Advertisment

റഫേല്‍ ഇടപാട്: എച്ച്.എ.എല്ലിനെ ഒഴിവാക്കിയത് യു.പി.എ ഭരണകാലത്ത്; ആന്റണിക്ക് മറുപടിയുമായി പ്രതിരോധ മന്ത്രി

New Update

ന്യുഡല്‍ഹി: റഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. റഫേല്‍ ഇടപാടില്‍ നിന്ന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ ഒഴിവാക്കിയത് യു.പി.എ ഭരണ കാലത്താണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഡസൗള്‍ട്ട് ഏവിയേഷന്‍ കമ്പനിയുമായുള്ള നിര്‍മ്മാണ വ്യവസ്ഥകള്‍ എച്ച്.എ.എല്ലിന് അംഗീകരിക്കാന്‍ കഴിയാതിരുന്നത് യു.പി.എ ഭരണകാലത്താണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

റഫേല്‍ ഇടപാടില്‍ നിന്ന് പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി രംഗത്ത് വന്നിരുന്നു. ആന്റണിയും കോണ്‍ഗ്രസും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. റഫേല്‍ ഇടപാടിലൂടെ ഇന്ത്യ വാങ്ങിയ ഫൈറ്റര്‍ ജെറ്റുകള്‍ രാജ്യത്തിനകത്ത് തന്നെ നിര്‍മ്മിക്കാന്‍ എച്ച്.എ.എല്ലിന് ശേഷിയില്ലെന്ന് നിര്‍മ്മല സീതാരാമന്‍ പ്രസ്താവിച്ചിരുന്നു. ഇത് എച്ച്.എ.എല്ലിന് അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന ആണെന്നായിരുന്നു എ.കെ ആന്റണിയുടെ വിമര്‍ശനം.

യു.പി.എ ഭരണകാലത്തെ കരാറിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് റഫേല്‍ ജെറ്റുകള്‍ വാങ്ങിയതെന്നും നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടു. യു.പി.എ കാലത്തേക്കാള്‍ 9 ശതമാനം കുറഞ്ഞ നിരക്കില്‍ ജെറ്റുകള്‍ വാങ്ങിയെന്നാണ് പ്രതിരോധ മന്ത്രിയുടെ അവകാശവാദം. 126 ജെറ്റുകള്‍ വാങ്ങാനുള്ള മുന്‍ തീരുമാനം മാറ്റി 36 എണ്ണം മാത്രം വാങ്ങിയതിനേയും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എ.കെ ആന്റണി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ 36 എണ്ണം വാങ്ങാനുള്ള തീരുമാനം വേണ്ടത്ര കൂടിയാലോചനകള്‍ക്ക് ശേഷം എടുത്തതാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.

Advertisment