Advertisment

'ഈ ഓണത്തിന് പ്രളയബാധിതരെ കാണാന്‍ വരുമോ?' മോഹന്‍ലാലിനും മമ്മൂട്ടിക്കും ഐഎംഎയുടെ ക്ഷണം

author-image
ഫിലിം ഡസ്ക്
New Update

Image result for mohanlal mammootty

Advertisment

പ്രളയദുരിത ബാധിതരുടെ വീടുകളിലേക്ക് ഈ ഓണത്തിന് വരണമെന്ന് മോഹന്‍ലാലിനും മമ്മൂട്ടിക്കും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ക്ഷണം. ഒരു ദുരന്തം ഉണ്ടായതിന് ശേഷം അതിജീവിച്ചവര്‍ നേരിടുന്ന മാനസിക പ്രതിസന്ധിയായ പോസ്റ്റ് ട്രൗമാറ്റിക് ഡിസോഡര്‍ എന്ന മാനസികാവസ്ഥയില്‍ പെട്ടവരുടെ മാനസികഭാരം ലഘീകരിക്കുന്നതിന് ഇരുവരുടെയും സാന്നിധ്യം സഹായിച്ചേക്കുമെന്ന് ഐഎംഎയ്ക്ക് വേണ്ടി ഡോ സുല്‍ഫി നൂഹു പറയുന്നു. മോഹന്‍ലാലിനെയും മമ്മൂട്ടിയും ദുരിതബാധിതരുടെ വീടുകളിലേക്കും ക്യാമ്പുകളിലേക്കുമൊക്കെ ക്ഷണിച്ചുകൊണ്ടുള്ള കുറിപ്പ് ഇങ്ങനെ..

പ്രിയ ലാലേട്ടാ, മമ്മുക്ക,

സുഖമാണെന്ന് കരുതുന്നു. കേരളം എന്നും നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന കാലമാണ് ഓണക്കാലം. കൂടെ വലിയ പെരുന്നാളും വരാറുണ്ട് ചില കൊല്ലങ്ങളില്‍. ഇക്കൊല്ലവും അതേ. എന്നാല്‍ ഇക്കൊല്ലം വേറിട്ടൊരു ഓണക്കാലമാണ്. 10 ലക്ഷം ആള്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ആയിരുന്നു. കേരളം മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍. ഒരു നല്ല ശതമാനം സ്വന്തം വീടുകളിലേക്ക് പോയി. ബാക്കിയുള്ളവര്‍ അതിന്റെ തയ്യാറെടുപ്പിലാണ്. വീട് നഷ്ടപ്പെട്ടവര്‍ അവിടെ തങ്ങാനാണ് സാധ്യത. ഒരുപക്ഷേ ആദ്യ ദിവസങ്ങളില്‍ കേരള തീരത്തെ മത്സ്യത്തൊഴിലാളികള്‍ ചെയ്ത ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ അറിഞ്ഞിരിക്കുന്നു. ജീവന്‍ പണയംവച്ച് ജീവനുകള്‍ തിരിച്ചുപിടിച്ച ധീരജവാന്മാരും രാജ്യത്തിന് അഭിമാനമാണ്.

എല്ലാവരെയുംപോലെ കേരളത്തിലെ ആയിരകണക്കിന് ഡോക്ടര്‍മാരും ഐഎംഎയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ മെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഐഎംഎയുടെ ഗവേഷണ വിഭാഗത്തിന്റെ നിഗമനത്തില്‍ കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതോടൊപ്പം ഇവരില്‍ പലരും കടുത്ത മാനസിക ആഘാതം നേരിടാന്‍ സാധ്യത ഉള്ളവരാണ്. പോസ്‌റ് ട്രൗമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ നാം ഒരുമിച്ച് നേരിടേണ്ടതുണ്ട്.

അപ്പൊ ഞാന്‍ പറഞ്ഞു വന്നത്, കേരളം എന്നും നെഞ്ചോടു ചേര്‍ത്തു പിടിച്ചിട്ടുള്ള നിങ്ങള്‍ രണ്ടു പേരും, ലാലേട്ടനും മമ്മുക്കയും ഇതില്‍ ഒന്നു പങ്കാളികളാകണം. നിങ്ങള്‍ ഇതിന് തുടക്കമിടുന്നത് മറ്റെല്ലാവര്‍ക്കും പ്രചോദനമാകും. ഈ ഓണക്കാലത്ത് എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ തൊട്ടടുത്ത മെഡിക്കല്‍ ക്യാമ്പിലോ പ്രളയബാധിതരുടെ വീടുകളിലോ ഒന്നു വരണം. ഒരു പാട്ട് പാടണം. പറ്റുമെങ്കില്‍ ഒരു സദ്യ ഉണ്ണണം. ഒരല്‍പസമയം ചിലവഴിക്കണം. അവരെ ഒന്നു ചിരിപ്പിക്കണം. ഒന്നു സന്തോഷിപ്പിക്കണം.

മമ്മൂക്ക, ഒരുപക്ഷേ പകര്‍ച്ചവ്യാധികളിലേക്ക് അവര്‍ പോകില്ലായിരിക്കാം. മലയാളിയുടെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യ നിലവാരവും ചികിത്സാ സംവിധാനങ്ങളും അവരെ അതിലേക്കു വിടാന്‍ തടസ്സം നില്‍ക്കും. ലാലേട്ടാ, ഒരുപക്ഷേ അവരില്‍ ഒരു നല്ല വിഭാഗം ചെറിയ തോതിലെങ്കിലും മാനസിക രോഗികള്‍ ആയേക്കുമോ എന്നു ഞങ്ങള്‍ ഭയക്കുന്നു. അതുകൊണ്ട് ഒന്നു വരണം. ഞങ്ങളില്‍ ആരെങ്കിലും എല്ലാ ക്യാമ്പിലും ഉണ്ടാകും. മാനസികരോഗ വിദഗ്ധര്‍ ഉള്‍പ്പെടെ. നിങ്ങള്‍ തുടക്കമിടാന്‍ തുടങ്ങണം ഈ മാനസിക ആരോഗ്യ കൗണ്‍സിലിംഗ്.

കേരളത്തിന്റെ രണ്ടു വല്യേട്ടന്‍ന്മാരും ആവശ്യപെടണം, എല്ലാവരും അതിനോട് ചേരാന്‍, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ഈ ചെറിയ വലിയ ചികിത്സയില്‍. അവരെ സന്തോഷിപ്പിക്കുന്ന ചെറിയ ചികിത്സയില്‍. ഈ കാലമൊക്കെയും ഇടനെഞ്ചില്‍ നിങ്ങളെ ചേര്‍ത്തു പിടിച്ച മലയാളികളോടൊപ്പം നില്‍ക്കാന്‍ വരണം. അപ്പൊ വരുമല്ലോ,

സസ്‌നേഹം

ഡോ.സുല്‍ഫി നൂഹു

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

mohanlal mammootty
Advertisment