Advertisment

കനത്ത മഴ: നദികളില്‍ ജലനിരപ്പ് ഉയരുന്നു; പലയിടത്തും മഴവെള്ളപ്പാച്ചില്‍; ഇടുക്കിയില്‍ രാത്രി ഗതാഗതം നിരോധിച്ചു; മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. മണിയാര്‍ ബാരേജിന്റെ അഞ്ചു ഷട്ടറുകളും തുറന്നു. കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും ആങ്ങമുഴി, സീതത്തോട് ചിറ്റാര്‍, മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം.

പമ്പാനദിയിലും ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നതിനാല്‍ രാത്രി ഗതാഗതം നിരോധിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയാണ് നിയന്ത്രണം. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി.

ഹൈറേഞ്ച് മേഖലയിലും മഴ കനത്ത നാശം വിതച്ചു. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. കല്ലാര്‍കുട്ടി, പാംബ്ലാ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.

പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളം കയറി. കോതമംഗലത്തും ജലനിരപ്പ് ഉയര്‍ന്നു. അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ 40 സെന്റി മീറ്ററും മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്ററും ഉയര്‍ത്തി. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2347 അടിയായി ഉയര്‍ന്നു.

Advertisment