Advertisment

ഫൊക്കാനയെ സംരക്ഷിക്കേണ്ടത് പ്രവാസി സമൂഹത്തിന്റെ അഭ്യുന്നതിക്ക് ആവശ്യം: ഫൊക്കാന ജനറൽ സെക്രട്ടറി ടോമി കൊക്കാട്ട്

New Update

publive-image

Advertisment

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ അന്തർദേശീയ സംഘടനയായ ഫൊക്കാനയെ സംരക്ഷിക്കേണ്ടതും നിലനിർത്തേണ്ടതും പ്രവാസി സമൂഹത്തിന്റെ അഭ്യുന്നതിക്ക് അനിവാര്യമാണെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ടോമി കൊക്കാട്ട് പ്രസ്താവനയിൽ അറിയിച്ചു.

ക്ഷേമ- ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും നിരന്തര സാംസ്കാരിക സംഭാവനകളിലൂടെയും പ്രവാസികൾക്കിടയിലെ മാതൃകാ സംഘടനയായി മാറിയ ഫൊക്കാനയെയും അതിന്റെ ഭാരവാഹികളെയും മതിപ്പോടെയാണ് പൊതുജനം വീക്ഷിക്കുന്നത്.

നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെ ഫൊക്കാനയുടെ ലക്ഷ്യബോധമുള്ള നേതൃത്വം സമ്പാദിച്ച സൽപേരിലും യശ്ശസിലും അസൂയ മൂത്ത ചില സാമൂഹ്യ വിരുദ്ധശക്തികൾ സംഘടനയെ തകർക്കാൻ നിരന്തരം ശ്രമിച്ചു വരികയാണ്.

സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലും സാമ്പത്തിക ക്രമക്കേടുകൾ കാട്ടിയതിനെ തുടർന്നും പുറത്താക്കിയിട്ടുള്ള ഈ പ്രതിലോമ വ്യക്തിത്വങ്ങളാണ് ഇപ്പോൾ ഫൊക്കാനയെ തകർക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ഇവരുടെ കുത്സിത നീക്കം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫൊക്കാനയുടെ ഔദ്യോഗിക നേതൃത്വം പൊതു സമൂഹത്തിന് ജാഗ്രത നിർദേശം നൽകുകയും നിയമ നടപടികൾ കൈക്കൊള്ളുകയും ചെയ്തിട്ടുള്ളതാണ്.

എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ സംഘടനയെ അപകീർത്തിപ്പെടുത്താനും അസ്ഥിരപ്പെടുത്താനും നിരന്തരം ഇവർ ശ്രമിക്കുകയാണ്. സംഘടനയുടെ പേരും പ്രശസ്തിയും സ്വാർത്ഥ താല്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണ്.

ഫൊക്കാനയുടെ പേരിൽ അനധികൃത യോഗം വിളിച്ച് പൊതുജനങ്ങളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിച്ച് സ്വയം ഭാരവാഹികൾ ചമയുന്നവർ വ്യാജ പ്രസ്താവം നടത്തുകയാണ്. തല്പരകക്ഷികളുടെ പ്രവർത്തനങ്ങൾ അധികൃതമാണെന്ന് കണ്ടെത്തിയ കോടതി ഇവർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതുമാണ്.

ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയോ ഔദ്യോഗിക ഭാരവാഹികളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്ന്

ന്യൂയോർക്ക് ക്വീന്‍സ് സുപ്രീം കോടതി തല്പരകക്ഷികൾക്ക് മുന്നറിയിപ്പ് നൽകായിട്ടുണ്ട്.

അംഗങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് ഇവർ നടത്തിയ തെരഞ്ഞെടുപ്പ് അനധികൃതമാണെന്ന് കോടതി നിരീക്ഷിക്കുകയും തിരഞ്ഞെടുപ്പ് അസാധുവാക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് 12-ന് പുറപ്പെടുവിച്ച കോടതി ഉത്തരവ് (കേസ് നമ്പർ 71 2736/20) പ്രകാരം എല്ലാവിധ സംഘടന വിരുദ്ധ പ്രവർത്തനങ്ങളും വിലക്കിയിട്ടുളള തുമാണ്.

കോടതി ഉത്തരവുകളെ ധിക്കരിച്ചും കോടതിയലക്ഷ്യ പ്രവർത്തനങ്ങൾ നടത്തിയും ഇവർ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുകമാത്രമല്ല, നിയമാനുസൃതം ജീവിക്കുന്ന പ്രവാസി സമൂഹത്തിനുതന്നെ അപമാനം വരുത്തിവയ്ക്കുകയാണ്.

പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഔദ്യോഗിക നേതൃത്വം ആ പദവികളിൽ എത്തിയിട്ടുള്ളത് സംഘടനയുടെ ഭരണഘടനാനുസൃതമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ്. പൊതു സമ്മതിയോടെ പദവികളിലെത്താൻ ത്രാണിയില്ലാത്തവരാണ് പ്രവാസി സമൂഹത്തിന്റെയും നാടിന്റെയും ക്ഷേമത്തിനായി നിലകൊള്ളുന്ന സാംസ്കാരിക പ്രസ്ഥാനമായ ഫൊക്കാനയെ ഇരുട്ടിന്റെ മറവിൽ തകർക്കാൻ യത്നിക്കുന്നത്.

അന്തിമ വിജയം എപ്പോഴും സത്യത്തിനായതിനാൽ ഫൊക്കാനയുടെ പേരിൽ തെറ്റിദ്ധാരണ പരത്തി മുതലെടുക്കാൻ ശ്രമിക്കുന്നവർ ഒടുവിൽ സമൂഹമധ്യത്തിൽ അവഹേളിതരും അപഹാസ്യരും ആയി മാറുകയേ ഉള്ളു .

വിരുദ്ധ ശക്തികൾ എത്ര നീക്കങ്ങൾ നടത്തിയാലും ഫൊക്കാനയുടെ അംഗങ്ങൾ തെരഞ്ഞെടുപ്പിലൂടെ ഏല്പിച്ചു തന്ന ഔദ്യോഗിക ചുമതലകളും ഉത്തരവാദിത്വങ്ങളും ഭംഗിയായി തന്നെ നിറവേറ്റുമെന്നും എന്തു വില കൊടുത്തും സംഘടനയെ സംരക്ഷിക്കുമെന്നും ജനറൽ സെക്രട്ടറി ടോമി കൊക്കാട്ട് പറഞ്ഞു.

ഔദ്യോഗിക ഭാരവാഹികളുടെ നേതൃത്വത്തിൽ 2021 ൽ നടക്കുന്ന ഫൊക്കാന കൺവൻഷനും ഇലക്ഷനും വൻ വിജയമാക്കുന്നതിന് എല്ലാ അംഗങ്ങളുടെയും അഭ്യുദയ കാംക്ഷികളുടെയും പിൻതുണയും സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു.

fokana
Advertisment