Advertisment

മുസ്ലീമായി ജീവിക്കാന്‍ അനുവദിക്കണമെന്ന് ഹാദിയ സുപ്രീംകോടതിയില്‍; വീട്ടുതടങ്കലില്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണം

New Update

ന്യൂഡല്‍ഹി: വീട്ടുതടങ്കലില്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്ന് ഹാദിയ. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആവശ്യം. തന്നെ വീട്ടില്‍ വന്നുകണ്ടവരുടെ വിശദാംശങ്ങള്‍ കോടതി പരിശോധിക്കണം. പൊലീസ് അകമ്പടി ഒഴിവാക്കി പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കണമെന്നും സത്യവാങ്മൂലത്തില്‍ ഹാദിയ ആവശ്യപ്പെടുന്നു. ഷെഫിന്‍ ജഹാനൊപ്പം വിടണമെന്നും മുസ്ലീമായി ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹാദിയയുടെ ആവശ്യം. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിച്ചത് കൊണ്ടാണ് ഷെഫിന്‍ തന്നെ വിവാഹം ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Advertisment

publive-image

അതേസമയം ഹാദിയയെ സിറിയയിലേക്ക് കടത്താനായിരുന്നു ഉദ്ദേശ്യമെന്ന് അച്ഛന്‍ അശോകന്‍ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സിറിയയില്‍ ലൈംഗിക അടിമയാക്കാനായിരുന്നു ഉദ്ദേശ്യം. മലപ്പുറം മഞ്ചേരിയിലെ സത്യസരണിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ട്. എന്‍.ഐ.എയുടെ അന്വേഷണ റിപ്പോര്‍ട്ടിലടക്കം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതല്ല തന്റെ പ്രശ്‌നമെന്നും മകളുടെ സുരക്ഷ മാത്രമാണ് താന്‍ നോക്കുന്നതെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ പറയുന്നു.

കനത്ത പൊലീസ് കാവലിൽ ആണ് ഹാദിയ ഇപ്പോള്‍ കോയമ്പത്തൂരില്‍ പഠിക്കുന്നത്. ഷെഫിൻ ജഹാൻ തന്റെ ഭർത്താവാണെന്നും ആരുടെയും സമ്മർദത്തിനു വഴങ്ങിയല്ല താൻ വിവാഹം കഴിച്ചതെന്നും ഹാദിയ നേരത്തെ നിലപാടെടുത്തിരുന്നു. ‘എനിക്കു നീതി ലഭിക്കണം. ഭർത്താവിനൊപ്പം പോകണമെന്നാണ് ആഗ്രഹം. സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചത്’ എന്ന് നേരത്തെയും ഹാദിയ പറഞ്ഞിരുന്നു.

Advertisment