Advertisment

മിഗ് യുദ്ധവിമാനം പറപ്പിച്ച് അവനി പറന്നു കയറിയത് ചരിത്രത്തിലേക്ക് ! സൂപ്പര്‍സോണിക് യുദ്ധവിമാനം പറപ്പിച്ച ആദ്യ ഇന്ത്യന്‍ വനിത

New Update

യുദ്ധവിമാനം പറപ്പിക്കുക എന്നതു തന്നെ ശ്രമകരമായിരിക്കേ ഒരു സൂപ്പര്‍സോണിക് വിമാനം ഒറ്റയ്ക്ക് പറത്തുക ചില്ലറക്കാര്യമല്ല. അവനി ചതുര്‍വേദിയെന്ന മധ്യപ്രദേശുകാരി പറന്നു കയറിയത് ആ സ്വപ്‌നസമാനമായ നേട്ടത്തിലേക്കാണ്. സൂപ്പര്‍ സോണിക് വിമാനം പറത്തിയ ഇന്ത്യയിലെ ആദ്യ വനിതയാണ് ഈ സുന്ദരി. മധ്യപ്രദേശിലെ റേവയിലെ ദേവ്‌ലോണ്ടെന്ന ഗ്രാമത്തില്‍നിന്ന് വരുന്ന അവനി തന്റെ സ്വപ്‌നങ്ങളില്‍പ്പോലും ഇത്തരമൊരു നേട്ടമുണ്ടായിരുന്നില്ലെന്ന് പറയുന്നു.

Advertisment

publive-image

ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍ പരിശീലനം കിട്ടിയ ആദ്യത്തെ വനിതാ പൈലറ്റ് സംഘത്തിലംഗമാണ് അവനി. ഇന്ത്യന്‍ സേനയിലെ പുരുഷമേല്‍ക്കോയ്മയ്ക്ക് അറുതി വരുത്തിക്കൊണ്ട് ജാംനഗര്‍ വ്യോമതാവളത്തില്‍നിന്നാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മിഗ്21 വിമാനവുമായി അവനി പറന്നുയര്‍ന്നത്. അരമണിക്കൂറോളം നേരം വിമാനം പറപ്പിച്ചശേഷം അവനി വിജയകരമായി ലാന്‍ഡ് ചെയ്തു.അവനിയുടെ നേട്ടത്തില്‍ അത്യധികം ആഹ്ലാദിക്കുന്നതായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ പറഞ്ഞു. വനിതാ ഓഫീസര്‍മാര്‍ക്കും സേനയില്‍ തുല്യ പങ്കാളിത്തം നല്‍കുന്ന കാര്യത്തില്‍ വ്യോമസേന പ്രതിജ്ഞാബദ്ധമാണെന്നും അതിലേക്കുള്ള വലിയൊരു ചുവടുവെയ്പ്പാണ് അവനിയിലൂടെ സഫലമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധവിമാനങ്ങള്‍ പറത്തുന്നതില്‍ വിദഗ്ധയാവുകയാണ് തന്റെ ലക്ഷ്യമെന്ന് അവനി മുമ്പേ തന്നെ വ്യക്തമാക്കിയിരുന്നു. സേനയിലെ ഏറ്റവും മികച്ച യുദ്ധവിമാനം പറത്തുകയാണ് ലക്ഷ്യം. സീനിയേഴ്‌സില്‍നിന്നും അതിനുള്ള പാഠമാണ് ഓരോ ദിവസവും താനുള്‍ക്കൊള്ളുന്നതെന്നും അവനി പറഞ്ഞു. ഭാവനാ കാന്ത, മോഹന സിങ് എന്നിവരാണ് അവനിക്കൊപ്പം പരിശീലനം നേടിയ സംഘത്തിലെ മറ്റുള്ളവര്‍. ഇവരുടെ ഏകാംഗ ദൗത്യം വരും ദിവസങ്ങളില്‍ നടക്കുമെന്ന് സേനാ അധികൃതര്‍ വ്യക്തമാക്കി.

ടേക്ഓഫിലും ലാന്‍ഡിംഗിലും ഏറ്റവും കൂടുതല്‍ വേഗമുള്ള യുദ്ധവിമാനമാണ് മിഗ്21. പഴക്കമേറിയ ഈ സൂപ്പര്‍ സോണിക് വിമാനത്തിന് ലാന്‍ഡിംഗ്, ടേക്ക് ഓഫ് ഘട്ടങ്ങളില്‍ മണിക്കൂറില്‍ 340 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാനാവും. 2016 ജൂണിലാണ് അവനി വ്യോമസേനയില്‍ കമ്മിഷന്‍ഡ് ഓഫീസറായി ചേര്‍ന്നത്. കൂടുതല്‍ പരിശീലനം നല്‍കിയശേഷമാകും യുദ്ധസമാനമായ സാഹചര്യങ്ങളില്‍ വിമാനം പറത്തുന്നതിനായി അവനിയെയും മറ്റ് വനിതാ വൈമാനികരെയും നിയോഗിക്കുക.

Advertisment