Advertisment

മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ഗോകുലത്തിലേക്ക്

New Update

ഗോകുലം കേരള എഫ്‌സിയിലേക്ക് പുതിയ വിദേശ താരങ്ങള്‍ എത്തുന്നു. മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം അന്റോണിയോ ജെര്‍മെനെ ടീമിലെത്തിക്കാനാണ് ടീം മാനേജ്‌മെന്റ് നീക്കം ആരംഭിച്ചിരിക്കുന്നത്. സൂപ്പര്‍ കപ്പില്‍ ജെര്‍മെനെ ടീമില്‍ കളിപ്പിക്കാനുള്ള ലക്ഷ്യം മുന്നില്‍ വച്ചാണ് ചര്‍ച്ചകള്‍. കോച്ച് ബിനോ ജോര്‍ജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജെര്‍മെനുമായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജര്‍മ്മനെ കൂടാതെ മാസിഡോണിയന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റിയും ഗോകുലം നിരയില്‍ ബൂട്ടുകെട്ടും.

Advertisment

publive-image

കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഈ സീസണില്‍ കളിക്കാന്‍ അന്റോണിയോ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആദ്യ ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം മാനേജ്‌മെന്റ് താരത്തിലുള്ള താല്‍പര്യം ഉപേക്ഷിക്കുകയായിരുന്നു. ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സ് പതറിയ പലഘട്ടങ്ങളിലും ടീമിലേക്ക് ക്ഷണിച്ചാല്‍ വരുമെന്ന നിലപാട് ഈ ഇംഗ്ലീഷുകാരന്‍ സ്വീകരിച്ചിരുന്നു. നിലവില്‍ ഹെമെല്‍ ഹെംപ്‌സ്‌റ്റെഡ് ടൗണിന്റെ താരമാണ്.

സൂപ്പര്‍ കപ്പ് യോഗ്യത മത്സരത്തിനുളള ഗോകുലം ടീം സ്‌ക്വാഡ് ശക്തമാക്കുന്നതിന് വേണ്ടിയാണ് ഈ രണ്ടു താരങ്ങളെയും ടീമില്‍ എത്തിക്കുന്നതെന്ന് ബിനോ ജോര്‍ജ് പറഞ്ഞു. മാര്‍ച്ച് 15 ന് നടക്കുന്ന മത്സരത്തില്‍ ഐ എസ് എല്‍ ടീമായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് അവരുടെ എതിരാളികള്‍.

അടുത്ത ഐലീഗില്‍ വിസ്മയം തീര്‍ക്കാനുള്ള തയാറെടുപ്പിലാണ് ഗോകുലം. ടീമിലെ മലയാളി താരങ്ങളുടെ പ്രാതിനിധ്യം കൂട്ടുകയാണ് പരിശീലകന്‍ ബിനോ ജോര്‍ജ്ജിന്റെ മറ്റൊരു ലക്ഷ്യം. അര്‍ജുന്‍ ജയരാജിനും റാഷിദിനും സല്‍മാനുമെല്ലാം താരങ്ങളാകാമെങ്കില്‍ എന്ത് കൊണ്ട് കൂടുതല്‍ മലയാളികള്‍ക്ക് അതായിക്കൂടായെന്ന് ബിനോ ചോദിക്കുന്നു. പണ്ട് കേരളാ പോലീസ് ടീമിന്റെ സുവര്‍ണ കാലത്ത് ദേശീയ ടീമില്‍ 10 മലയാളികളോളം കളിച്ചിട്ടുണ്ടെന്നും ദേശീയ ടീമിലെ ആ മലയാളി പ്രാതിനിധ്യം മടക്കിക്കൊണ്ടുവരികയുമാണ് തന്റെ ലക്ഷ്യമെന്നും ഗോകുലത്തിന്റെ സ്വന്തം പരിശീലകന്‍ പറയുന്നു.

Advertisment