Advertisment

അന്നമ്മയെ തലയ്ക്കടിച്ചു മാരകമായി പരുക്കേൽപിച്ച് മൃഗീയമായി കൊലപ്പെടുത്തി; 12 വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍

New Update

തൊടുപുഴ : കട്ടപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കൈപ്പറ്റയിൽ വീട്ടിൽ അന്നമ്മയെ (50)  തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍.

Advertisment

publive-image

ഈട്ടിത്തോപ്പ് തേക്കുംകാനം ഭാഗത്ത് പതാലിൽ പ്ലാവിൽ വീട്ടിൽ ഗിരീഷ് (38) നെ ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 2008 ഓഗസ്റ്റ് രണ്ടിന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. അന്നമ്മയെ തലയ്ക്കടിച്ചു മാരകമായി പരുക്കേൽപിച്ച് മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ കട്ടപ്പന പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതിയെ കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കെ.കെ.ജയചന്ദ്രൻ എംഎൽഎയുടെ അപേക്ഷ പ്രകാരം 2008 ഒക്ടോബറിൽ കേസിന്റെ തുടർ അന്വേഷണം കോട്ടയം ക്രൈംബ്രാഞ്ചിനെ സർക്കാർ ഏൽപിച്ചു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി അനവധി ആളുകളെ ചോദ്യം ചെയ്യുകയും സംശയിക്കപ്പെട്ട 19 വ്യക്തികളെ സംബന്ധിച്ച് വിശദമായ അന്വേഷണങ്ങൾ നടത്തുകയും ശാസ്ത്രീയ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത കൊല്ലപ്പെട്ട അന്നമ്മയുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുളള വസ്തുക്കളും രക്ത സാംപിളുകളും ശാസ്ത്രീയ പരിശോധന നടത്തി.

സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തിൽ ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. എസ്പിയുടെ നേതൃത്വത്തിൽ ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഷിന്റോ പി. കുര്യൻ, എസ്ഐമാരായ എം.പി. മോനച്ചൻ, സജി പോൾ, സിജു ജോസഫ്, സിപിഒമാരായ, കെ.ആർ. ബിജേഷ് , കെ.സി. അനീഷ് , സിപിഒ പി.പി. ഫ്രാൻസിസ്‌ എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘം തെളിവുകൾ മുഴുവൻ ശേഖരിച്ച ശേഷം കഴിഞ്ഞ ദിവസം ഗിരീഷിനെ ക്രൈം ബ്രാഞ്ച് തൊടുപുഴ ഓഫിസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്ത് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയെ കട്ടപ്പന ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. മുട്ടത്തുളള കോവിഡ് ഫസ്റ്റ് ലൈൻ സെന്ററിൽ കോവിഡ് പരിശോധനയ്ക്കായി പാർപ്പിച്ചിരിക്കുകയാണ്.

murder case crime
Advertisment