Advertisment

എന്റെ രൂപത്തെക്കുറിച്ചോർത്ത് ഞാൻ സങ്കടപ്പെട്ടിട്ടുണ്ട്. ആരും അറിയാതെ ജിമ്മിൽ പോയി നോക്കി. പക്ഷെ ഈ ‘തടി’കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ്‌ തിരിച്ചയച്ചു- തുറന്നു പറഞ്ഞ് ഇന്ദ്രന്‍സ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

എന്റെ രൂപത്തെക്കുറിച്ചോർത്ത് ഞാൻ സങ്കടപ്പെട്ടിട്ടുണ്ടെന്ന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ നടന്‍ ഇന്ദ്രന്‍സ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു അന്നു ഞാൻ ആഗ്രഹിച്ചത്.

പക്ഷേ, സിനിമാലോകം എനിക്ക് സമ്മാനിച്ചത് കോമഡി ക്യാരക്ടറുകളായിരുന്നു- മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.

കുട്ടിക്കാലത്ത് നാടകം കളിക്കുമ്പോൾ പോലീസ് കഥാപാത്രങ്ങളായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷേ, എന്റെ രൂപത്തിന് ചേർന്ന വേലക്കാരൻ വേഷങ്ങളായിരുന്നു കൂട്ടുകാർ എനിക്ക് സമ്മാനിച്ചത്.

publive-image

സിനിമാനടനായി എത്തിയപ്പോൾ ആരും അറിയാതെ ബോഡി ബിൽഡ് ചെയ്യാൻ ഞാൻ ജിമ്മിൽ പോയി. പക്ഷേ, ഈ ‘തടി’കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ്‌ അവർ തിരിച്ചയച്ചു.

സിനിമയിൽ കുടക്കമ്പി, സോഡാക്കുപ്പി എന്നീ ഇരട്ടപ്പേര് വീണപ്പോഴും ഞാൻ സങ്കടപ്പെട്ടില്ല. എന്നെ കാണുമ്പോൾ കുട്ടികൾമുതൽ മുതിർന്നവർവരെയുള്ളവരുടെ മുഖത്ത് വിരിയുന്ന ചിരി എനിക്കൊരു പോസറ്റീവ് എനർജിയായിരുന്നു.’

’ഹാസ്യ കഥാപാത്രങ്ങളിൽനിന്ന് ഗൗരവമാർന്ന കഥാപാത്രങ്ങളിലേക്കുള്ള ഇന്ദ്രൻസിന്റെ യാത്ര തികച്ചും അപ്രതീക്ഷിതമായിരുന്നു. ടി.വി. ചന്ദ്രൻ, എം.പി. സുകുമാരൻ നായർ, അടൂർ എന്നിവരുടെ ചിത്രങ്ങളിലൂടെയായിരുന്നു ആ ഗതിമാറ്റം.

‘‘ഞാൻ ബോധപൂർവം മാറിയതല്ല. മാറുന്ന സിനിമയ്ക്കൊപ്പം ഞാനും സഞ്ചരിച്ചപ്പോൾ എനിക്കും മാറ്റം വന്നു. നല്ല കഥാപാത്രങ്ങളുമായി ചെറുപ്പക്കാർ വന്നപ്പോൾ കയ്യും മെയ്യും മറന്ന് ഞാൻ അവർക്കൊപ്പം നിന്നു. ഒരു കഥാപാത്രം കിട്ടിയാൽ എനിക്ക് പരിചയമുള്ള ചില യഥാർഥ മനുഷ്യരുമായി ഞാനത് തട്ടിച്ച് നോക്കും.

publive-image

പിന്നീട് അതുപോലെ പെരുമാറും. എന്റെ ആ അനുകരണമാണ് കഥാപാത്രത്തിനുള്ള എന്റെ ഹോം വർക്ക്. അതിൽ കുറെ മികച്ച കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. അംഗീകാരങ്ങളും പ്രേക്ഷകപ്രീതിയും കിട്ടുമെങ്കിലും ഞാൻ സന്തോഷിക്കുന്നത് കോമഡി ക്യാരക്ടർ ചെയ്യുമ്പോഴാണ്.

കാരണം അത് കാണുന്ന പ്രേക്ഷകരുടെ മുഖത്ത് വിരിയുന്നത് സന്തോഷവും സീരിയസ് കഥാപാത്രങ്ങൾ കാണുമ്പോൾ ദുഃഖവും സങ്കടവുമാണ്. കോമഡി ക്യാരക്ടറുകളെ തള്ളിപ്പറയാൻ കഴിയില്ല. പണ്ട് ഞാൻ അവതരിപ്പിച്ച കോമഡി ക്യാരക്ടറുകൾ ടിവിയിൽ കണ്ടാണ് ഇന്നത്തെ തലമുറ എന്നെ തിരിച്ചറിയുന്നത്.

തിരിഞ്ഞുനോക്കുമ്പോൾ മിന്നായംപോലെ പിന്നിട്ട കാലം മനസ്സിലൂടെ ഓടിമറയുന്നുണ്ട്.കുട്ടിക്കാലം, പഠിക്കാൻ മിടുക്കനായിട്ടും 4-ാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നവന്റെ ദുഃഖം.

publive-image

അന്നത്തെ ഓണക്കാലം, വിശപ്പ്, ആഘോഷങ്ങൾ. നാടകക്കാരനായി ഉത്സവപ്പറമ്പുകളിൽ അലയുമ്പോൾ ഒന്നും പറയാതെ പ്രോത്സാഹിപ്പിച്ച അച്ഛൻ. തയ്യൽ പഠിപ്പിച്ച അമ്മാവൻ. പേട്ട കാർത്തികേയയിൽനിന്നും പട്ടം സലീം ടാക്കീസിൽനിന്നും കണ്ട സിനിമകൾ. നടി അംബികയ്ക്ക് വേണ്ടി ആദ്യമായി ബ്ലൗസ് അടിച്ച് കൊടുത്തത്.

സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയ മോഹൻദാസ് ചേട്ടൻ, കെ.സുകുമാരൻ നായരുടെ ചൂതാട്ടം എന്ന ആദ്യത്തെ സിനിമാ സെറ്റ്. സിനിമയിലെ വസ്ത്രാലങ്കാരത്തിന്റെ ബാലപാഠം പഠിപ്പിച്ച വേലായുധേട്ടൻ.

എന്നെ ക്യാമറയ്ക്ക് മുന്നിൽ നിർത്തിയ ലോഹിയേട്ടൻ, രാജസേനൻ, റാഫി മെക്കാർട്ടിൻ, സിബി സാർ, ബാലു കിരിയത്ത്, എന്റെ സുഖദുഃഖങ്ങളിൽ പങ്കാളിയായ ഭാര്യ.... എല്ലാവരോടും നന്ദിയുണ്ട്. എന്റെ അമ്മയുടെ വയറിന്റെ പുണ്യമായിരിക്കാം ഈ ജന്മം.

വിശ്വസിച്ചാൽ ഇരട്ടി വാരിക്കോരി കൊടുക്കും സിനിമ. സിനിമയ്ക്ക് ആരെയും ആവശ്യമില്ല. നമുക്കാണ് സിനിമ ആവശ്യം. അഹങ്കാരം പാടില്ല. എളിമയാണ് ഇവിടെ ആവശ്യം. ജീവിതം പഠിപ്പിച്ചത് അതാണ്

indrans malayala cinema
Advertisment