Advertisment

‘ വീണ്ടും മീന്‍ കച്ചവടം ആരംഭിക്കണം, പഠിച്ച് ഡോക്ടറാകണം, പുതിയ ഹനാനായി തിരിച്ചുവരും’

New Update

Advertisment

കൊച്ചി : ആശുപത്രി വാസം കഴിഞ്ഞാല്‍ ഉടന്‍ മീന്‍ കച്ചവടം ആരംഭിക്കണം. പുതിയ കിയോസ്‌ക് അനുവദിക്കാമെന്ന് മേയര്‍ പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ സഹകരണവും വേണം അപകടത്തെ തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്നെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി എ.സി. മൊയ്തീനോട് ഹനാന്റെ വാക്കുകള്‍. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജ്‌മെന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന ധനസഹായം സ്വീകരിക്കാനും ഹനാനെ സന്ദര്‍ശിക്കാനുമായി എത്തിയതായിരുന്നു മന്ത്രി.

മുന്‍പത്തേക്കാള്‍ ക്ഷീണമാണെന്ന മന്ത്രിയുടെ വാക്കുകള്‍ക്ക് പുതിയ ഹനാനായി തിരിച്ചു വരും എന്ന മറുപടി. ഹനാന്റെ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. പൂര്‍ണ്ണ ആരോഗ്യത്തോടെ ഉടന്‍ ആശുപത്രി വിടാന്‍ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു. ആശുപത്രി വിട്ടാലുടന്‍ മീന്‍ കച്ചവടം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് ഹനാന്‍ പറഞ്ഞു. കൂടുതല്‍ പഠിക്കണമെന്നും ഡോക്ടറാകണമെന്നും ഹനാന്‍ മന്ത്രിയോട് പറഞ്ഞു. ബ്രിട്ടാസ് സാര്‍ നല്‍കിയ പേന ഉയര്‍ത്തി ഇത് തനിക്ക് കൂടുതല്‍ ധൈര്യം വകരുന്നുവെന്ന് ഹനാന്‍ പറഞ്ഞപ്പോള്‍ ഇരട്ടി ധൈര്യത്തിന് ഇതുകൂടി ഇരിക്കട്ടെ എന്നു പറഞ്ഞ് മറ്റൊരു പേന കൂടി മന്ത്രി സമ്മാനമായി നല്‍കി. ഹനാന് കച്ചവടം നടത്താനും ആഗ്രഹിക്കുന്നിടത്തോളം പഠിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു.

പ്രളയത്തിനു ശേഷമുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുഴകളില്‍ അടിഞ്ഞിട്ടുള്ള മണല്‍ വാരുന്നതിന് കൃത്യമായ മാനദണ്ഡമുണ്ടാക്കും. എടുക്കാന്‍ കഴിയുന്ന മണലിന്റെ തോത് വിലയിരുത്തി മിതമായ വിലയില്‍ മണല്‍ ലഭ്യമാക്കും. ലൈഫ് പദ്ധതികള്‍ക്കടക്കം ഇത് ഉപയോഗിക്കും. കാലാവസ്ഥാ വ്യതിയാനവും കേരളത്തിലെ പരിസ്ഥിതിയും സംബന്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തും. പുഴകളുടെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഹരിതകേരളം മിഷന്റെ ഭാഗമായി സര്‍ക്കാര്‍ നേരത്തേ ആരംഭിച്ചതാണ്. ജലവിഭവങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കിവരുന്നതെന്നും മന്ത്രി അറിയിച്ചു.

Advertisment