Advertisment

മുന്നോക്ക സംവരണം; പിന്നാക്ക വിഭാഗങ്ങളെ പിന്നോട്ട് വലിക്കാനുള്ള സർക്കാരിന്റെ ഗൂഢതന്ത്രം: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ജിദ്ദ: സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ ഒരു പരിധി വരെയെങ്കിലും മുഖ്യധാരയിലേക്കെത്തിക്കാൻ സാധിക്കണമെന്ന ഉദ്ദേശത്തിൽ ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്ത സംവരണതത്വം അട്ടിമറിക്കാനുള്ള ഗൂഢതന്ത്രമാണ് സംസ്ഥാന സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം.

Advertisment

publive-image

സൗദി കേരള കോഓർഡിനേഷൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് 10 ശതമാനം സീറ്റ് അധികമായി സംവരണം ചെയ്തിരിക്കുകയാണ് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ചു നടപ്പാക്കിയ 10 ശതമാനം സംവരണത്തിനും പുറമെയാണിത്. അധിക സംവരണം നൽകാതെ തന്നെ 13 ശതമാനം സംവരണം സവർണ്ണ വിഭാഗങ്ങൾക്ക് നിലവിൽ ലഭിച്ചിട്ടുണ്ട്.

സർക്കാർ മെഡിക്കൽ കോളേജുകളിൽ റാങ്ക് ലിസ്റ്റിലെ 2000 ത്തിനുള്ളിൽ നിൽക്കുന്ന പിന്നാക്ക വിഭാഗക്കാർ സംവരണ ക്വാട്ടയിൽ പ്രവേശനം നേടുന്നിടത്താണ് മുന്നോക്കത്തിൽ പിന്നാക്കമെന്ന വിശേഷണമുള്ള സവർണ്ണവിഭാഗത്തിൽ നിന്നുള്ളവർ റാങ്ക് ലിസ്റ്റിൽ 8500 ൽ നിന്നും പ്രവേശനത്തിന് അർഹത നേടുന്നത്. ജനറൽ കാറ്റഗറിയിലെ അൻപത് ശതമാനം സീറ്റുകൾക്ക് പുറമെയാണ് മുന്നാക്ക വിഭാഗങ്ങൾക്കുള്ള അധിക സംവരണം.

സാധാരണ ഒരു റാങ്ക് ലിസ്റ്റിൽ ജനറൽ വിഭാഗത്തിൽ നിന്നും സവർണ്ണ വിഭാഗത്തിൽപ്പെട്ട യാളുകൾക്കു നിയമനം ലഭിക്കുമ്പോൾ റാങ്ക് ലിസ്റ്റിൽ മുൻനിരയിലുള്ള പിന്നാക്ക വിഭാഗക്കാർ സംവരണ കാറ്റഗറിയിൽ നിന്ന് മാത്രമായാണ് നിയമനത്തിന് പരിഗണിക്കപ്പെടുന്നത്. അതായത് സവർണ്ണ വിഭാഗങ്ങൾക്കു ജനറൽ ക്യാറ്റഗറിയിലും അതോടൊപ്പം സംവരണ ക്യാറ്റഗറിയിലും നിയമനം ലഭിക്കുമെന്ന് സാരം.

ഉദ്യോഗ നിയമനത്തിൽ യോഗ്യതയും കഴിവും പരിഗണിക്കാൻ സംവരണം തന്നെ എടുത്തു കളയണമെന്ന വാദിച്ചിരുന്നയാളുകളാണ് സാമ്പത്തിക സംവരണത്തിനുള്ള കോലാഹലങ്ങൾ ഉയർത്തുന്നതെന്നതാണ് വിരോധാഭാസം. ജനസംഖ്യാനുപാതികമായ സാമുദായിക സംവരണതത്വം  തന്നെ ഇല്ലാതാക്കി സാമ്പത്തിക സംവരണം നടപ്പിൽ വരുത്താനുള്ള സി.പി.എം-സവർണ്ണ ഗൂഢാലോചനയുടെ ഭാഗമാണിതെന്നു കാര്യങ്ങൾ കൃത്യമായി പരിശോധിച്ചാൽ മനസ്സിലാക്കാമെന്നും സോഷ്യൽ ഫോറം ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

സാമാന്യ ഭാഷയിൽ ആരെയും വീഴ്ത്താവുന്ന പ്രയോഗമാണ് മുന്നാക്കക്കാരിൽ പിന്നാക്കക്കാരെന്നുള്ളത്. സംസ്ഥാനത്തെ ഈഴവ-മുസ്ലിം- ദളിത് വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ തോഴിൽ മേഖലയിൽ ജനസംഖ്യാനുപാതികയായി ലഭിക്കേണ്ട സംവരണം ഇല്ലാതാകുന്ന പ്രവണതയാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നത്.

ദശാബ്ദങ്ങളായി രാജ്യത്തെ ഭരണ സ്വാധീനം ദുരുപയോഗം ചെയ്ത് ഉന്നത ഉദ്യോഗരംഗം കയ്യടക്കി വെച്ചുകൊണ്ടിരിക്കുന്ന സവർണ്ണ മേൽകോയ്മക്കാരും സർക്കാരും വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെ ഉന്നതങ്ങളിൽ ജനസംഖ്യയിൽ ബഹു ഭൂരിപക്ഷമുള്ള അടിസ്ഥാന ജനവിഭാങ്ങളും മുസ്ലിം ജനവിഭാഗങ്ങളും കയറുന്നത് തടയാനുള്ള ശ്രമങ്ങൾ അനുസ്യൂതം തുടരുകയാണ്.

കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ ഒത്താശയോടെ വിദ്യാഭ്യാസ- തൊഴിൽ മേഖലകളിൽ സവർണ്ണ മേധാവിത്തം കാലങ്ങളായി പിടിമുറുക്കിയിരിക്കുന്നത് പകൽവെളിച്ചം പോലെ വ്യക്തമാണ്. സംസ്ഥാന ജനസംഖ്യയിൽ മൂന്നു ശതമാനം മാത്രം വരുന്ന മുന്നാക്ക വിഭാഗക്കാർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയപ്പോൽ ഈഴവ - മുസ്ലിം - ദളിത് വിഭാഗങ്ങൾക്ക് ആനുപാതികമായ സംവരണം ലഭിക്കാതെ പോവുകയാണ്.

പബ്ലിക് സർവീസ് കമ്മീഷൻ വഴി സംസ്ഥാനത്തെ സർക്കാർ ഉദ്യോഗങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന അവകാശങ്ങൾ ഭരണകൂട ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ കുടില തന്ത്രങ്ങളിലൂടെ തട്ടിയെടുത്തത് പുനഃസ്ഥാപിച്ചുകിട്ടാനും ബാക്ക് ലോഗ് നികത്താനും നിരന്തരമായ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തേണ്ടി വന്നിട്ടുണ്ട്. ഉപജാപക സംഘങ്ങൾ സർക്കാരിലും നിയമന ഏജൻസികളിലും കുടികൊള്ളുന്നുവെന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കാവുന്നത്.

ഭരണഘടനാനുസൃതമായ അവകാശങ്ങൾ നേടിയെടുക്കാനും നഷ്ടപ്പെടാതെ നോക്കാനും പിന്നാക്ക ജനവിഭാഗങ്ങൾ ഒന്നിച്ചു നിന്നാൽ മാത്രമേ കഴിയുകയുള്ളൂവെന്നും അതിന്നായി ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചണിനിരക്കണമെന്നും സോഷ്യൽ ഫോറം കോഓർഡിനേറ്റർ ബഷീർ കാരന്തുർ, ഭാരവാഹികളായ ഹനീഫ കിഴിശ്ശേരി, കോയിസ്സൻ ബീരാൻകുട്ടി (ജിദ്ദ), നൂറുദ്ദീൻ തിരൂർ (റിയാദ്), മൻസൂർ എടക്കാട് (ദമ്മാം), മുഹമ്മദ് കോയ ചേലേമ്പ്ര (അബഹ), മീഡിയ കോഓർഡിനേറ്റർ നമീർ ചെറുവാടി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment