Advertisment

മുഖ്യമന്ത്രിയായിരുന്ന എന്നോട് അന്നത്തെ ഒരു കേന്ദ്രമന്ത്രി നമസ്‌കാരം പോലും പറയാതെ അവഗണിച്ചു: മോദി

New Update

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് തോല്‍വികളില്‍ മാസികനില തെറ്റിയ കോണ്‍ഗ്രസ് ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ സഖ്യസാധ്യതകള്‍ തേടുകയാണ് എന്നാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. കൂടാതെ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ആരാണെന്ന് നിശ്ചയിക്കുന്നത് മറ്റുരാജ്യങ്ങളിലെ പാര്‍ട്ടികളാണോയെന്ന് കോണ്‍ഗ്രസ് ചിന്തിക്കണം. വിശാലപ്രതിപക്ഷത്തിന് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവില്ല. ആറുപതിറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഇന്ന് നിലനില്‍പ്പിനായി ഈര്‍ക്കില്‍ പാര്‍ട്ടികളുടെ കാല് പിടിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ ഭോപാലില്‍ ബിജെപിയുടെ സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സ്വന്തം നിലനില്‍പ്പിനും നേട്ടത്തിനും മാത്രം സഖ്യചര്‍ച്ചകള്‍ ആരംഭിച്ച പാര്‍ട്ടികള്‍ ഇപ്പോള്‍ പരാജയഭീതിയിലാണ് ബിജെപിക്കെതിെര ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു. യുപിഎ അധികാരത്തിലിരുന്നപ്പോള്‍ ബിജെപി മുഖ്യമന്ത്രിമാരോട് കടുത്ത അവഗണനയാണ് കാണിച്ചത് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന തന്നോട് അന്നത്തെ ഒരു കേന്ദ്രമന്ത്രി നമസ്‌കാരം പോലും പറയാതെ അവഗണിച്ചെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്ത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഉടന്‍ അന്ത്യം കുറിക്കും. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള സമഗ്രവികനമാണ് കേന്ദ്രസര്‍ക്കാരിന്റെതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തില്‍ വ്യക്തമാക്കി.

Advertisment