Advertisment

കാശ്‌മീരിലെ ഗവര്‍ണര്‍ ഭരണം സൈനിക നടപടികളെ ബാധിക്കില്ല : സൈനിക മേധാവി ബിപിന്‍ റാവത്ത്

New Update

Image result for bipin rawat

Advertisment

ന്യൂഡല്‍ഹി: ജമ്മു കാശ്‌മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത് താഴ്‌വരയില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടികളെ ബാധിക്കില്ലെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വിധേയരാകാത്തത് കൊണ്ട് സൈന്യത്തിന് ഇത്തരം മാറ്റങ്ങള്‍ പ്രശ്‌നമുണ്ടാക്കാറില്ല. താഴ്‌വരയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ റംസാന്‍ മാസത്തില്‍ ജനങ്ങള്‍ക്ക് സമാധാനമായി പ്രാര്‍ത്ഥിക്കാന്‍ വേണ്ടി നടപ്പിലാക്കിയ വെടിനിറുത്തല്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റംസാന്‍ മാസത്തില്‍ ജനങ്ങള്‍ക്ക് കുഴപ്പങ്ങളൊന്നുമില്ലാതെ പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയാണ് സൈനിക നടപടികളില്‍ നിന്നും ഒഴിഞ്ഞ് നിന്നത്. എന്നാല്‍ തീവ്രവാദികള്‍ ഇത് കണക്കിലെടുക്കാതെ കുഴപ്പങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. തുടര്‍ന്നാണ് വെടിനിറുത്തല്‍ റദ്ദാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

ഔറംഗസേബ് എന്ന സൈനികനും ശുജാഅത്ത് ബുഖാരി എന്ന മാദ്ധ്യമ പ്രവര്‍ത്തകനും തീവ്രവാദി ആക്രമത്തില്‍ കൊല്ലപ്പെട്ടതിന് തുടര്‍ന്നാണ് താഴ്‌വരയില്‍ വെടിനിറുത്തല്‍ റദ്ദാക്കിയത്. അതേസമയം, ബി.ജെ.പി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവച്ചതിന് പിന്നാലെ ഭരണപ്രതിസന്ധിയിലായ ജമ്മുകാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച ഗവര്‍ണര്‍ എന്‍.എന്‍.വോറയുടെ ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. 1977ന് ശേഷം ഇത് എട്ടാം തവണയാണ് ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിന് കീഴിലാകുന്നത്. ഇതില്‍ നാല് തവണയും 2008ന് ശേഷമായിരുന്നു. ഗവര്‍ണര്‍ എന്‍.എന്‍. വോറയുടെ ഭരണകാലത്ത് കേന്ദ്ര ഭരണം ഏര്‍പ്പെടുത്തേണ്ടി വരുന്നത് നാലാമത്തെ തവണയുമാണ്.

Advertisment