Advertisment

വാള്‍മാര്‍ട്ട് ഇന്ത്യയെ ഫ്‌ളിപ്പ്കാര്‍ട്ട് സ്വന്തമാക്കി; മൊത്തവ്യാപാര ശേഷി വര്‍ധിപ്പിക്കുക ലക്ഷ്യം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: വാള്‍മാര്‍ട്ട് ഇന്ത്യയുടെ നൂറു ശതമാനവും ഏറ്റെടുത്തതായി ഫ്‌ളിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചു. കമ്പനിയുടെ മൊത്തവ്യാപാര ശേഷി വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ കിരാന റീട്ടെയില്‍ ഇക്കോസിസ്റ്റത്തെ സ്വാധീനിക്കുന്നതിനായി 'ഫ്‌ളിപ്പ്കാര്‍ട്ട് വോള്‍സെയില്‍' ആരംഭിച്ചതുമായി ബന്ധപ്പെട്ടാണ് നിലവിലെ നീക്കം.

ഇതിന്റെ പ്രവര്‍ത്തനം ഓഗസ്‌റ്റോടെ ആരംഭിക്കും. പലച്ചരക്ക്, ഫാഷന്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഇതിനോടൊപ്പം ഉണ്ടായിരിക്കും. ഫ്‌ളിപ്പ്കാര്‍ട്ടിലെ തന്നെ പ്രമുഖനായ ആദര്‍ശ് മേനോന്‍ ഇതിന് നേതൃത്വം നല്‍കും.

ഫ്‌ളിപ്പ്കാര്‍ട്ടിനെ നിയന്ത്രിക്കുന്ന അമേരിക്കന്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ ഇന്ത്യയിലെ ബിസിനസ് ഇതോടെ ഏകീകരിക്കപ്പെടുകയാണ്. മികച്ച പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വാള്‍മാര്‍ട്ട് ഇന്ത്യയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സമീര്‍ അഗര്‍വാള്‍ തത്കാലം കമ്പനിക്കൊപ്പം തുടരും. പിന്നീട് കമ്പനിയിലെ തന്നെ മറ്റൊരു ചുമതലയിലേക്ക് ഇദ്ദേഹം മാറും.

ഒരു ദശാബ്ദത്തിലേറെയായി തങ്ങള്‍ കിരാനകളെയും എംഎസ്എംഇകളെയും ചെറുകിട കര്‍ഷകരെയും പിന്തുണച്ച് ഇന്ത്യയുടെ അഭിവൃദ്ധിക്കായി പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുകയാണെന്ന് വാള്‍മാര്‍ട്ട് ഇന്റര്‍നാഷണല്‍ സിഇഒ ആയ ജൂഡിത് മക്കെന്ന പ്രസ്താവനയില്‍ പറഞ്ഞു. ഫ്‌ളിപ്പ്കാര്‍ട്ട് വോള്‍സെയില്‍ ആരംഭിക്കുന്നതോടെ വലിയ ഒരു ചുവടുവയ്പ്പിനാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

എംഎസ്എംഇകളും കിരാനകളുമാണ് ഇന്ത്യന്‍ റീട്ടെയില്‍ എക്കോസിസ്റ്റത്തിന്റെ കേന്ദ്രം. ഇതിന് സാങ്കേതിക വിദ്യയിലൂടെയും മറ്റും ആവശ്യമായ സഹായം നല്‍കുകയാണ് ഫ്‌ളിപ്പ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. കൂടാതെ എളുപ്പത്തിലുള്ള ക്രെഡിറ്റ് ഓപ്ഷനുകളും പുതിയ വരുമാനമുണ്ടാക്കാനുള്ള അവസരങ്ങളും എംഎസ്എംഇകള്‍ക്ക് ലഭിക്കുമെന്നും ഇത് വളര്‍ച്ചയെ ഉത്തേജിപ്പിക്കുമെന്നും കമ്പനിയുടെ ഇ-കൊമേഴ്‌സ് മാനേജര്‍ പറഞ്ഞു.

വാള്‍മാര്‍ട്ട് ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും നേടിയതിലൂടെ കിരാനകളുടെയും എംഎസ്എംഇകളുടെയും ആവശ്യങ്ങള്‍ മനസിലാക്കാനും പരിഹരിക്കാനും തങ്ങള്‍ക്ക് സാധിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

Advertisment