Advertisment

ഹാർട് ഐലൻഡ് : രഹസ്യങ്ങളുറങ്ങുന്ന ശ്‌മശാനം , ഹസ്സൻ തിക്കോടി എഴുതുന്നു

author-image
admin
Updated On
New Update

ലോകത്താകമാനക്കുണ്ടായ കോവിഡ് മരണങ്ങൾ നിരവധിയാണ്. (ഇതെഴുതുമ്പോൾ പത്തുലക്ഷത്തി ഇരുപതിനായിരം മരണങ്ങളും , മൂന്നരക്കോടിയിലധികം കോവിഡ് രോഗികളും ലോകത്തുണ്ടായിരിക്കുന്നു). ന്യൂയോർക്കിൽ മാത്രം ഇതുവരെ മരിച്ചത് 34000 പേരും അമേരിക്കയിലെ അമ്പതു സ്റ്റേറ്റുകളിൽ മൊത്തം മരണം രണ്ടേകാൽ ലക്ഷവുമാണ്. ന്യൂയോർക്കിൽ മാർച്ച് ഏപ്രിൽ മാസങ്ങളിൽ ദിനേന നൂറിൽ താഴെയായിരുന്ന മരണങ്ങൾ അതിവേഗം കുതിച്ചുയർന്നതു വളരെപെട്ടന്നായിരുന്നു. പിന്നീടുള്ള നാളുകളിൽ മരണസംഖ്യ ക്രമാതീതമായി ഉയരുകയും അവ മെയ് ജൂൺ ജൂലൈ ആകുമ്പോഴേക്കും ഓരോ ദിവസവും ആയിരത്തിനുമുകളിൽ എത്തിയത് ശാസ്ത്രലോകത്തെ മാത്രമല്ല ലോകമനസാക്ഷിയെകൂടി

ഞെട്ടിക്കുന്നതായിരുന്നു.

Advertisment

അമേരിക്കയിലാവട്ടെ മരിക്കുന്നവരിൽ അധികവും കറുത്തവർഗക്കാരും (ആഫ്രോ-അമേരിക്കൻസ്) ഹിസ്പാനിക് വംശജരുമായിരുന്നു. കോവിഡ് പകർച്ചവ്യാധി മരണമായതിനാൽ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളോ കുടുംബക്കാരോ വരാതെയായി.

സ്വന്തക്കാരെ ഏറ്റെടുക്കാനെത്തുന്നവരിൽ പലരും മൃതദേഹങ്ങൾ മെഡിക്കൽ കൊളേജുകൾക്ക് വിട്ടുനൽകാൻ തയ്യാറാവുന്നവരായിരുന്നു. വളരെ ചുരുക്കം പേർ മാത്രമാണ് മരണാനന്തര ക്രിയകൾക്കായി മൃതദേഹങ്ങൾ ഏറ്റുവാങ്ങിയിരുന്നത്. ഹോസ്പിറ്റലുകളിലെ മോർച്ചറികളിൽ സ്ഥലമില്ലാതായതോടെ റോഡരുകിൽ ശീതീകരിച്ച വലിയ ട്രാക്കുകളിൽ ശവങ്ങൾ സൂക്ഷിച്ചുപോന്നു. അതിലൊരെണ്ണത്തിലെ ശീതീകരണം പ്രവർത്തനരഹിതമായപ്പോൾ പരിസരമാകെ ചീഞ്ഞുനാറിയ മണം പരന്നത് വലിയ വാർത്തായിയുരുന്നു.

***********

കോവിഡ് കാലത്തേ കൂട്ടമരണങ്ങൾ ന്യൂയോർക്കിൽ മാത്രമല്ല സംഭവിച്ചത്. ഇറ്റലിയിലും മറ്റു പല യൂറോപ്യൻ നാടുകളിലും കൂട്ടമരണങ്ങൾ നടക്കുന്നുണ്ടായിരുന്നു. (ചൈനയിലുമുണ്ടായിരുന്ന കൂട്ടമരങ്ങൾ, പക്ഷെ പുറം ലോകം അറിഞ്ഞില്ല. അവിടെ പത്രസ്വാതന്ത്രം ഇരുമ്പു മറക്കുള്ളിലാണല്ലോ). പലേടത്തുനിന്നും വ്യത്യസ്തമായതും അവിശ്വസനീയമായ ശവമടപ്പുകഥകൾ ആ നാളുകളിൽ വന്നുകൊണ്ടിരുന്നു. എന്നാൽ ന്യൂയോർക്കിലെ കൂട്ടമരണങ്ങൾ വാർത്തയായതോടെ ബി ബി സി യുടെ ലേഖകർ ചെന്നെത്തിയത് ന്യൂയോർക്കിൽ നിന്നും അല്പം അകലെ

സ്ഥിതിചെയ്യുന്ന ബ്രോങ്ക്സിലെ ലോങ്ങ് ഐലണ്ടിറ്റിലെ ഒറ്റപ്പെട്ടുകിടക്കുന്ന അതിവിശാലമായ ഹാർട് ഐലണ്ടിലേക്കായിരുന്നു

(Hart Island).

************

ശ്മാശാന ഭൂമി.

******

ഒന്നരനൂറ്റാണ്ടുമുമ്പുവരെ ആഴ്ചയിൽ ഒന്നോരണ്ടോ ലോറികളിൽ പത്തിരുപതു മൃതദേഹങ്ങൾ മാത്രമായിരുന്നു ന്യൂയോർക്കിൽ നിന്നും

ഹാർട് ഐലൻഡിൽ എത്തിച്ചിരുന്നത്. ശവസംസ്കാര ചടങ്ങുകൾ നിർവഹിക്കാൻ കൂടെവരുന്നവരാവട്ടെ ന്യൂയോർക്കിലെ ജയിലിലെ

തടവുകാരും . അവർക്കുകൂലിയായി അമ്പതു ഡോളർ കൊടുക്കുമായിരുന്നു. പ്രാത്യേകമായ കുഴികളോ ശവക്കല്ലറകളോ അവിടെകാണില്ല. അടയാളത്തിനായി കല്ലുകൾ പോലും കാണാനുണ്ടാവില്ല. അമേരിക്കയിലെ മറ്റു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ന്യൂയോർക്. ഈ നഗരത്തിനു ഒരു പാട് കഥകൾ പറയാനുണ്ട്. അനാഥരായി മരിക്കുന്നവരുടെയും അശരണറായി നഗരത്തിൽ കഴിയുന്നവരുടെയും ഒറ്റപ്പെട്ടവരുടെയും

കഥകൾ .

അതിൽ ചീത്തബാല്യങ്ങൾ മാത്രമുള്ളവരും, മോശമായ ജീവിതം നയിച്ചവരും, മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെടുന്നവരും, തെരുവുവേശ്യകളും കൗമാരം നഷ്ടപ്പെട്ട ഗുണ്ടകളും, കള്ളന്മാരും ചതിയന്മാരും എല്ലാം അടങ്ങുന്നതാണീ നഗരം . അവിടെ മരണങ്ങൾ സാധാരണമായി നടന്നു. ഉറ്റവരും ഉടയവരുമില്ലാത്ത മൃതദേഹങ്ങൾ നഗരകാഴ്ചക്കപ്പുറം ഒരു ദ്വീപിൽ എത്തിച്ചുകൊണ്ടായിരുന്നു ശവമടക്ക് നടത്തിയത്.

*******

ഏകദേശം ഒരു ദശലക്ഷത്തിലധികം മനുഷ്യമൃതദേഹങ്ങൾ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. അതിൽ ഭൂരിഭാഗവും അനാഥമൃതദേഹങ്ങളാണ്. 200 വർഷങ്ങൾ പഴക്കമുള്ള 45 ഏക്കറിൽ നീണ്ടുകിടക്കുന്ന ഈ ദ്വീപു സ്വകാര്യ വ്യക്തിയിൽനിന്നും ന്യൂയോർക് സിറ്റിയുടെ ഭാഗമാവുന്നതു 1896 ലാണ്. അന്നുമുതൽ ഇവിടം അറിയപ്പെട്ടിരുന്നത് “പോട്ടേഴ്സ് ഫീൽഡ്” എന്നായിരുന്നു. സ്വന്തമായി ശവമടക്കലിന് പണമില്ലാത്തവർക്കു തികച്ചും

സൗജന്യമായി ശവമടക്കൽ കർമം നിർവഹിക്കാനായിരുന്നു ഇവിടം ഉപയോഗിച്ചത്. അനാഥാമൃതദേഹങ്ങൾ മാത്രമല്ല ക്ഷയം എയ്ഡ്‌സ് മുതലായ പകർച്ചവ്യാധി രോഗം ബാധിച്ചവരെയും കുഴിച്ചിട്ടത് ഇവിടെയാണ് .കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ സ്പാനിഷ് ഫ്ലൂ എന്ന മഹാമാരിയിൽ മരിച്ചവരും അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്.

*********

കാലക്രമേണ ഈ ശ്‌മശാനം പകർച്ചവ്യാധിരോഗങ്ങൾമൂലം മരിക്കുന്നവരുടെതു മാത്രമായിമാറി. അതുകൊണ്ടുതന്നെയാണ് കോവിഡ് ബാധിച്ചു മരിക്കുന്നവരെ കൂട്ടമായി കുഴിച്ചിടാൻ ഈ ഭൂമിതന്നെ തെരെഞ്ഞെടുത്തത്. ഹാർട് എയ്‌ലാൻഡിന്റെ ഭൂരിഭാഗവും കരിങ്കൽ പാറകളാൽ തിങ്ങി നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ വലിയ ബുള്ഡോസറുകൾ ഉപയോഗിച്ചാണ് ആഴത്തിലുള്ള കുഴികൾ ഉണ്ടാക്കുന്നത്. പൈൻ മരപ്പെട്ടികളിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഒരുമിച്ചാണ് പലപ്പോഴും കുഴിയുടെ ആഴങ്ങളിലേക്ക് ഏറിയപ്പെടുന്നത്. കല്ലറകൾ ഇല്ലെങ്കിലും അവിടെ എത്തുന്ന

ശവങ്ങളുടെ പേരും വിലാസവും ഒരു രെജിസ്ട്രാറിൽ രേഖപ്പെടുത്തുക പതിവാണ്. ട്രാക്കുകളിൽ മൃതദേഹങ്ങൾ വരുന്ന മുറക്ക് തൊട്ടടുത്ത “റിക്കേഴ്സ് ഐലൻഡിലെ” ജയിലുകളിൽ കഴിയുന്ന തടവുകാരെ കൂടെ കൊണ്ടുവരും. പകർച്ചവ്യാധി മൂലമുള്ള മരണമാണെങ്കിലും ശവമടക്കൽ സാധരണ ബഹുമതികളോടെയാണ് ചെയ്തുപോരുന്നത്.

********

ഈ ശ്മശാനത്തിലെ ആദ്യത്തെ ശവം ലൂസിയ വാൻ സ്ലൈക്ക് എന്ന

24 വയസ്സുകാരനായിരുന്നു. അനാഥനായ അയാളുടെ മരണം ക്ഷയം

ബാധിച്ചതിനാൽ അതൊരു പകർച്ചവ്യാധിയായി കണക്കാക്കുകയും ദൂരെ എവിടെയെങ്കിലും കുഴിച്ചുമൂടണമെന്നു തീരുമാനിക്കുകയുംചെയ്തു. അങ്ങനെ 1869 -ൽ ഹാർട് ഐലണ്ടിലേക്കു ശവം കൊണ്ടുവരുന്നതും ആദരവോടെ കുഴിച്ചുമൂടുന്നതും. അന്നുമുതൽ ഈ പ്രദേശം പകർച്ചവ്യാധികൾ

പിടിക്കപെടുന്നവരുടെ ഏകാന്ത വാസത്തിനു നൽകിത്തുടങ്ങി. അത്തരം രോഗികളെ ക്വാറന്റൈൻ ചെയ്യപ്പെടുന്നതും ഇവിടെയാണ്. ക്ഷയ രോഗവും  തുടർന്ന് സ്പാനിഷ് ഫ്ലൂക്കാരുടെയും വാസസ്ഥലമായി മാറിയത് വളരെ പെട്ടന്നാണ്. HIV പടർന്നു പിടിച്ച ഇരുപതാം നൂറ്റാണ്ടിൽ അതായതു 1980 -മുതൽ എയ്ഡ്‌സ് രോഗികളെ കൊണ്ടുവന്നതും താമസിപ്പിച്ചതും ശവമടക്കിയതും ഇവിടെയാണ്. പിന്നീട് 2008 ലുണ്ടായ മറ്റൊരു ഇൻഫ്ലുൻസ പകർച്ചവ്യധിക്കാരുടെ ശവദാഹവും നടത്തിയത് ഇവിടെയാണ്.

*******

ചരിത്രത്തിലെ അപൂർവ ദ്വീപ്:

*******

ഹാർട് ഐലൻഡ് മുമ്പൊരിക്കലും ശ്മശാനഭൂമിയായിരുന്നില്ല. പതിനാറാം നൂറ്റാണ്ടുമുതൽ ഈ ദ്വീപ് പലപേരിൽ പലരുടേതുമായി അറിയപ്പെട്ടിരുന്നു. 1654 -ൽ തോമസ് പെല്ല എന്ന ഒരു വൈദ്യനാണ് ഈ ദ്വീപ് ആദ്യമായി സ്വന്തമാക്കിയത്. അന്നുമുതൽ ഇതിന്റെ പലഭാഗങ്ങളും കൃഷിയിടങ്ങളായി ഉപയോഗിച്ചുപോന്നു. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ ഒലിവർ ഡിലൻസിയും ജോൺ ഹാൻഡറും ഒരുമിച്ചു ഈ ഭൂമി വാങ്ങുകയും അവരുടെ കച്ചവടത്തിന്റെ ഇടത്താവളമായി ഉപയോഗിക്കുകയും ചെയ്തു. അവരുടെ കാലശേഷം പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിൽ നടന്ന ആഭ്യന്തര യുദ്ധത്തിൽ പിടിക്കപ്പെട്ട തടവുകാരെ താമസിപ്പിച്ചു തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിലും ഈ ദ്വീപ് കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. മിസൈൽ പരിശീലനത്തിനും മറ്റും ഉപയോഗിച്ചുപോന്നു. സാധാരണക്കാർക്ക് ഇവിടെക്ക് പ്രശ്‌നമില്ല, മരിച്ചവരുടെ ബന്ധുക്കൾ മുൻകൂട്ടി അനുവാദം വാങ്ങിവേണം ഇവിടെ സന്ദർശിക്കാൻ. കോവിഡ് മഹാമാരിയുടെ ഇക്കഴിഞ്ഞ ആറുമാസം ഇവിടെ കുഴിമാടപ്പെട്ട മൃതദേഗങ്ങൾ അനവധിയാണ്.

മൂകവും നിശ്ചലവുമായ ഈ ഭൂമികയിൽ ഇനിയും പകർച്ചവ്യാധി

മരണങ്ങളുടെ ശവക്കുഴികൾ കുഴിക്കേണ്ടിവരും. കോവിഡ് മൂലം

ഇനിയും എത്രപേർ ശവങ്ങളായി ഇവിടെ എത്തിച്ചേരുമെന്ന്

ആർക്കും കണക്കാക്കാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ ഇവിടം

രഹസ്യങ്ങളുടെ ശ്മശാന ഭൂമിയായി മാറുന്നു.

**********

അനന്തമായി തുടരുന്ന മഹാമാരി: കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടാണ് കോവിഡ് വ്യാപനം തുടരുന്നത്. ലോകാരോഗ്യ സംഘടനയുടെ നിഗമനത്തിൽ ഫലപ്രദമായ വാക്സിൻ വിതരണം ചെയ്യണമെങ്കിൽ 2021 മധ്യത്തോടെ മാത്രമേ സാധ്യമാവൂ. അതുതന്നെ ലോക ജനസംഖ്യയുടെ ചെറിയൊരു വിഭാഗത്തിൽ മാത്രമേ എത്തിച്ചേരുകയുള്ളൂ. അതിൽ ആർക്കൊക്കെ ആദ്യമാദ്യം വാക്സിൻ എത്തിക്കണമെന്ന തീരുമാനം പോലും

ഇതേവരെ ഡബ്ള്യൂ.എച്.ഓ എടുത്തിട്ടില്ല. ആരോഗ്യ പ്രവർത്തകരിലും അധ്യാപകരിലും, പ്രായമായവരിലുമായിരിക്കും വാക്സിൻ ആദ്യം എത്തിച്ചേരുക. രോഗികളുടെ എണ്ണം കൂടുന്നതോടെ ആശുപത്രികൾ നിറയും. ആരോഗ്യ പ്രവർത്തകരിലെ മരണങ്ങളും ആശങ്ക ഉയർത്തുന്ന മറ്റൊരു അവസ്ഥയാണ്. ഇറ്റലിയിലും യൂറോപ്പിന്റെ മറ്റിടങ്ങളിലും നേരിട്ട അവസ്ഥയിലേക്ക് ലോകത്തിലെ മറ്റു രാജ്യങ്ങൾ എത്തിച്ചേരുമോ എന്ന ഭയവും ലോകാരോഗ്യ സംഘടന പങ്കുവെക്കുന്നുണ്ട്, പ്രത്യേകിച്ച് ദരിദ്ര രാക്ഷ്ട്രങ്ങളായ ആഫ്രിക്കൻ നാടുകൾ. വിശപ്പും മറ്റു പകർച്ചവ്യാധി രോഗങ്ങളും

ഇപ്പോൾ തന്നെ അവരെ വല്ലാതെ അലട്ടുന്നുണ്ട്. കൂനിന്മേൽ കുരു എന്നപോലെ കോവിഡും അവരിലേക്ക്‌ എത്തിച്ചേരുന്ന അവസ്ഥ

വിവരണാതീതമാണ്. കോവിഡ് കൂട്ടമരണങ്ങൾ ഉണ്ടായാൽ മറ്റൊരു ഹാർട് ഐലൻഡ് തേടിപ്പിടിക്കേണ്ട അവസ്ഥയിലേക്ക് ലോകം എത്തിച്ചേരാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .

Advertisment