Advertisment

മകന്‍ കാര്‍ത്തിയെ സഹായിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടിരുന്നതായി ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി

New Update

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കമ്പനി ഉടമ ഇന്ദ്രാണി മുഖര്‍ജി അനുമതിക്കായി മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ കണ്ടിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കി. മകന്‍ കാര്‍ത്തി ചിദംബരത്തെ സഹായിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടിരുന്നതായും ഇന്ദ്രാണി മൊഴി നല്‍കി. താനും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും നോര്‍ത്ത് ബ്ലോക്കിലെ ചിദംബരത്തിന്റെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഇന്ദ്രാണിയുടെ മൊഴിയില്‍ പറയുന്നു.

Advertisment

publive-image

സിബിഐക്കു മുന്നിലും മജിസ്‌ട്രേറ്റിനു മുന്നിലും പ്രത്യേകം ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിനെ അറസ്റ്റു ചെയ്തതിനു ശേഷം പിടിച്ചെടുത്ത രേഖകളില്‍ അദ്ദേഹം പണം വാങ്ങിയതിന്റെ രേഖകള്‍ ലഭിച്ചിരുന്നു. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷമാണ് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസ് സിബിഐ രജിസ്റ്റര്‍ ചെയ്തത്.

അനധികൃതമായി 300 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ കമ്പനിയെ സഹായിച്ചുവെന്ന കേസില്‍ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സ്വാധീനമുപയോഗിച്ചാണ് അനുമതി നേടിയെടുത്തതെന്നായിരുന്നു ആരോപണം.

7 ലക്ഷം കോടി ഡോളര്‍ കൈക്കൂലിയായി കൊടുത്തുവെന്നാണ് ഇന്ദ്രാണി മുഖര്‍ജി എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ത്തിയുടെ ബിസിനസിന് സഹായം ചെയ്തു കൊടുക്കണമെന്നും വിദേശത്ത് വച്ച് പണം കൈമാറണമെന്നും ചിദംബരം ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് ഡല്‍ഹിയിലെ ഹയാത്ത് ഹോട്ടലില്‍ വെച്ച് കാര്‍ത്തി ചിദംബരത്തെ കണ്ടിരുന്നുവെന്നും അവിടെവെച്ച് പത്തു ലക്ഷം ഡോളര്‍ ആവശ്യപ്പെട്ടുവെന്നും ഇന്ദ്രാണി ആരോപിക്കുന്നു. പിന്നീട് ചെസ് മാനേജ്‌മെന്റ് ആന്റ് അഡ്വാന്റേജ് സ്ട്രാറ്റജിക് വഴി പണം നല്‍കിയാല്‍ മതിയെന്ന് കാര്‍ത്തി പറഞ്ഞതായും അവര്‍ പറഞ്ഞു.

ഷീന ബോറ കൊലക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പീറ്റര്‍ മുഖര്‍ജിയുടെയും ഇന്ദ്രാണി മുഖര്‍ജിയുടെയും ഉടമസ്ഥതയിലുള്ളതാണ് ഐ.എന്‍.എക്‌സ്. മീഡിയ കമ്പനി. 2007ല്‍ മൗറീഷ്യസിലുള്ള മൂന്നു കമ്ബനികളില്‍ നിന്നായി സ്ഥാപനം 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചു. 4.62 കോടി രൂപ സ്വീകരിക്കാനേ വിദേശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതിയുണ്ടായിരുന്നുള്ളൂ. ആദ്യം വിസമ്മതിച്ചെങ്കിലും എഫ്.ഐ.പി.ബി. പിന്നീടിതിന് അംഗീകാരം നല്‍കി. അന്നു കേന്ദ്ര ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ മകനെന്ന നിലയില്‍ കാര്‍ത്തി സ്വാധീനം ചെലുത്തിയാണ് അനുമതി നേടിക്കൊടുത്തതെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം. ഇതിനായി കാര്‍ത്തി കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തി.

കാര്‍ത്തിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സട്ടിങ്ങിന് 10 ലക്ഷം രൂപ ഐ.എന്‍.എക്‌സ്. മീഡിയ നല്‍കിയെന്നു തെളിയിക്കുന്ന രേഖ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ഇതു കൂടാതെ മറ്റു പല കമ്ബനികള്‍ മുഖേനയും ഐ.എന്‍.എക്‌സ്. മീഡിയ കാര്‍ത്തിക്കു പണം നല്‍കിയതായും സംശയിക്കുന്നു.

Advertisment