ഇസ്‌ലാമിന്റെ  യഥാർത്ഥ  മുഖം സ്വജീവിതത്തിലൂടെ  പ്രചരിപ്പിക്കുക:  ഡോ. ഹുസൈൻ മടവൂർ

ജയന്‍ കൊടുങ്ങല്ലൂര്‍
Monday, April 16, 2018
ജിദ്ദ:   സിറിയയിലും ഇറാഖിലുമടക്കം പ്രശ്നങ്ങൾ രൂക്ഷമായ ഇന്നത്തെ സാഹചര്യത്തിൽ ഇസ്ലാം ഭീകരവാദമാണെന്ന പ്രചാരണം വ്യാപകമാകുമ്പോൾ  ഇസ്ലാമിന്റെ യഥാർത്ഥ മുഖം സ്വന്തം ജീവിതത്തിലൂടെ പ്രചരിപ്പിക്കേണ്ട  ബാധ്യത  നിർവഹിക്കണമെന്ന്   കെഎൻഎം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. ഹുസൈൻ മടവൂർ  ആഹ്വാനം  ചെയ്തു.  ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ‘പോസിറ്റീവ് പാരന്റിങ്’ എന്ന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഒരു കാലത്ത് ജനങ്ങളോട് വിദ്യാഭ്യാസം നേടാനും സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും രോഗം വന്നാൽ മന്ത്രവാദവും ഹോമവുമൊക്കെ നടത്തിയിരിക്കാതെ ചികിത്സ ചെയ്യാനും മുജാഹിദ് പ്രസ്ഥാനം ഉദ്ബോധിപ്പിച്ചിരുന്നു.   എക്കാലത്തും നമ്മൾ മതത്തിന്റെ യഥാർത്ഥ പ്രബോധനം നിർവ്വഹിക്കുന്നതോടൊപ്പം നവോഥാന പ്രവർത്തനങ്ങൾ നടത്തുന്നതിൽ  മുന്നിലുണ്ടാകുകയും  വേണമെന്നും   ഹുസൈൻ  മടവൂർ   പ്രവർത്തകരെ  ഉപദേശിച്ചു.
 
സംഘടനകൾ പലപ്പോഴും സങ്കുചിതമായി ചിന്തിക്കുന്ന ഈ കാലഘട്ടത്തിൽ പ്രസ്ഥാനത്തിലേക്കല്ല  മറിച്ച് ഇസ്ലാമിലേക്കാണ് മുജാഹിദുകൾ ക്ഷണിക്കുന്നതെന്നും  സ്വദേശത്തെയും  പ്രവാസ  ദേശത്തെയും  വ്യത്യസ്ത സാഹചര്യങ്ങൾ  പരിഗണിച്ചു  കൊണ്ടായിരിക്കണം  പ്രവർത്തനങ്ങൾ മുന്നോട്ട്  കൊണ്ടുപോകേണ്ടതെന്നും   അദ്ദേഹം  തുടർന്നു.
 
 
സൗദി അറേബ്യയിലെ ആദ്യത്തെ ഇസ്ലാഹീ സെന്ററായ ജിദ്ദയിലെ ഈ സെന്റർ 1982ൽ സ്ഥാപിതമായ ശേഷം മിക്ക വർഷവും ഇവിടെ സന്ദർശിക്കാറുള്ള താൻ സെന്റർ രണ്ടായ ശേഷം ഇസ്ലാഹീ ഐക്യം സാധ്യമായിക്കഴിഞ്ഞ് വീണ്ടും ഇവിടെ സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും  മുജാഹിദ്  നേതാവ്   കൂട്ടിച്ചേർത്തു. 
 
പരിപാടിയിൽ  പ്രശസ്ത പാരന്റിങ് കൺസൾട്ടന്റും ഇസ്ലാമിക മനഃശാസ്ത്ര വിദഗ്ധനുമായ ഡോ. അലി അക്ബർ ‘പോസിറ്റീവ് പാരന്റിങ്’ എന്ന വിഷയമവതരിപ്പിച്ചു.  അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ഷാജഹാൻ എളങ്കൂർ നന്ദിയും പറഞ്ഞു.
×