Advertisment

ഹജ്ജ് വിമാനങ്ങൾക്ക് വ്യാഴാഴ്ച പരിസമാപ്തി; ഇന്ത്യൻ ഹജ്ജ് മിഷന് കളങ്കം ഏൽപ്പിച്ച് ഒരു മലയാളി ഹാജിയുടെ മരണം

New Update

ജിദ്ദ: മുപ്പത്തി അഞ്ചു ദിവസങ്ങൾ നീണ്ട സർവീസുകൾക്ക് ശേഷം ജിദ്ദ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെയ്ക്കുള്ള ഹജ്ജ് വിമാനങ്ങളുടെ വരവ് വ്യാഴാഴ്ച അവസാനിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള അവസാന വിമാനവും വ്യാഴാഴ്ച തന്നെ. ജയ്‌പൂരിൽ നിന്ന് 300 തീര്‍ഥാടകരുമായി വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 7.15 ന് ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ അവസാനത്തെ ഹജ്ജ് വിമാനം ജിദ്ദയിലെ ഹജ്ജ് ടെർമിനലിൽ ഇറങ്ങും.

Advertisment

publive-image

അവസാന ദിവസവും നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഹജ്ജ് വിമാനം ജിദ്ദയിലെത്തും. 410 ഹാജിമാരുമായി എത്തുന്ന അവസാന നെടുമ്പാശ്ശേരി സർവീസ് വ്യാഴാഴ്ച പുലർച്ചയ്ക്കു മുമ്പ് 3.30 നാണ് ജിദ്ദയിലിറങ്ങുക. 1,75,025 ഹാജിമാരാണ് ഈ വര്‍ഷം വിശുദ്ധ ഹജ്ജിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ നിന്നെത്തുന്നത്. ഇതിൽ 1,28,072 പേര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 46,323 പേര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ മുഖേനയുമാണ് ഹജ്ജിനെത്തുന്നത്.

publive-image

മക്കയുടെ മുഖ്യഭാഗങ്ങൾ തിരക്കിൽ മുങ്ങിക്കഴിഞ്ഞു. മസ്ജിദുൽ ഹറം പ്രദേശം നിമിഷം പ്രതി കൂടുതൽ തീർത്ഥാടകരെ കൊണ്ട് നിര്ഭരമാവുകയാണ്. ഇതിനകം പതിനാറ് ലക്ഷത്തോളം ഹാജിമാർ വിദേശ രാജ്യങ്ങളിൽ നിന്ന് പുണ്യ മണ്ണിൽ എത്തിച്ചേർന്നിട്ടുണ്ട്. അടുത്ത ഒന്ന് രണ്ടു ദിവസങ്ങളിലായി രണ്ടു ലക്ഷത്തോളം തീര്ഥാകർ കൂടി മക്കയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഹറം പള്ളിക്കകത്തും തെരുവോരങ്ങളിലും വഴികളിലുമെല്ലാം തിരക്ക് പാരമ്യത്തിലേയ്ക്ക് നീങ്ങുകയാണ്. ഹോട്ടലുകൾ, വാണിജ്യ സ്ഥാപനങ്ങൾ, വഴിവാണിഭങ്ങൾ എല്ലാം തിരക്ക് അനുഭവിച്ചും ആസ്വദിച്ചും കൊണ്ടിരിക്കുകയാണ്. ഈ മാസം പതിനെട്ട് ശനിയാഴ്ചയാണ് തീർത്ഥാടകർ മിനായിൽ രാപ്പാർക്കുന്നതിനായി പുറപ്പെട്ടു തുടങ്ങുക. അത് വരെ മക്കയിൽ തിരക്കേറിക്കൊണ്ടിരിക്കും. മദീനയിലുള്ള ഹാജിമാരും മക്കയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.

publive-image

അതോടൊപ്പം, അസീസിയയിൽ താമസിക്കുന്ന ഇന്ത്യൻ ഹാജിമാർക്ക്​ ആരാധനയ്ക്കു ഹറം പള്ളിയിൽ വന്നു പോകുന്നതിന് ഇന്ത്യൻ ഹജ്ജ് മിഷൻ ഏർപ്പെടുത്തിയിരുന്ന ബസ് സർവീസ് വ്യാഴാഴ്ച മുതൽ ഉണ്ടാകില്ല. വഴികളിലും മറ്റും അധികരിച്ചു കഴിഞ്ഞ തിരക്ക് പരിഗണിച്ചാണ് ഇത്. സൗദി അധികൃതരുടെ നിർദേശം പരിഗണിച്ചാണ് ഇതെന്നും ഹജ്ജിന് ശേഷം ഈ മാസം ​ 26 ന് ബസ് സർവീസ് പുനരാരംഭിക്കുമെന്നും ഇന്ത്യൻ ഹജ്ജ് അധികൃതർ അറിയിച്ചു.

പതിനൊന്നായിരം ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന അസീസിയ്യ ഏരിയയിൽ നിന്ന് 200 പേർക്ക്​ ഒരു ബസ്​ എന്ന തോതിലാണ് ഇന്ത്യൻ ഹാജിമാർക്കുള്ള ബസ് സർവീസ് ഓടുന്നത്. അതേസമയം, അവസാന ദിവസം മക്കയിലെത്തുന്ന അസീസിയാ കാറ്റഗറി ഹാജിമാർക്ക്​ ഹറം പള്ളിയിൽ ഉംറയ്ക്കായി വന്നു പോകുന്നതിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ഹജ്ജ് മിഷൻ തുടർന്നു.

മറ്റൊരു സംഭവ വികാസത്തിൽ, മുഴുവൻ ഇന്ത്യൻ ഹാജിമാർക്കും മിനാ - അറഫാ - മുസ്‌ദലിഫ ട്രെയിൻ സൗകര്യം ലഭിക്കില്ലെന്ന് ഉറപ്പായി. ഇന്ത്യയിൽ നിന്നെത്തിയ പകുതിയിൽ കുറവ് ശതമാനം (68000) ഹാജിമാർക്ക് മാത്രമേ ഇത്തവണയും ട്രെയിൻ സൗകര്യം ലഭിക്കുകയുള്ളൂ. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചതാണ് ഇക്കാര്യം.

publive-image

ഇന്ത്യയിൽ നിന്നുള്ള ഹാജിമാരെ സേവിക്കുന്ന മുപ്പത്തിനാല് ഹജ്ജ് സംഘങ്ങൾ (മുത്വവഫ്) ളിൽ പകുതി സംഘങ്ങൾ മാത്രമാണ് ട്രെയിൻ സൗകര്യം ഏർപ്പെടുത്തുന്നത്. ഇവർക്കുള്ള ടികെറ്റ് ശനിയാഴ്ചയ്ക്ക് മുമ്പായി ഹാജിമാർക്ക് വിതരണം ചെയ്യും. ട്രെയിൻ സൗകര്യം ലഭിക്കാത്തവർക്കായി മേത്തരം ഗണത്തിലുള്ള ബസ്സുകൾ ഏർപ്പെടുത്താൻ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹജ്ജ് മിഷൻ വെളിപ്പെടുത്തി.

അതിനിടെ, സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയ മലയാളി തീര്‍ഥാടകന്‍ മക്കയില്‍ ലിഫ്റ്റില്‍നിന്നു താഴെ വീണു മരിക്കാനിടയായത് തീര്ഥാടകരിൽ നടുക്കം ഉണ്ടാക്കി. ജെ.ഡി.റ്റി ഇസ്ലാം എല്‍.പി സ്‌കൂള്‍ മുൻ അധ്യാപകനും കടലുണ്ടി സ്വദേശിയുമായ മുഹമ്മദ് ബഷീര്‍(58) ആണ് മരിച്ചത്.

publive-image

ബഷീർ താമസിക്കുന്ന അസീസിയ്യയിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റിലേയ്ക്ക് കാലെടുത്തു വെച്ച ബഷീർ ലിഫ്റ്റ് ചേമ്പറിലൂടെ താഴേയ്ക്ക് പതിക്കുയയായിരുന്നു. ആ സമയം ലിഫ്റ്റാകട്ടെ താഴെ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരിക്കുകയായിരുന്നു. മുകൾ ഭാഗത്തെ ലിഫ്റ്റിന്റെ ദ്വാരം തുറന്ന നിലയിലായിരുന്നു. നിലംപതിച്ചു മരണപ്പെട്ട ബഷീറിന്റെ മൃതദേഹം ഏറെ സമയത്തിന് ശേഷമായിരുന്നു കണ്ടെത്തിയത് തന്നെ.

ബഷീറിന്റെ മൃതദേഹം മക്കയിൽ ഖബറടക്കി. യോഗ്യമല്ലാത്ത കെട്ടിടങ്ങൾ വാടകക്കെടുത്തതും അത്യാവശ്യങ്ങളിൽ വേണ്ടുന്ന മുൻകരുതലുകൾ കൈക്കൊണ്ടില്ലെന്നതും അപകീർത്തിയുണ്ടാക്കുകയാണ്. ക്രമീക ഈ വർഷം മെച്ചപ്പെട്ട നിലയിൽ പുരോഗമിക്കുന്ന ഇന്ത്യൻ ഹജ്ജ് മിഷന്റെ പ്രവർത്തനത്തിനേറ്റ കളങ്കമായിരിക്കുകയാണ് കടലുണ്ടി സ്വദേശി ഹാജിയുടെ മരണം.

Advertisment