തകത്തിന്റെ പ്രസാധകരായ അസാം ബുക്ക് ഡിപ്പോട്ട് സ്ഥിതി ചെയ്യുന്ന ഗുവാഹത്തിയിലേക്ക് മാറ്റും. ഐപിസി സെക്ഷന്‍ 153 എ (മതവും വര്‍ഗവും അടിസ്ഥാനമാക്കി വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ശത്രുത പ്രോത്സാഹിപ്പിക്കുക), സെക്ഷന്‍ 505 (ഏതെങ്കിലും സമുദായത്തെ തെറ്റായ രീതിയില്‍ ഉത്തേജിപ്പിക്കുന്ന പ്രസിദ്ധീകരണം നടത്തുക), സെക്ഷന്‍ 34 (ഒരു പൊതു ഉദ്ദേശത്തോടുകൂടി നിരവധി വ്യക്തികള്‍ ചേര്‍ന്ന് കുറ്റകൃത്യം നടത്തുക) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

''കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്‌ലിങ്ങളായിരുന്നു. ശ്രദ്ധേയമായ കാര്യം, അക്രമസമയത്ത് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഒരു നിശ്ശബ്ദ കാഴ്ചക്കാരനായിരുന്നു എന്നതാണ്. കൂടാതെ ഭരണകൂടം ഹിന്ദുക്കളെ സഹായിച്ചിരുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.'' പാഠഭാഗത്തില്‍ പറയുന്നു.

നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസേര്‍ച്ച് ആന്റ് ട്രെയിനിംഗും ആസാം ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷണല്‍ കൗണ്‍സിലും നിര്‍ദേശിച്ച പാഠ്യപദ്ധതി അനുസരിച്ച് രചിച്ച പഠനസഹായി 2011 മുതല്‍ തന്നെ പ്രചാരത്തിലുള്ളതാണ്. പുസ്തകത്തിന്റെ രചയിതാക്കളായ ദുര്‍ഗകാന്ത ശര്‍മ്മ, റഫീഖ് സമാന്‍, മനാഷ് പ്രതിം ബറുവ എന്നിവരെല്ലാം പ്രഗത്ഭരായ അധ്യാപകരാണ്. രണ്ട് വ്യത്യസ്ത കോളേജുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പുകളുടെ തലവന്‍മാരായി വിരമിച്ചവരാണ് ശര്‍മ്മയും സാമും. ഗുവാഹത്തിക്കടുത്തുള്ള ഒരു കോളേജിന്റെ ചുമതലയുള്ള വ്യക്തിയാണ് ബറുവ.

പുസ്തകത്തിലെ 376ആം പേജിലെ ' ധകോച്ച് കത്തിച്ച സംഭവത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 57 പേരാണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ മുസ്‌ലിങ്ങളാണെന്ന സംശയം മൂലം അടുത്ത ദിവസം ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിങ്ങള്‍ നിഷ്‌കരുണം ആക്രമിക്കപ്പെട്ടു. ഒരു മാസത്തിലധികം ഈ സംഘര്‍ഷം തുടര്‍ന്നു. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. ശ്രദ്ധേയമായ കാര്യം, അക്രമസമയത്ത് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഒരു നിശ്ശബ്ദ കാഴ്ചക്കാരനായിരുന്നു എന്നതാണ്. കൂടാതെ, ഭരണകൂടം ഹിന്ദുക്കളെ സഹായിച്ചിരുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.' പാഠഭാഗത്തില്‍ പറയുന്നു. ഇതാണ് പരാതിക്ക് കാരണമായിരിക്കുന്നത്.

ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശമില്ലെന്നും, മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്നും അസം ബുക്ക് ഡിപ്പോ പാര്‍ട്ണറായ കൌസ്തവ് ഗുഹ അറിയിച്ചിട്ടുണ്ട്. പൊതു ഇടത്തില്‍ ഇല്ലാത്തതായ, ഒന്നും ഞങ്ങള്‍ എഴുതിയിട്ടില്ല. ഗുജറാത്ത് കലാപത്തെക്കുറിച്ച് സമാനമായ ഉള്ളടക്കമുള്ള വേറെയും നിരവധി പുസ്തകങ്ങളുണ്ട്. എന്നാല്‍ അവര്‍ എന്തിനാണ് ഞങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നതെന്ന് മനസിലാകുന്നില്ല.' പുസ്തകത്തിന്റെ രചയിതാക്കളില്‍ ഒരാള്‍ പറയുന്നു.

Advertisment