Advertisment

ആശുപത്രികള്‍ വെള്ളത്തിനടിയിലായി; വൈദ്യുതി- ടെലിവിഷന്‍- ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു; ഭക്ഷണത്തിനും കുടിവെള്ളത്തിനും ക്ഷാമം നേരിട്ടുതുടങ്ങി; കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരം

New Update

കൊച്ചി: മഴക്കെടുതിയെ തുടര്‍ന്ന് കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമായി ക്കൊണ്ടിരിക്കുകയാണ്. മൂവാറ്റുപുഴയിലെ ശിവന്‍കുന്ന്, എന്‍എസ്എസ് കുന്ന് ഒഴികെ ഏതാണ്ട് എല്ലാ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പൊലീസ് സ്റ്റേഷനും ഫയര്‍ സ്റ്റേഷനും ഒറ്റപ്പെട്ടു. വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു. ഇന്റര്‍നെറ്റ് സേവനം നിലച്ചു. പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം വെള്ളം കയറി. ഇത് തന്നെയാണ് കോതമംഗലം നഗരത്തിലെ അവസ്ഥ. ആലുവ മുതല്‍ പെരുമ്പാവൂര്‍ വരെ പെരിയാറിന്റെ തീരം ഏതാണ്ട് മുഴുവനായും വെള്ളത്തിനടിയിലായി. എല്ലാ വീടുകളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോയി.

Advertisment

publive-image

ആലുവ നഗരത്തില്‍ ഒട്ടുമിക്ക ആശുപത്രികളിലും വെള്ളം കയറി. പ്രധാനപ്പെട്ട ഓഫീസുകളിലെല്ലാം വെള്ളം കയറി. തൊടുപുഴയില്‍ സ്ഥിതി വ്യത്യസ്തമല്ല. ഇടുക്കിയിലെ ഓരോ പ്രദേശങ്ങളും ഒറ്റപ്പെട്ട തുരുത്തായി മാറി. വൈദ്യുതി, ടെലിവിഷന്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിക്കപ്പെട്ടതോടെ എന്താണ് നടക്കുന്നത് എന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇടുക്കി ജില്ലയിലുള്ളവര്‍ക്ക് ഡാമിലെ ജലനിരപ്പോ ടെലിവിഷന്‍ വഴിയുള്ള അറിയിപ്പുകളോ ലഭ്യമാകാത്ത അവസ്ഥയാണ്. റോഡ് ഗതാഗതം തകര്‍ന്നതോടെ മൈക്കിലൂടെയുള്ള സര്‍ക്കാരിന്റെ മുന്നറിയിപ്പുകളും ജനങ്ങളിലെത്തുന്നില്ല.

പല പ്രദേശങ്ങളും ഒറ്റപ്പെട്ടെങ്കിലും ഇത് മാധ്യമങ്ങളെയോ അധികാരികളെയോ അറിയിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചതോട് കൂടി ചികിത്സാ സൗകര്യം ലഭ്യമല്ല. മെഡിക്കല്‍ സ്‌റ്റോറുകളടക്കം അടഞ്ഞുകിടക്കുന്ന അവസ്ഥയാണ്. ഭക്ഷണത്തിനും ശുദ്ധജലത്തിനും ബുദ്ധിമുട്ടനുഭവപ്പെട്ടു തുടങ്ങി. ഏതാണ്ട് എല്ലാ മാര്‍ക്കറ്റുകളും വെള്ളത്തിനടിയിലാണ്. കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. പച്ചക്കറി വിതരണം നിലച്ചു. പെട്രോള്‍ പമ്പുകളുടെയും പ്രവര്‍ത്തനം നിലച്ചുതുടങ്ങി. രാത്രിയാകുന്നതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. ഇത് തന്നെയാണ് കേരളത്തിന്റെ പൊതു അവസ്ഥയായി മാറിക്കൊണ്ടിരിക്കുന്നത്.

പെരിയാറിന്റെ തീരങ്ങളിലും ഇഞ്ചത്തൊട്ടി, പുത്തൻകുരിശ്, കുടമുണ്ട, തങ്കളം, കോഴിപ്പിള്ളി, മണികണ്ഠൻചാൽ, തൃക്കാരിയൂർ, നെല്ലിമറ്റം, വാളാചിറ, പല്ലാരിമംഗലം എന്നിവിടങ്ങളിലും കോതമംഗലം മൂവാറ്റുപുഴ റോഡിൽ പുതുപ്പാടിയിലും കാരാക്കുന്നത്തും വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴയോടൊപ്പം ഭൂതത്താൻകെട്ട് നിറഞ്ഞു കവിഞ്ഞതും അതിനെ തുടർന്നു കനാൽ വഴി വെള്ളം തിരിച്ചു വിട്ടതും മലങ്കര അണക്കെട്ടു തുറന്നതോടെയും ആണ് കോതമംഗലം താലൂക്ക് വെള്ളത്തിനടിയിൽ ആയത്.

പമ്പ ഹില്‍ടോപ്പില്‍ ഉരുള്‍പൊട്ടി. പമ്പയില്‍ ഉള്ളവരെ നിലയ്ക്കലിലേക്ക് മാറ്റി. മലപ്പുറം വെറ്റിലപ്പാറ, ഓടക്കയം പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബങ്ങള്‍ മണ്ണിനടിയില്‍പ്പെട്ടു.

തൃശൂര്‍ ചാലക്കുടി ദേശീയ പാതയിലും വെള്ളം കയറുകയാണ്. എറണാകുളം-തൃശൂര്‍ ദേശീയ പാതവഴി വാഹന ഗതാഗതം ഭാഗികം മാത്രമാണ്. യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

Advertisment