Advertisment

രോഗികള്‍ക്കും നിരാലംബര്‍ക്കും കൈത്താങ്ങായി അമൃതം ചാരിറ്റബിൾ ട്രസ്റ്റ്

New Update

ഒറ്റപ്പാലം:  അവശത അനുഭവിക്കുന്നവരുടെയും കഷ്ടപ്പെടുന്നവരുടെയും കണ്ണീരൊപ്പാൻ സാധ്യമായ ജീവകാരുണ്യ പ്രവർത്തനവുമായിഅമൃതം ചാരിറ്റബിൾ ട്രസ്റ്റ്. ഒറ്റപ്പാലം വരോട് സ്‌കൂൾ അധ്യാപിക ശ്രീലത ടീച്ചറുടെയും ഒരുകൂട്ടം സുമനസ്സുകളുടെയും കൂട്ടായ്മയില്‍ അമ്പലപ്പാറയിൽ രൂപം കൊണ്ട അമൃതം ട്രസ്റ്റ് ഇന്ന് നിരവധി പാവങ്ങൾക്ക് ആശ്രയമാണ്. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ആരംഭിച്ച ട്രസ്റ്റിന്റെ ആരംഭം കുറിച്ചതു തന്നെ പ്രതിമാസ ഭക്ഷ്യവിതരണത്തോടെയായിരുന്നു.

Advertisment

publive-image

ഇപ്പോൾ ധാരാളം പേര്‍ക്ക് ചികിത്സാസഹായം നല്‍കിയും നിത്യരോഗികളായ വർക്ക് തുടര്‍ച്ചയായി എല്ലാമാസവും ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തും ചികിത്സസഹായം എത്തിച്ചും ട്രസ്റ്റ് മാതൃകയാണ്.പ്രത്യേകിച്ച് ആസ്ഥാന മന്ദിരമോ,ഓഫീസ് ജീവനക്കാരോ ഇല്ലാത്ത അമൃതം പ്രവർത്തനത്തിന്റെ വിശാലഭൂമികയായി ഉപയോഗപ്പെടുത്തുന്നത് സോഷ്യൽ മീഡിയയാണ്.രോഗികളെ കുറിച്ചുള്ള അഭ്യർത്ഥന സുമനസ്സുകളെ അറിയിക്കുന്നതും,സഹായം സ്വീകരിക്കുന്നതും പ്രവർത്തന പരിപാടികൾ സംഘടിപ്പിക്കുന്നതും എല്ലാം ഓൺലൈനിലാണ്.

സമൂഹ നോമ്പുതുറ-റമദാൻ കിറ്റ് വിതരണം,ഓണം-ബക്രീദ് കിറ്റ് വിതരണം,അമൃതം മംഗല്യ നിധി വിവാഹ സഹായം,വിവിധ ആശുപത്രികളുടെ സഹായത്തോടെയുള്ള ചികിത്സ സൗകര്യമേർപ്പെടുത്തൽ തുടങ്ങിയവയെല്ലാംട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രം. ഇതു കൂടാതെ അദ്ധ്യയന വര്‍ഷത്തില്‍ നിര്‍ധനരായ നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും പഠനോപകരണങ്ങളും വിതരണം ചെയ്തുവരുന്നു.

publive-image

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തമിഴ് നാട്ടിൽ നിന്നുമെത്തിയ സാധനങ്ങൾ തരംതിരിക്കുന്നതിനും,പ്രളയത്തിൽ വൃത്തിഹീനമായ വീടുകളും സ്ഥാപനങ്ങളും ശുചിയാക്കുന്നതിനും അമൃതം പ്രവർത്തകർ സന്നദ്ധരായിരുന്നു.വാതരോഗത്താൽ തളർന്ന ആനന്ദഭായി അമ്മക്ക് പ്രത്യേകം സഹായമെത്തിച്ചതും ബ്രെയിൻട്യൂമർ ബാധിച്ച സുരേഷ് ആലിക്കലിന്റെ ചികിൽസ ഏറ്റെടുത്തതും അമൃതത്തിന്റെ ശ്രദ്ധേയ പ്രവർത്തനങ്ങളായിരുന്നു.

75അംഗങ്ങളുള്ള എക്‌സിക്ക്യുട്ടീവ് കമ്മറ്റിയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത്. ഇവരുടെ മാസവരുമാനത്തിന്റെ നിശ്ചിത തുക ട്രസ്റ്റിനു വേണ്ടി നീക്കിവച്ചാണ് ഭക്ഷ്യധാന്യകിറ്റിനുള്ള പണം കണ്ടെത്തുന്നത്.അംഗങ്ങളിൽ നിന്ന് ലഭിക്കുന്ന 100 രൂപ വീതമുള്ള മാസവരിയും 500 രൂപ മെമ്പർഷിപ്പ് തുകയും കൂടാതെ അഭ്യുദയകാംക്ഷികളുടെ സഹായവുമെല്ലാം സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുതൽകൂട്ടാവുകയാണ്.

മാനസിക വെല്ലുവിളികൾ അനുഭവിക്കുന്നകുട്ടികളെയും അവരുടെ അമ്മമാരെയും പുനരധിവസിപ്പിക്കുന്നതിനുള്ള കേന്ദ്രമാണ് അമൃതത്തിന്റെ സ്വപ്നപദ്ധതി. സാമ്പത്തികം വലിയൊരു പ്രശ്‌നമായി മുന്നിലുണ്ടെങ്കിലും മനുഷ്യത്വം മരവിക്കാത്തവര്‍ സഹായവുമായി മുന്നോട്ടുവരുന്നതാണ് പ്രതീക്ഷയുളവാക്കുന്ന കാര്യം. ശ്രീലത ടീച്ചർ ചെയർപെഴ്സനും ജിനേഷ് കുന്നത്ത് വൈസ് ചെയർമാനും മോഹനൻ താഴത്തേതിൽ ട്രഷററുമായ നേതൃത്വം ഇതിനായുള്ള പ്രയത്‌നത്തിലാണ്.

publive-image

കഴിഞ്ഞദിവസം അമൃതംട്രസ്റ്റിന്റെയും, അമ്പലപ്പാറ ദേശാർച്ചനയുടെയും സംയുക്താഭിമുഖ്യത്തില്‍ ലക്കിടിപോളി ഗാർഡനിൽ സ്നേഹസംഗമം ഒരുക്കി.ബുദ്ധിമാന്ദ്യം സംഭവിച്ച മുതിർന്നവരുടെ പുനരധിവാസ കേന്ദ്രമാണ് പോളിഗാർഡൻ. അമൃതം ചാരിറ്റബിൾ ട്രസ്റ്റ് ചെയർപെഴ്സണും വരോടു യു .പി സ്കൂൾ അധ്യാപികയുമായ ശ്രീലത ടീച്ചർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

അമ്പലപ്പാറ കെ എസ് ഇ ബി ഉദ്യോഗസ്ഥനായ രാജു നാരായണൻ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ അറവക്കാട്, ശ്രീറാം എം.വി, ശ്രീനിവാസൻ ചുനങ്ങാട്, ജാബിർ തോട്ടക്കര, ജിനീഷ് കുന്നത്ത്, അഭിലാഷ് മയനാട്ട് എന്നിവർ ആശംസകൾ നേർന്നു. അമൃതം അഡ്മിൻ പാനൽ അംഗം .ഗോപകുമാർ മയനാട്ട് സ്വാഗതവും പോളിഗാർഡൻ ഡയറക്ടർ .സിജു വിതയത്തിൽ നന്ദിയും പറഞ്ഞു.

Advertisment