Advertisment

എച്ച്.ഡി.കുമാരസ്വാമിയും ബിജെപി നേതൃത്വവും തമ്മിലുള്ള പോര് മുറുകുന്നു; ബിജെപി നേതാക്കള്‍ ഗവര്‍ണറെ സമീപിച്ചു

New Update

ബെംഗളുരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ബിജെപി നേതൃത്വവും തമ്മിലുള്ള പോരു മുറുകുന്നു. സര്‍ക്കാരിനെ മറിച്ചിടാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്താന്‍ ആവശ്യപ്പെടുമെന്ന കുമാരസ്വാമിയുടെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്. കുമാരസ്വാമിയുടെ അതേ രീതിയില്‍ തന്നെ മറുപടി നല്‍കുന്നതിനാണ് കര്‍ണാടകയിലെ പ്രതിപക്ഷമായ ബിജെപിയുടെ നീക്കം. ഇതേച്ചൊല്ലി കുമാരസ്വാമിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെഡിയൂരപ്പയും തമ്മിലുള്ള വാഗ്വാദവും തുടരുകയാണ്.

Advertisment

publive-image

മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ വാജുഭായ് വാലയെ സമീപിച്ചിട്ടുണ്ട്. ഭരണഘടനാപരമായ ഉന്നതസ്ഥാനത്തിരിക്കെ പരസ്യമായി നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയെ പുറത്താക്കണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു സംബന്ധിച്ച് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും സൂചനയുണ്ട്. കേന്ദ്രനിര്‍ദേശത്തിനായി ഗവര്‍ണര്‍ കാത്തിരിക്കുകയാണ്. സര്‍ക്കാരിനെ സംരക്ഷിക്കുന്നതിനായി ഇനിയും ജനങ്ങളെ പ്രകോപിപ്പിച്ചാല്‍ കുമാരസ്വാമി പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ മുന്നറിയിപ്പ് നല്‍കി.

ഇന്നലെ കുറച്ചുപേര്‍ ബിജെപി അധ്യക്ഷന്‍ യെഡിയൂരപ്പയുടെ വീട് ആക്രമിച്ചു. ബിജെപിയുടെ എംഎല്‍എമാര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ രക്ഷിച്ചത്. തീര്‍ത്തും ഞെട്ടലുളവാക്കുന്ന കാര്യമാണിത്- ശോഭ വ്യക്തമാക്കി. രാജ്യ ചരിത്രത്തില്‍ തന്നെ അനുയായികളെ കലാപമുണ്ടാക്കാന്‍ പരസ്യമായി പ്രേരിപ്പിക്കുന്ന ആദ്യ രാഷ്ട്രീയക്കാരന്‍ കുമാരസ്വാമിയായിരിക്കുമെന്ന് ബിജെപി ആരോപിച്ചു. അത്തരം ആള്‍ക്കാര്‍ കര്‍ണാടകയ്ക്ക് അപമാനമാണ്. രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും ബിജെപി ട്വിറ്ററില്‍ അറിയിച്ചു.

അതേസമയം എന്തുവില കൊടുത്തും സര്‍ക്കാരിനെ പിടിച്ചുനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ഡ്‌റാവുവും വെള്ളിയാഴ്ച ബെംഗളുരുവില്‍ അടിയന്തര യോഗം ചേര്‍ന്നു.

എംഎല്‍എമാര്‍ മറുകണ്ടം ചാടുന്നത് ഒഴിവാക്കുന്നതിനുള്ള തന്ത്രങ്ങളായിരുന്നു മുഖ്യ അജന്‍ഡ. ജെഡ!ിഎസ്, കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ക്കു കോടികളും പാര്‍ട്ടി സ്ഥാനങ്ങളും വാഗ്ദാനം ചെയ്താണ് ബിജെപി പ്രലോഭിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. 37 എംഎല്‍എമാരെയും വിളിച്ചുകൂട്ടി ബിജെപിയുടെ വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് അഭ്യര്‍ഥിക്കാന്‍ ജെഡിഎസും പ്രത്യേക യോഗം വിളിക്കുന്നുണ്ട്.

Advertisment