Advertisment

ഇന്ത്യൻ മുസ് ലിംകളുടെ അജണ്ട മാറ്റാൻ നേരമായി:- ഡോ.ഹുസൈൻ മടവൂർ

author-image
admin
Updated On
New Update

മതേതര ഇന്ത്യയെ ഏറെ വേദനിപിച്ച സംഭവമാണ് 1992 ൽ അയോധ്യയിലെ മുസ്‌ലിം ആരാധനാലയം തകർക്കപ്പെട്ടത്. ലോകവേദികളിൽ ഇന്ത്യയുടെ അന്തസ്സ് തകർന്നടിഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി സംഘർഷങ്ങളും രക്തച്ചൊരിച്ചിലുകളുമുണ്ടായി.

Advertisment

publive-image

ഇന്ന് ആഗസ്റ്റ് 5ന്ന് അവിടെ രാമക്ഷേത്ര നിർമ്മാണത്തിന്ന് വേണ്ടി ഭൂമി പൂജ നടക്കാൻ പോവുകയാണ്. പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നത് വേദനയുള്ള കാര്യം തന്നെയാണ്.

അര നൂറ്റാണ്ട് കാലമായി മുസ്ലിം- സംഘപരിവാർ വിഭാഗങ്ങൾക്കിടയിൽ തർക്കം രൂക്ഷമായി നടക്കുകയും മുസ്ലിംകൾ നിയമ പോരാട്ടം തുടരുകയും അവസാനം കേസ് സുപ്രിം കോടതിയിലെത്തുകയും ചെയ്തു. അതോടൊപ്പം അന്തിമ കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് വിധി വരുന്ന നിമിഷം വരേയും അവർ ഉറപ്പിച്ചു പറയുകയും ചെയ്തു.

അല്ലാഹുവിന്റെ പള്ളി സംരക്ഷിക്കുവാൻ ഏതറ്റം വരെ പോവാനും അവർ തയ്യാറായിട്ടുണ്ട്. സമാധാനത്തിന്റെ എല്ലാ മാർഗ്ഗങ്ങളിലൂടെയും അവർ പരിശ്രമിച്ചു. ഹിന്ദു പണ്ഡിതന്മാരുമായും രാഷ്ട്രീയ നേതാക്കന്മാരുമായും ഭരണാധികാരികളുമായും പലതവണ ചർച്ചകൾ നടത്തി. വിദഗ്ധരായ നിയമജ്ഞരെയും അഭിഭാഷകരെയും ചുമതലപ്പെടുത്തി കേസുകൾ നടത്തി.

ഏറെ കാത്തിരുന്ന സുപ്രീം കോടതി വിധി വന്നപ്പോൾ അത് മുസ് ലിംകൾക്ക് പ്രതികൂലമായിരുന്നു. എന്നാൽ പൊളിക്കപ്പെട്ട കെട്ടിടം പള്ളിയായിരുന്നുവെന്നും അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് ചരിത്ര പരമായ തെളിവില്ലെന്നും പരമോന്നത കോടതി പറഞ്ഞു. എന്നിരുന്നാലും ഹിന്ദുക്കളുടെ വിശ്വാസവും വികാരവും മാനിച്ച് പള്ളിയുണ്ടായിരുന്ന ഭൂമി രാമക്ഷേത്രം പണിയാൻ വിട്ടു കൊടുക്കാനും മുസ്ലിംകൾക്ക് പള്ളി പണിയാൻ 5 ഏക്കർ ഭൂമി നൽകാനും കോടതി വിധിച്ചു.

പതിറ്റാണ്ടുകളായി കത്തിനിൽക്കുന്ന ഈ പ്രശ്നം തീർക്കാനുള്ള ഒരു മധ്യസ്ഥ തീരുമാനം പോലെയായിരുന്നു ആ വിധി.തർക്കങ്ങൾ അവസാനിപ്പിച്ച് ഇരു സമുദായങ്ങൾക്കുമിടയിൽ സമാധാനമുണ്ടാവാൻ ഇതാണ് പരിഹാരമെന്നാണ് കോടതി നിരീക്ഷിച്ചത്.

ഈ വിധിയുടെ അടിസ്ഥാനത്തിൽ ക്ഷേത്ര നിർമ്മാണത്തിന്നും പള്ളി നിർമ്മാണത്തിന്നു മായി വെവ്വേറെ ട്രസ്റ്റുകൾ രൂപീകരിച്ചു.ക്ഷേത്ര ട്രസ്റ്റ് വലിയ ആരവത്തോടെ ഒരു സർക്കാർ പരിപാടിയെന്നോണം ക്ഷേത്രം പണിയാൻ പോവുകയാണ്. സുന്നി വഖഫ് ബോഡ് ഒരു ആരവവുമില്ലാതെ പള്ളിയും അനുബന്ധ സ്ഥാപനങ്ങളും പണിയാൻ തുടങ്ങുകയാണ്.

വേദനയും ദുഃഖവുമുണ്ടെങ്കിലും വിധി മാനിക്കുകയല്ലാതെ മുസ്ലിംകൾക്ക് വേറെ വഴിയൊന്നുമില്ല. അത് കൊണ്ടാണല്ലോ ഭൂമിയുടെ ഉടമസ്ഥരായ, ഇക്കാലം വരെ കേസ് നടത്തിപ്പോരുന്ന യു.പിയിലെ സുന്നി വഖഫ് ബോഡ് കോടതി വിധി അംഗീകരിച്ചു കിട്ടിയ സ്ഥലത്ത് പള്ളി പണിയാൻ പോവുന്നത്.

ഈയൊരു പള്ളി മുസ്ലിംകൾക്ക് മറ്റു പള്ളികളെ പോലെ ഒരു സാധാരണ പള്ളി മാത്രമാണ്. മക്ക മദീന പള്ളികൾ പോലെ പ്രത്യേകം പുണ്യമുള്ള പള്ളിയൊന്നുമല്ല. ബാബർ ഒരു ചക്രവർത്തിയായിരുന്നുവെന്നതല്ലാതെ ഒരു പുണ്യപുരുഷനുമല്ല മുസ്ലിംകൾക്ക്.

അറബി നാടുകളിൽ റോഡ് വികസത്തിന്നും മാർക്കറ്റുകൾ വലുതാക്കാനുമൊക്കെ യായി എത്രയോ പള്ളികൾ സൗകര്യത്തിന്ന് വേണ്ടി പൊളിച്ച് മാറ്റുകയും വേറെ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്യുക സാധാരണമാണ്. ഇതെല്ലാം പരിഗണിച്ച് ഈ നിർബന്ധിത സാഹചര്യത്തിൽ ക്ഷേത്രത്തിന്ന് ലഭിച്ച സ്ഥലത്ത് ക്ഷേത്രവും പള്ളിക്ക് ലഭിച്ച സ്ഥലത്ത് പള്ളിയും നിർമ്മിച്ച് വിഷയം അവസാനിപ്പി ക്കുകയാണ് മുസ്ലിം നേതൃത്വം ചെയ്യേണ്ടത്.

കേസുകൾ അവസാനിച്ചു വിധിവരികയും ചെയ്തു. ഇപ്പോൾ അപ്പീൽ നിലവിലില്ലതാനും. ശ്രിരാമനെയും രാമക്ഷേത്രത്തെയും സംഘപരിവാറിന് തീറെഴുതി കൊടുക്കുന്നത് ശരിയല്ല. രാമഭക്തരായ കോൺഗ്രസ്സുകാർക്കും മറ്റുള്ളവർക്കും കൂടി അവകാശപ്പെട്ടതാണ് ശ്രീരാമനും രാമക്ഷേത്രവും. അതിനാൽ പ്രിയങ്ക ഗാന്ധിയും മറ്റു മുതിർന്ന കോൺഗ്രസ്സ് നേതാക്കളും പറഞ്ഞതാണ് പ്രായോഗികമായ നിലപാട്.

ലീഗ് നേതൃത്വത്തിന്ന് പാർട്ടിയുടെ വികാരവും വേദനയും കോൺഗ്രസ് നേതൃത്വത്തെ അറിയിക്കാം. അറിയിക്കണം. എന്നാൽ അതിന്റെ പേരിൽ കോൺഗ്രസ് മുസ്ലിം ലീഗ് ബന്ധം തകരാൻ പാടില്ല.

1992 ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ മുസ്ലിം ലീഗ് ഭരണം വിടണമെന്ന് പലരും മുറവിളി കൂട്ടിയിരുന്നു. പാർട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും സമ്മർദ്ദങ്ങളുണ്ടായിരുന്നു. സേട്ട് സാഹിബ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ജമാഅത്തെ ഇസ്ലാമി പോലെയുള്ള സംഘടനകളും ലീഗ് ഭരണം വിടണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ ആ പ്രതിസന്ധി ഘട്ടത്തിൽ ലീഗ് ഭരണം വിടരുതെന്ന് തീരുമാനിച്ചത് വളരെ പ്രയാസം സഹിച്ചാണ്.പക്വമതിയായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ലീഗ് പക്വമായ നിലപാടെടുത്തു.

പള്ളി തകർക്കപ്പെട്ടതിൽ അസഹ്യമായ വേദനയാൽ വികാരഭരിതനായി സേട്ട് സാഹിബ് ലീഗ് വിട്ടു. കേരളത്തിലെ സുന്നി മുജാഹിദ് സംഘടനകൾ അപ്പോൾ ലീഗ് ഭരണം വിടരുതെന്ന് ആവശ്യപ്പെട്ടു.

ലീഗ് വളരെ ദീർഘവീക്ഷണത്തോടെ പ്രായോഗികവുമായ തീരുമാനമെടുത്തു. ലീഗിന്റെ സമീപനമായിരുന്നു ശരിയെന്ന് പിന്നീട് കാലം തെളിയിച്ചു.അതിനാൽ എന്റെ വ്യക്തിപരമായ അഭിപ്രായം. നിർബന്ധിതമായ ഈ ഘട്ടത്തിൽ ഒരു അപ്പീലും നിലവിലില്ലാത്ത സാഹചര്യത്തിൽ ബാബരി മസ്ജിദ് പ്രശ്നം അവസാനിപ്പിച്ച് സമുദായ പുരോഗതിക്ക് വേണ്ട അജണ്ടകളുമായി ലീഗ് മുന്നോട്ട് പോവണം എന്നാണ്.

കഴിഞ്ഞ 20 വർഷങ്ങളായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെറിയ ചെറിയ പ്രവർത്തനങ്ങൾക്കായി യാത്ര ചെയ്യുന്ന ഒരു വ്യക്തിയെന്ന നിലക്ക് നമുക്ക് ചെയ്ത് തീർക്കാനുള്ള സേവനങ്ങൾ എത്രയോ വലുതാണെന്ന് നേരിട്ടറിയാം. അവിടങ്ങളിലെ പട്ടിണിപ്പാവങ്ങൾക്ക് ആഹാരവും പാർപ്പിടവും വിദ്യാഭ്യാസവും സർവ്വോപരി ജീവിതവും നൽകി അവരെ രക്ഷപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്.

മത സൗഹാർദ്ദത്തിന്റെ സന്ദേശം വളരെ കൂടുതൽ പ്രചരിപ്പിക്കേണ്ട സമയമാണിത്. ഉചിതമായ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ യെന്നും ഡോ: ഹുസൈന്‍ മടവൂര്‍. പ്രസ്തവാനയില്‍ വെക്തമാക്കി

Advertisment