Advertisment

ആരവങ്ങള്‍ക്കപ്പുറം നടനവിസ്മയം നെടുമുടിയുമായി അല്‍പ്പനേരം

author-image
admin
Updated On
New Update

സിനിമാഭിനയത്തിന് ക്ലാസിക്കല്‍ സ്വഭാവം നല്‍കിയ നടനാണ് നെടുമുടി വേണു. ഗ്രാമീണത്തനിമയും പാരമ്പര്യ കലകളുടെ സൗന്ദര്യവും ചാലിച്ചു ചേര്‍ത്തതാണ് സിനിമയിലെ നെടുമുടിച്ചട്ടം. ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് മലയാളത്തിന് വ്യതിരിക്തമായ മുഖം സമ്മാനിച്ച എണ്ണപ്പെട്ട കലാകാരന്മാര്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. സിനിമയില്‍ തന്റേതായ പാത വെട്ടിത്തുറക്കുന്നതിനു മുമ്പുതന്നെ കൈവച്ച മേഖലകളിലെല്ലാം പച്ചതൊട്ടതാണാ പ്രതിഭ. അധ്യാപനവും പത്രപ്രവര്‍ത്തനവും മുതല്‍ തനതു നാടക വേദി വരെ നീളുന്ന വ്യത്യസ്ത വഴികള്‍. ആലപ്പുഴയിലെ നെടുമുടിയില്‍ നിന്ന് കലാജീവിതം തുടങ്ങിയ കെ വേണുഗോപാല്‍ എന്ന നെടുമുടി വേണു ഇന്ന് മലയാളികളുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ്. അഭിനയ രംഗത്തുള്ളവര്‍ക്കും തുടക്കക്കാര്‍ക്കും മികച്ച പാഠപുസ്തകമാണ് നെടുമുടി വേണുവിന്റെ കഥാപാത്രങ്ങള്‍. മലയാളചലച്ചിത്രകോലത്തെ കാരണവന്മാരില്‍ ഒരാളാണ് അറുപത്തിയെട്ട്കാരനായ നെടുമുടി വേണു. വളരെ മുന്നേ തന്നെ സിനിമയുടെ ഭാഗമായ വേണു നായകനായും സഹനടനായും വില്ലനായും, അച്ഛനും അമ്മാവനുമായുമെല്ലാം പലവട്ടം മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ യുവതാരങ്ങളെല്ലാം ബഹുമാനിയ്ക്കുന്ന വ്യക്തികൂടിയാണ് നെടുമുടി വേണു അദ്ദേഹവുമായി റിയാദ് സന്ദര്‍ശനവേളയില്‍ അല്‍പ്പനേരം സത്യം ഓണ്‍ലൈന്‍ സൗദി ബ്യൂറോ ചീഫ് ജയന്‍ കൊടുങ്ങല്ലൂര്‍ സംസാരിച്ചപ്പോള്‍ ആരവങ്ങള്‍ ഇല്ലാതെ മലയാളത്തിന്റെ രാമവര്‍മ്മ തമ്പുരാന്‍. ചെല്ലപന്‍ ആശാരി അങ്ങനെ നമ്മെ വിസ്മയിപ്പിച്ച കഥാപാത്രങ്ങളിലൂടെ ജീവിച്ച മലയാളത്തിന്റെ നടന വിസ്മയം അറിഞ്ഞതും പറഞ്ഞതും പറയാനുള്ളതും അല്ല്പ്പനേരം പങ്കുവെച്ചപ്പോള്‍

Advertisment

publive-image

സത്യം ഓണ്‍ലൈന്‍ ന്യൂസ്‌  സൗദി ബ്യൂറോ ചീഫ്‌ റിപ്പോര്‍ട്ടര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ നെടുമുടി വേണുവുമായി  അഭിമുഖം നടത്തുന്നു.

നെടുമുടിയെക്കുറിച്ച്, നാടകത്തെകുറിച്ച്, സിനിമയിലേയും ജീവിതത്തിലേയും മനുഷ്യരെകുറിച്ച്.....? സമ്പന്നമായ ഗ്രാമജീവിതത്തിന്റെ ഓര്‍മകള്‍ താങ്കളുടെ കലാജീവിതത്തിന് വളവും വെള്ളവുമായിട്ടുണ്ടല്ലോ. കുട്ടിക്കാലത്തെക്കുറിച്ചും വീടിനെക്കുറിച്ചും എങ്ങനെ ഓര്‍ക്കുന്നു?

ഒരു അധ്യാപക കുടുംബമായിരുന്നു എന്റേത്. അച്ഛനും അമ്മയും അമ്മാവനും അധ്യാപകരായിരുന്നു. കൊട്ടാരം എന്‍ എസ് യുപി സ്കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്കൂള്‍, ആലപ്പുഴ എസ്ഡി കോളേജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുട്ടിക്കാലത്തുതന്നെ മൃദംഗം, ഘടം തുടങ്ങിയ വാദ്യോപകരണങ്ങളില്‍ താല്‍പര്യമുണ്ടായിരുന്നു. അന്ന് നാട്ടിന്‍പുറത്ത് എന്റെ അച്ഛനും അമ്മയും പഠിപ്പിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. അധ്യാപകരുടെ മക്കളായ ഞങ്ങളെ എല്ലാവര്‍ക്കും അറിയാം. മാത്രമല്ല സമൂഹത്തിനുമുന്നില്‍ നന്നായി ജീവിക്കാനുള്ള ഉത്തരവാദിത്തവും ഞങ്ങള്‍ക്കുണ്ടായിരുന്നു. കുട്ടികളായ ഞങ്ങള്‍ക്ക് അത് പലപ്പോഴും ബാധ്യതയായിരുന്നു. കുട്ടിക്കാലത്തിന്റെ പല കുസൃതികളും ഇതുകാരണം കാണിക്കാന്‍ പറ്റിയിരുന്നില്ല. നാടകത്തില്‍ അഭിനയിച്ചും ചിലരെ കളിയാക്കിയുമൊക്കെയാണ് ഇത്തരം കുസൃതികള്‍ ഞാനൊക്കെ കാണിച്ചിരുന്നത്. കുഞ്ചന്‍ നമ്പ്യാരുടെ ശൈലിയിലായിരുന്നു അതൊക്കെ. ചെറുപ്പം മുതലേ അഭിനയം കൂടെയുണ്ടായിരുന്നു. അച്ഛന്‍ വീട്ടില്‍നിന്ന് പോയാല്‍ അച്ഛനായി അഭിനയിക്കുക, വീട്ടില്‍ വരുന്ന പ്രത്യേകതയുള്ള ആളുകളെ അനുകരിക്കുക, അവരുടെ സംസാരം, നടത്തം ഇവയെല്ലാം അവതരിപ്പിക്കുക അങ്ങനെയൊക്കെയുള്ള പരിപാടികള്‍ ഉണ്ടായിരുന്നു. ? ക്യാമ്പസ്, അധ്യാപകജീവിതം, ആദ്യകാല കലാപ്രവര്‍ത്തനങ്ങള്‍ എന്നിവയെകുറിച്ച് വിശദമാക്കാമോ. = ഡിഗ്രിക്ക് മലയാളം പഠിക്കണമെന്ന് എനിക്ക് തോന്നി. ആ വര്‍ഷമാണ് എസ് ഡി കോളേജില്‍ മലയാളം കോഴ്സ് തുടങ്ങിയത്. 36 പേരായിരുന്നു ക്ലാസില്‍. ആദ്യ ക്ലാസില്‍തന്നെ പ്രൊഫ. രാമവര്‍മ്മ തമ്പുരാന്‍ വന്ന് ആരാണ് കെ വേണുഗോപാല്‍ എന്ന് ചോദിച്ചു. ഞാനാണെന്നു പറഞ്ഞു. ക്ലാസിലെ 36 പേരില്‍ 35 പേരും മറ്റു വിഷയങ്ങള്‍ കിട്ടാത്തതുകൊണ്ട് മലയാളം എടുത്തവരാണന്ന് അദ്ദേഹം പറഞ്ഞു. മലയാളം മതി എന്നു എഴുതിത്തന്ന ഒരാള്‍ ഞാന്‍ മാത്രമേ ക്ലാസിലുള്ളൂ. അങ്ങനെ തുടക്കത്തില്‍ തന്നെ എനിക്ക് പ്രത്യേകാംഗീകാരം കിട്ടി. അന്നേ അധ്യാപനം എനിക്ക് ഇഷ്ടമായിരുന്നു. അങ്ങനെയാണ് ബിഎ കഴിഞ്ഞിട്ട് ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് "ശ്രീവിദ്യ" എന്ന പേരില്‍ ട്യൂട്ടോറിയല്‍ കോളേജ് തുടങ്ങിയത്. രാത്രി കോളേജിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നതും എസ്എസ്എല്‍സി തോറ്റ കുട്ടികളുടെ വീടുകളില്‍ പോസ്റ്റര്‍ കൊണ്ടിടുന്നതും എല്ലാം ഞങ്ങള്‍ തന്നെയായിരുന്നു. ഏറെ ആസ്വദിച്ചാണ് പഠിപ്പിച്ചിരുന്നത്. കവിതകളൊക്കെ ഈണത്തില്‍ ചൊല്ലിക്കൊടുക്കും. ഈണത്തില്‍ ചൊല്ലുമ്പോള്‍ കവിത പഠിക്കാന്‍ വളരെ എളുപ്പമാണ്. അര്‍ഥം പെട്ടെന്ന് മനസ്സിലാക്കാനും പറ്റും. കവിയെക്കുറിച്ചും കവിതയെക്കുറിച്ചും അനുബന്ധമായി ഒരുപാട് കാര്യങ്ങള്‍ പറയുമായിരുന്നു. ക്ലാസില്‍ രസകരമായ കഥകള്‍ പറയും. അതുകൊണ്ടൊക്കെ എന്റെ ക്ലാസില്‍ മലയാളം പഠിക്കേണ്ടാത്ത കുട്ടികളും വന്നിരിക്കുമായിരുന്നു. മനസ്സ് വേറൊരിടത്തേക്കും ചലിക്കാതെ നമ്മിലേക്ക് തന്നെ അവര്‍ കണ്ണുംനട്ടിരിക്കും. ആ കണ്ണുകള്‍ വിടരുന്നത് കാണുന്നതുതന്നെ വലിയ സന്തോഷമായിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഗോപാലപ്പണിക്കര്‍ സാറിന്റെ ആഴ്ചയിലെ ഒരു പിരീഡ് കഥ പറയാനുള്ളതായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജബഹദൂര്‍, ചരിത്രകഥകള്‍, പുരാണകഥകള്‍... ഇതൊക്കെ അദ്ദേഹം പറയും. സിനിമ കാണുന്നതുപോലെയായിരുന്നു ഞങ്ങളന്ന് കഥ കേട്ടിരുന്നത്. ഇത് എന്നെ ഏറെ സ്വാധീനിച്ചിരുന്നു. അതുകൊണ്ട് തന്നെ ഏറെ ഇഷ്ടത്തോടെയാണ് ഞാന്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടത്. നാലുവര്‍ഷത്തോളം അധ്യാപകനായി. സുഹൃത്ത് വിളിച്ചിട്ട് ആലപ്പുഴയില്‍ ഒരു കോളേജിലും കുറച്ചുകാലം ക്ലാസെടുത്തു. ആ സമയത്തൊക്കെ എന്റെ ഭ്രാന്ത് മുഴുവന്‍ കൊട്ട്, പാട്ട്... അതുമായി ബന്ധപ്പെട്ട മേഖലകള്‍, നാടകാഭിനയം എന്നിവയിലൊക്കെയായിരുന്നു. അപ്പോഴേക്കും ട്യൂട്ടോറിയലില്‍ പഠിപ്പിച്ചിരുന്ന സുഹൃത്തുക്കളൊക്കെ ജോലി കിട്ടി പല സ്ഥലങ്ങളിലേക്ക് പോയിരുന്നു. ഒറ്റയ്ക്ക് നടത്തേണ്ട അവസ്ഥ വന്നതോടെ ഞാനും ട്യൂട്ടോറിയല്‍ ഉപേക്ഷിച്ചു. ആലപ്പുഴയില്‍ ജവഹര്‍ ബാലഭവന്‍ തുടങ്ങിയ സമയത്ത് അവിടുത്തെ കുട്ടികളെ നാടകം പഠിപ്പിക്കാന്‍ അവസരം കിട്ടി. അതും വളരെ രസകരമായിട്ടാണ് ഞാന്‍ ചെയ്തത്. കുട്ടികളൊന്നും പ്രീ കണ്‍സീവ്ഡ് അല്ല. ഡോക്ടര്‍ എന്നു പറഞ്ഞാല്‍ അവരുടെ മനസ്സില്‍ നിന്ന് ഒരു ഡോക്ടര്‍ ഉണ്ടാകും.

സ്കൂളില്‍ പോകുമ്പോള്‍ വഴിയരികിലെ മാവില്‍നിന്ന് മാങ്ങ എറിഞ്ഞിട്ട് തിന്നുന്നത് കാണിക്കാന്‍ പറഞ്ഞാല്‍ പതിനഞ്ച് കുട്ടികള്‍ പതിനഞ്ച് തരത്തിലാണ് കാണിക്കുക. മാവോ കല്ലോ ചോറ്റ് പാത്രമോ ഒന്നുമില്ലാതെയാണ് അവരുടെ അഭിനയം. കുട്ടികളുടെ ഇത്തരം വാസനകള്‍ ഞാന്‍ തിരിച്ചറിഞ്ഞത് ആ സമയത്താണ്. ഞാന്‍ തന്നെ എഴുതിയ "കൊട്ടാരം കളി" എന്ന നാടകം കുട്ടികളെ പഠിപ്പിച്ച് അതിന് തിരുവനന്തപുരത്ത് നടന്ന അഖിലകേരള നാടകോത്സവത്തില്‍ ഒന്നാം സമ്മാനം കിട്ടുകയും മികച്ച നടന്‍, നടി എന്നിങ്ങനെ സമ്മാനം ലഭിക്കുകയും ചെയ്തു. അതൊക്കെ അന്നത്തെ ഇടവേളകളില്‍ ചെയ്ത ജോലിയായിരുന്നു. പിന്നീട് കാവാലത്തിന്റെ ട്രൂപ്പില്‍ നാടകം ചെയ്യുമ്പോഴും പുതിയ ആള്‍ക്കാരെ ഡയലോഗ് പഠിപ്പിക്കലും മൂവ്മെന്റ്സ് ശരിയാക്കലുമെല്ലാം എന്റെ ചുമതലയായിരുന്നു

താങ്കളുടെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് ഒന്ന് പറയാമോ?

നാടകം ആയിരുന്നു ചെറുപ്പത്തിലെ പ്രധാന ഹോബി ഒരുപാട് ചെറുതും വലുതമായ നാടകങ്ങളില്‍ മുഖം കാണിച്ചു അധ്യാപന ജീവിതത്തിനുശേഷം അഞ്ചു വര്‍ഷത്തോളം കലാകൗമുദി, ഫിലിം മാഗസിന്‍ എന്നിവയില്‍ പത്ര പ്രവര്‍ത്തകനായി. 1978-ല്‍ ജി അരവിന്ദന്റെ "തമ്പ്" എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തി. തുടര്‍ന്ന് ഭരതന്റെ ആരവം, തകര, ചാമരം തുടങ്ങി നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചു. മോഹമുള്ള്, ഇന്‍ഡ്യന്‍, അന്യന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും "ഭാഗോഭൂത്" എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു.

ഏഴു തവണ മികച്ച നടനും സഹനടനുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം കിട്ടി. നല്ല സഹനടനും നല്ല അവതാരകനും "മാര്‍ഗ" ത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശവും അടങ്ങുന്ന ദേശീയ പുരസ്കാരങ്ങള്‍. രണ്ടു തവണ മികച്ച നടനുള്ള പുരസ്കാരവും തുടര്‍ന്ന് ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡും ഫിലിം ഫെയറില്‍ നിന്ന്. മാര്‍ഗത്തിലെ അഭിനയത്തിന് ക്യൂബയിലെ ഹവാനയില്‍ നടന്ന അന്തര്‍ ദേശീയ ചലച്ചിത്ര മേളയിലും "സൈറ" യിലെ അഭിനയത്തിന് സിംബാം വ്വേ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലും ഏറ്റവും നല്ല നടനുള്ള പുരസ്കാരം ലഭിച്ചു.

താങ്കളുടെ ആദ്യസിനിമ പദ്മരാജന്റെ തമ്പ് ആരവമാണ് താങ്കള്‍ ശ്രദ്ധിക്കപെട്ടസിനിമ ആരവം വേണ്ടത്രവിജയിക്കാതെ പോയത് എന്തുകൊണ്ട്?

ചില ക്ലാസിക് സിനിമകള്‍ കാലം തെറ്റി റിലീസ് ചെയ്യാറുണ്ട്. പ്രേക്ഷകര്‍ അവയോട് നിഷ്‌കരുണം മുഖം തിരിക്കുകയും ചെയ്യും കാരണം പ്രസ്തുതകാലത്തിലെ പ്രേക്ഷകരോട് താദാത്മ്യം പ്രാപിക്കുവാന്‍ ചിത്രത്തിന് കഴിയുകയില്ല. ഭരതന്റെ ആരവം ഇപ്രകാരമിറങ്ങിയ ചിത്രമായിരുന്നു മലയാളത്തിന്റെ തനതു ചിത്രസങ്കല്പത്തിന്റെ തുടക്കമായിരുന്നു ഇത്. പ്രമീളയും സുചിത്രയുമടക്കമുള്ള നടികള്‍ ആവശ്യത്തിന് മേനിയഴകു കാട്ടിയിട്ടും ആരവങ്ങളില്ലാതെ ചിത്രം കെട്ടടങ്ങി. കാട്ടില്‍ വേട്ടയാടിയും സ്ത്രീയില്‍ കാമം തീര്‍ത്തും നടക്കുന്ന മരുതാണ് ഈ ചിത്രത്തിന്റെ നായകന്‍. മരുതിന്റെ റോളിലേക്ക് കമലഹാസനെയാണ് ഭരതന്‍ കണ്ടിരുന്നത്. കഥാപാത്രത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ കമലഹാസന്‍ അഭിനയിക്കാന്‍ സന്നദ്ധനുമായിരുന്നു. എന്നാല്‍ കാള്‍ഷീറ്റ് പ്രശ്‌നം കാരണം അദ്ദേഹത്തിന് ഭരതനുമായി ഒന്നിക്കാന്‍ കഴിഞ്ഞില്ല പക്ഷെ ആകസിമികമായി എനിക്കാണ് അവസരം കിട്ടിയത് .പക്ഷെ അതെ വര്ഷം ഇറങ്ങിയ തകര വന്‍വിജയമായിരുന്നു.കേരളത്തിലെ ജനങ്ങള്‍ ചെല്ലപ്പന്‍ ആശാരിയെ ഒരിക്കലും മറക്കില്ല.

താങ്കള്‍ ചെയ്ത സിനിമ പൂരം വിജയമായിരുന്നോ? തിരകഥകള്‍ എഴുതുമ്പോള്‍ സ്വയം സംവിധാനം ചെയ്യന്നമെന്ന് തോന്നാറുണ്ടോ:

"പൂരം" എന്ന സിനിമ സംവിധാനം ചെയ്തു.വളരെ അല്ല മികച്ച അഭിപ്രായമാണ് ആ സിനിമക്ക് കിട്ടിയത് സാമ്പത്തികമായി വിജയമായിരുന്നു പൂരം എന്നാ സിനിമ കാറ്റത്തെ കിളിക്കൂട്, തീര്‍ത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കടംകഥപോലെ തുടങ്ങി ഏതാനും ചിത്രങ്ങള്‍ക്ക് കഥയെഴുതി. "കൈരളീ വിലാസം ലോഡ്ജ്" എന്ന ടെലി സീരിയലും സംവിധാനം ചെയ്തു.

നാട്ടുകാരന്‍ കൂടിയായ കാവാലവുമായുള്ള ബന്ധമാണല്ലോ കലാപ്രവര്‍ത്തനത്തിന് വഴിത്തിരിവായത്. അദ്ദേഹവുമായുള്ള ആദ്യകാലപ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കാമോ?

കോളേജില്‍ പഠിക്കുമ്പോള്‍ ഇന്നത്തെ ചലച്ചിത്ര സംവിധായകന്‍ ഫാസിലുമായിച്ചേര്‍ന്ന് ഹാസ്യരസപ്രദാനമായ കലാപരിപാടികള്‍ കേരളത്തിനകത്തും പുറത്തും അവതരിപ്പിച്ചിരുന്നു. ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച "ജീവപര്യന്തം" എന്ന നാടകം കണ്ടാണ് കാവാലം നാടക ട്രൂപ്പിലേക്ക് ക്ഷണിക്കുന്നത്. കാവാലത്തോടൊപ്പം ഞങ്ങള്‍ അവതരിപ്പിച്ച ആദ്യ നാടകം പരാജയമായിരുന്നു. പിന്നീട് ഞാനും ഫാസിലുമൊക്കെ ചേര്‍ന്ന് കാവാലത്തിന്റെ തന്നെ "തിരുവാഴിത്താന്‍" ചെയ്തു. അതും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അപ്പോഴേക്കും കൂടെയുണ്ടായിരുന്ന പലരും ട്രൂപ്പ് വിട്ടു. ഞങ്ങള്‍ പിന്നീട് "ദൈവത്താര്‍" നാടകം അവതരിപ്പിച്ചു. അത് വിജയിച്ചു. ആലപ്പുഴയിലായിരുന്നു കാവാലത്തിന്റെ നാടകത്തിന്റെ സെന്റര്‍. കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിനായി കാവാലം സകുടുംബം തിരുവനന്തപുരത്തേക്ക് വന്നു. "അവനവന്‍ കടമ്പ"യായിരുന്നു അക്കാലത്ത് അവതരിപ്പിച്ച നാടകം. അരവിന്ദനായിരുന്നു സംവിധായകന്‍. പക്ഷേ ഇവിടെയുള്ള നടീനടന്മാര്‍ക്ക് ഈ നാടകസമ്പ്രദായവുമായിട്ട് തീരെ പരിചയമില്ല. അതുകൊണ്ട് ഞാനും നാടകത്തിന്റെ ഭാഗമാകണമെന്ന് കാവാലം പറഞ്ഞു. പരമ്പരാഗതവും നാടോടീയവുമായ കലാസംസ്കാരത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള നാടക സംരഭങ്ങളായിരുന്നു തിരുവരങ്ങിലേത്. അങ്ങനെ ഞാനും തിരുവനന്തപുരത്തെത്തി. ഇവിടെ റിഹേഴ്സലിലൊക്കെ സജീവമായി. വല്ലപ്പോഴുമാണ് നാടകത്തിന് വേദി കിട്ടിയിരുന്നത്. അതുകൊണ്ട് തന്നെ വരുമാനമൊക്കെ കുറവായിരുന്നു. അക്കാദമി വാര്‍ഷികം, സാഹിത്യസമ്മേളനം എന്നിവയോടൊക്കെ അനുബന്ധമായാണ് നാടകം കളിച്ചിരുന്നത്. കാവാലത്തിന്റെ ദൈവത്താര്‍, ഭഗവദ്ജ്ജുഗം, അവനവന്‍ കടമ്പ, ഭാസന്റെ മധ്യമവ്യായോഗം എന്ന സംസ്കൃത നാടകത്തിലും അഭിനയിച്ചു. കേരളത്തിനകത്തും പുറത്തും നിരവധി നാടകോത്സവങ്ങളില്‍ പങ്കെടുത്തു. കാവാലത്തിനു പുറമെ ജി അരവിന്ദന്‍, കുമാരവര്‍മ തുടങ്ങിയവരായിരുന്നു സംവിധായകര്‍. ഭരത് ഗോപി, കൈതപ്രം, ജഗന്നാഥന്‍, കൃഷ്ണന്‍കുട്ടിനായര്‍ തുടങ്ങിയവരായിരുന്നു സഹപ്രവര്‍ത്തകര്‍

ഒരുപക്ഷേ അധികമാര്‍ക്കുമറിയാത്ത കാര്യമാണ്  താങ്കളുടെ   പത്രപ്രവര്‍ത്തന ജീവിതത്തെക്കുറിച്ച്. ?  എങ്ങനെയാണ് മാധ്യമപ്രവര്‍ത്തനത്തിലെത്തിയത്

ചുരുങ്ങിയ കാലമാണെങ്കിലും ഈ രംഗത്ത് വ്യത്യസ്തമായ ഒരു വഴിതെളിയിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട് എനിക്ക് ജോലി അത്യാവശ്യമാണെന്ന് തോന്നിയതിനാല്‍ കാവാലവും അരവിന്ദനും കലാകൗമുദിയില്‍ ചെന്ന് എം എസ് മണിയെ കണ്ട് കാര്യം പറഞ്ഞു. ഉടനെതന്നെ ജോയിന്‍ ചെയ്യാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. ഞാനാദ്യം എഴുതിയത് ബോംബെ ലിറ്റില്‍ ബാലെ ട്രൂപ്പിന്റെ പഞ്ചതന്ത്രം ബാലെയെക്കുറിച്ചാണ്. പിആര്‍ഡിയുടെ ഒരു പരിപാടിയോടനുബന്ധിച്ചാണ് തിരുവനന്തപുരത്ത് ആ ബാലെ കളിച്ചത്. നാടക സങ്കേതത്തെക്കുറിച്ചും നൃത്തത്തെക്കുറിച്ചും താളത്തെക്കുറിച്ചും സാമാന്യധാരണ ഉണ്ടായിരുന്നതുകൊണ്ട് അതൊക്കെ ഉള്‍പ്പെടുത്തി വ്യത്യസ്തമായി ചെയ്യാന്‍ പറ്റി. അത് എല്ലാവര്‍ക്കും ഇഷ്ടമായി. പിന്നെ എനിക്ക് വാര്‍ത്തകള്‍ എഴുതുന്നതില്‍ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇഷ്ടമുള്ള വിഷയത്തെക്കുറിച്ച് എഴുതാം. ആരെയും ഇന്റര്‍വ്യു ചെയ്യാം. അങ്ങനെയൊക്കെയായിരുന്നു. അക്കാലം ഞാന്‍ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോഴൊക്കെയാണ് ഓഫീസില്‍ പോയിരുന്നത്. എവിടെ പോയി, എന്തിനു പോയി എന്നൊന്നും ആരും ചോദിച്ചിരുന്നില്ല. അരവിന്ദനോടും കാവാലത്തിനോടുമൊക്കെയുള്ള താല്‍പര്യവും എന്നില്‍ എന്തൊക്കെയോ ഉണ്ട് എന്ന തോന്നലുമായിരുന്നു ഇതിനു പിന്നില്‍. ജി ശങ്കരപ്പിള്ള, കൈനിക്കര കുമാരപിള്ള, തോപ്പില്‍ ഭാസി, കെ ടി മുഹമ്മദ്, സി എന്‍ ശ്രീകണ്ഠന്‍നായര്‍, എന്‍ എന്‍ പിള്ള തുടങ്ങിയ പ്രമുഖ നാടകകൃത്തുക്കളെയെല്ലാം അന്ന് ഞാന്‍ ഇന്റര്‍വ്യു ചെയ്തു. എല്ലാവരും അറിയേണ്ടവരും എന്നാല്‍ അറിയപ്പെടാതെ പോയവരുമായ ചിലരേയും അവതരിപ്പിക്കാന്‍ കഴിഞ്ഞു. കലാമണ്ഡലം ഹൈദരാലിയെപ്പറ്റി ആദ്യമായി എഴുതിയത് ഞാനാണ്. തായമ്പകയിലെ അദ്വിതീയനായ കലാകാരന്‍ തൃത്താല കേശവന്‍ പൊതുവാളിനെക്കുറിച്ചും ആദ്യം എഴുതിയത് ഞാനാണ്. 40 വര്‍ഷത്തിനു ശേഷം എന്റെ ഒരു സൃഹുത്ത് അത് കണ്ടെടുത്ത് അയച്ചുതന്നിരുന്നു. അത്തരം ലേഖനങ്ങളൊന്നും അന്നാരും എഴുതിയിരുന്നില്ല. കടമ്മനിട്ടപടയണിയെക്കുറിച്ച് ദീര്‍ഘമായ സചിത്ര ലേഖനം അന്നെഴുതി. അതും ഏറെ ശ്രദ്ധിക്കപ്പെട്ടു. സംഗീതജ്ഞരായ എം ഡി രാമനാഥന്‍, ചിട്ടി ബാബു... തുടങ്ങിയവരെക്കുറിച്ചും എഴുതി. ഒറ്റപ്പെട്ട കലാരൂപങ്ങളെ പരിചയപ്പെടുത്തുകയും ആസ്വാദനക്കുറിപ്പ് എഴുതുകയും ചെയ്തു. പിന്നീട് കലാകൗമുദിയുടെ "ഫിലിം മാഗസിന്‍" വന്നു. മലയാളത്തിലെ ഏറ്റവും നല്ല സിനിമാ പ്രസിദ്ധീകരണം "സിനിരമ"ക്കുശേഷം "ഫിലിം മാഗസിന്‍" ആയിരുന്നു. പിന്നീട് സിനിമകളെക്കുറിച്ച് എഴുതാന്‍ തുടങ്ങി. ലൊക്കേഷനില്‍ പോവുക, സംവിധായകര്‍, നടീനടന്മാര്‍, സിനിമയുടെ മറ്റുമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെയെല്ലാം ഇന്റര്‍വ്യു ചെയ്തിരുന്നു. നസീര്‍, മധു, ഷീല, കെ പി ഉമ്മര്‍, അടൂര്‍ ഭാസി, ജയഭാരതി, വിധുബാല, കെ ജി ജോര്‍ജ്, ഹരിഹരന്‍ തുടങ്ങി നിരവധിപേരെ ഇന്റര്‍വ്യു ചെയ്തിട്ടുണ്ട്. അതിനിടെ വിഷുപ്പതിപ്പിന് ഐറ്റങ്ങള്‍ ചെയ്യാന്‍ വേണ്ടി എന്നെയും ഫോട്ടോഗ്രാഫറെയും മദ്രാസിലേക്കയച്ചു. ട്രെയിനില്‍ ജി അരവിന്ദനുമുണ്ടായിരുന്നു. അപ്പോഴേക്കും "തമ്പ്" എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹമാണ് സിനിമയ്ക്കു പിന്നില്‍ ജോലി ചെയ്യുന്നവരെക്കുറിച്ച് സ്റ്റോറി ചെയ്യാന്‍ പറഞ്ഞത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, സപ്ലയര്‍, സിംഹം, പുലി, കടുവ, പാമ്പ് എന്നിവയെയൊക്കെ വാടകയ്ക്ക് കൊടുക്കുന്നവര്‍, കട്ടൗട്ട് വരയ്ക്കുന്നവര്‍... എന്നിങ്ങനെ വിവിധ തരത്തില്‍പെട്ടവരെക്കുറിച്ച് എഴുതുന്നതാകും രസകരമെന്ന് അദ്ദേഹം പറഞ്ഞു. താരങ്ങളെക്കുറിച്ച് ഒരുപാട് വന്നുകൊണ്ടിരിക്കുന്നതിനാല്‍ അതില്‍ പുതുമയില്ലെന്ന് എനിക്കും തോന്നി. അത്തരത്തില്‍ ഒരുപാട് സ്റ്റോറീസും അഭിമുഖങ്ങളും എല്ലാം ചെയ്തു. അന്നുവരെ മലയാളം സിനിമാ ജേര്‍ണലിസത്തില്‍ ഉണ്ടാകാത്ത രീതിയായിരുന്നു അത്. പത്രപ്രവര്‍ത്തനകാലത്തെ വ്യത്യസ്തതയുള്ളതാക്കി മാറ്റാന്‍ എനിക്കു കഴിഞ്ഞിരുന്നു. ആ കാലവും ഞാനേറെ ആസ്വദിച്ചു. എന്തു ജോലി ചെയ്യുമ്പോഴും മറ്റുള്ളവര്‍ ചെയ്യുന്നതില്‍നിന്ന് ഏതെങ്കിലും തരത്തില്‍ വ്യത്യസ്തതയുള്ളതാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു.

publive-image

അധ്യാപക കുടുംബമാണെന്നു പറഞ്ഞല്ലോ. കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തിട്ടുമുണ്ട്. അന്നത്തെ കാലത്തെ അപേക്ഷിച്ച് പുതിയ പഠനരീതിയില്‍ വന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടോ??

വിദ്യാഭ്യാസ രംഗത്ത് കുറച്ചുകാലംകൊണ്ട് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഒരുപാട് കുഴപ്പങ്ങള്‍ ഇന്ന് ഈ രംഗത്തുണ്ട്. ഒരുതരം പാശ്ചാത്യവല്‍ക്കരണം നടക്കുന്നു. വളരെ സമ്പന്നമായ സംസ്കാരവും ചരിത്രവുമുള്ള രാജ്യമാണ് നമ്മുടേത്. സമ്പത്ത് ഒരുപക്ഷേ കുറവായിരിക്കും. നാടിനെക്കുറിച്ചോ, ഇവിടെയുണ്ടായിട്ടുള്ള മഹാന്മാരെക്കുറിച്ചോ, പരിവര്‍ത്തനങ്ങളെക്കുറിച്ചോ നമ്മള്‍ കുട്ടികളെ പഠിപ്പിക്കുന്നില്ല. പുറംനാടുകളില്‍നിന്ന് വരുന്ന പരിഷ്കാരങ്ങളിലേക്ക് കുട്ടികളെ അടുപ്പിക്കാനാണ് ശ്രമിക്കുന്നത്. പോസിറ്റീവായി ചിന്തിച്ചാല്‍ ഇതൊക്കെ തിരിഞ്ഞുവരും. മുപ്പതുവര്‍ഷം മുമ്പ് അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമൊക്കെ പോകുമ്പോള്‍ അവിടത്തെ ഒറ്റ കുട്ടിപോലും മലയാളം പറയുമായിരുന്നില്ല. "ഇന്ത്യ ഈസ് എ ബാക്ക്വേര്‍ഡ്് കണ്‍ട്രി" എന്നാണ് അവര്‍ പഠിച്ചത്. എന്നാല്‍ ഇപ്പോഴത്തെ കുട്ടികളൊക്കെ മലയാളം പഠിക്കുന്നുണ്ട്. അവര്‍ക്ക് കേരളം കാണണമെന്നും ഇവിടെ ജീവിക്കണമെന്നുമുണ്ട്. ഇന്ത്യയെയും മലയാളത്തെയുമൊക്കെ ഇന്ന് കൂടുതല്‍ സ്നേഹിക്കുന്നത് പുറത്തുള്ളവരാണെന്ന് തോന്നുന്നു. ടി വിയൊക്കെ അതിന് വലിയ പങ്കാണ് വഹിച്ചത്. നമ്മുടെ മഴയും കായലും തെങ്ങും വയലുമൊക്കെ കണ്ടിട്ട് കുട്ടികള്‍ക്ക് ഇതിനോടൊക്കെ വലിയ ആവേശം തോന്നുന്നുണ്ട്. ഇവിടത്തെ സിനിമ ആസ്വദിക്കാന്‍ മലയാളം അറിയണം, അതിനാല്‍ അവര്‍ ഭാഷ പഠിക്കുന്നു. നമ്മള്‍ പ്രതീക്ഷിക്കാത്ത കോണുകളില്‍ നിന്നൊക്കെ പല മാറ്റങ്ങളും വന്നുതുടങ്ങി. ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നു. പണ്ട് മലയാളം അറിയില്ല എന്നു പറയുന്നത് വലിയ കാര്യമായിട്ടാണ് കണക്കാക്കിയിരുന്നത്. ഇന്നത് മാറി. അന്നത്തെ അധ്യാപനവും ഇന്നത്തേതും തമ്മില്‍ താരതമ്യം ചെയ്യാനാവാത്തതത്ര അന്തരമുണ്ട്. എന്റെ അമ്മ മുപ്പത്തിയെട്ട് വര്‍ഷമോ മറ്റോ അധ്യാപികമായിരുന്നു. ഈ വര്‍ഷമത്രയും പഠിച്ച കുട്ടികളുടെയും പേര്, അവരുടെ അച്ഛന്റെ പേര്, വീട്ടുപേര്, ആരൊക്കെയുണ്ട് എന്നീ കാര്യങ്ങളൊക്കെ മനസ്സില്‍ കൊണ്ടുനടക്കുമായിരുന്നു. 95-ാമത്ത വയസ്സിലാണ് അമ്മ മരിച്ചത്. അക്കാലമത്രയും പഠിപ്പിച്ച ആരെ കണ്ടാലും അവരുടെ പൂര്‍ണ വിവരങ്ങള്‍ അമ്മ പറയുമായിരുന്നു. നമുക്കൊന്നും ആലോചിക്കാന്‍ കഴിയാത്ത കാര്യമാണ് അതൊക്കെ. ക്ലാസിലെ കുട്ടിയെ വഴിയില്‍വച്ച് കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത അധ്യാപകരാണ് ഇന്ന് പലരും. അത് ആരുടെയും കുറ്റമല്ല. കാലം അങ്ങനെയായിപ്പോയി. അന്ന് അധ്യാപകര്‍ മാതൃകകളായിരുന്നു. രാഷ്ട്രീയത്തിലും സാമൂഹ്യപ്രവര്‍ത്തനത്തിലുമൊക്കെ നിരവധിപേര്‍ അന്ന് മാതൃകകളായുണ്ടായിരുന്നു. പലരേയും പോലെയാകണം എന്ന് കുട്ടികള്‍ക്ക് ആഗ്രഹിക്കാന്‍ മുമ്പില്‍ ആള്‍ക്കാരുണ്ടായിരുന്നു. അത്തരക്കാര്‍ കാലക്രമേണ കുറഞ്ഞില്ലാതായിക്കൊണ്ടിരിക്കുകയാണ്.

പ്രിന്റ്- വിഷ്വല്‍ .സോഷ്യല്‍ മീഡിയകളുടെ ശക്തമായ ഇടപെടല്‍ നമ്മുടെ സമൂഹത്തില്‍ ഇന്നുണ്ട്. പഴയ പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ രംഗത്തെ പുതിയ ചലനങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

തീര്‍ച്ചയായുമുണ്ട്. മീഡിയ ഇന്ന് ഒരു എക്സ്പോസിഷന്‍ പിരീഡിലാണ്. ഒരുപാട് ഉള്ളറകളെ തുറന്നുകാണിക്കാന്‍ മീഡിയയ്ക്ക് കഴിയുന്നുണ്ട്. അത് ഭംഗിയായി ചെയ്യുന്നുമുണ്ട്.പ്രത്യകിച്ച് സോഷ്യല്‍ മിഡിയ. എന്നാല്‍ പലപ്പോഴും പലരും അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്ത വളച്ചൊടിക്കുന്നുണ്ട്. ഓരോ മാധ്യമത്തിന്റെയും സമ്പ്രദായങ്ങളെ തിരിച്ചറിഞ്ഞാല്‍ ഇത്തരം വളച്ചൊടിക്കലുകളെക്കുറിച്ച് നാം വേവലാതിപ്പെടേണ്ടിവരില്ല. ഈ രംഗത്തും മത്സരം ശക്തമാണ്.

എന്തൊക്കെയായാലും ഒരു "കലങ്ങല്‍" നടക്കുന്നുണ്ട്. കലങ്ങിത്തെളിയുമ്പോള്‍ ചില സത്യങ്ങള്‍ പുറത്തുവരും. വിഷ്വല്‍ മീഡിയ വന്നതോടെ ഒന്നും ഒളിച്ചുവയ്ക്കാന്‍ കഴിയാതായിട്ടുണ്ട്. എപ്പോഴും നമുക്കു പിന്നില്‍ ഒരു ക്യാമറ അദൃശ്യമായി നില്‍ക്കുന്നുണ്ട് എന്ന പ്രതീതി ഉണ്ട്. അമ്പതുവര്‍ഷംകൊണ്ട് ഞങ്ങളുടെയൊക്കെ ജീവിതത്തിലുണ്ടായ മാറ്റം ഏതാണ്ട് പതിനഞ്ചുവര്‍ഷം കൊണ്ട് ഇപ്പോഴുണ്ടാകുകയാണ്.

കാലത്തിന്റെ കുതിച്ചുചാട്ടമാണ് നടക്കുന്നത്. പണ്ടത് പതുക്കെയായിരുന്നു. കുട്ടനാട്ടിലൊക്കെ ഒരുപാട് കാലം കാത്തിരുന്നാണ് ഇലക്ട്രിസിറ്റി വന്നത്. വീണ്ടും കുറേക്കഴിഞ്ഞാണ് റേഡിയോ വന്നത്. ഫോണ്‍ വന്നത് പിന്നെയും കുറേ കഴിഞ്ഞാണ്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞാണ് ടി വി വന്നത്. ഇപ്പോഴങ്ങനെയല്ല- ഒരു മഹാസാമ്രാജ്യം ഇങ്ങനെ പെട്ടെന്ന് തുറക്കപ്പെടുകയാണ്.

ആദ്യം ഞങ്ങളൊക്കെ ഒന്നു പരിഭ്രിച്ചുപോകും. എന്നാല്‍ ഇതാണ് റിയാലിറ്റി എന്ന് പെട്ടെന്നുതന്നെ തിരിച്ചറിയുകയും അതുമായി പൊരുത്തപ്പെട്ട് പോകാനുള്ള മനസ്സ് സജ്ജമാക്കുകയും ചെയ്യും. മനസ്സിനെ വീണ്ടും വീണ്ടും പഠിപ്പിച്ചിട്ട് അതിനോട് സമരസപ്പെട്ട് പോകാന്‍ ശ്രമിക്കുകയാണ്. ഇങ്ങനെ ജീവിതത്തിലുണ്ടാകുന്ന മാറ്റം കലയിലും ഉണ്ടായിട്ടുണ്ട്. ?

താങ്കളുടെ തലമുറയുടെ അഭിരുചികള്‍ പുതിയ കാലത്തെത്തുമ്പോഴേക്കും വലിയ മാറ്റത്തിന് വിധേയമായിട്ടുണ്ട്. ഇന്നത്തെ യുവാക്കളുടെ കലാസ്വാദനത്തെയും കാഴ്ചപ്പാടിനേയും എങ്ങനെ വിലയിരുത്തുന്നു?

എക്കാലത്തും സമൂഹത്തിന്റെ അഭിരുചികള്‍ക്ക് മാറ്റം സംഭവിക്കുന്നുണ്ട്. പല രംഗത്തും പുതിയ തലമുറ ഏറെ മുന്നിലാണ്. പഴയ പലതും അവര്‍ക്കു നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഒരുപാട് കാര്യങ്ങളില്‍ അവര്‍ മുന്നില്‍ തന്നെയാണ്. കഥകളിപോലുള്ള കലാരൂപങ്ങള്‍ പുതിയ തലമുറയ്ക്ക് കാണാനുള്ള അവസരം കുറവാണ്. കാവാലത്തിന്റെ 80-ാം പിറന്നാളിന് ഞങ്ങള്‍" അവനവന്‍ കടമ്പ" നാടകം കളിച്ചത് കാണാന്‍ പുതിയ തലമുറയിലെ കുട്ടികള്‍ ഉള്‍പ്പെടെ ഒരുപാടുപേര്‍ വന്നിരുന്നു.

നെടുമുടി വേണു എന്ന സിനിമാനടന്‍ അഭിനയിക്കുന്നതുകൊണ്ടാണ് അത്രയുംപേര്‍ വന്നതെന്ന് പറയാന്‍ കഴിയില്ല. 30-35 വര്‍ഷം മുമ്പ് ഈ നാടകം കണ്ടവര്‍ ആവര്‍ത്തിച്ച് കാണാനും പുതിയ തലമുറ കേട്ടറിഞ്ഞും വായിച്ചറിഞ്ഞുമാണ് വന്നത്. കഥകളി പോലുള്ള ക്ലാസിക്കല്‍ കലാരൂപങ്ങളെ അടുത്തറിയാന്‍ പണ്ടുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ചെറുപ്പക്കാര്‍ ഇന്നുണ്ട്.

ഇതൊന്നും ഒരു വലിയ ജനക്കൂട്ടത്തിന്റെ മുന്നേറ്റമല്ല. നാടകവും സിനിമയും ഇന്ന് ക്യാമ്പസുകള്‍ വളരെ സീരിയസായിട്ടാണ് കാണുന്നത്. പച്ചയ്ക്ക് കാര്യങ്ങള്‍ പറയാതെ ധ്വനികളിലൂടെ സംഗതി അവതരിപ്പിക്കാന്‍ ഇന്നത്തെ ക്യാമ്പസ് സിനിമകള്‍ക്ക് കഴിയുന്നുണ്ട്.

വള്ളവും വെള്ളവും കായലും പച്ചപ്പുമൊക്കെയുള്ള കുട്ടനാട് എല്ലാവരേയും മോഹിപ്പിക്കുന്ന ഭൂപ്രകൃതിയുള്ളതാണ്. കുട്ടനാട് എത്രത്തോളം താങ്കളുടെ കലാജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. ?

ഒരു നാടിന്റെ സംസ്കാരം ഏതൊക്കെ തരത്തിലാണ് വ്യക്തിയെ സ്വാധീനിക്കുന്നത്. = കുട്ടനാട്ടിലല്ല ജനിച്ചത് എങ്കില്‍ ഞാന്‍ ഇന്നത്തെ നിലയില്‍ ആവുമായിരുന്നില്ല എന്ന് എനിക്ക് തോന്നാറുണ്ട്. ചുറ്റുവട്ടത്തുമുള്ള എല്ലാവര്‍ക്കും പരസ്പരം അറിയാം. അടുത്തെങ്ങാന്‍ പാടുന്ന ഒരാള്‍, അഭിനയിക്കുന്ന ഒരാള്‍, കൊട്ടുന്ന ഒരാള്‍ ഇങ്ങനെയുള്ള ആളുകളെ എല്ലാവരും ചേര്‍ന്ന് പ്രോത്സാഹിപ്പിക്കും.

അത്തരം ഗ്രാമീണ ലാളനകള്‍ ഏറെ കിട്ടിയിട്ടുള്ള ആളാണു ഞാന്‍. വീട്ടുകാര്‍, അധ്യാപകര്‍, അയല്‍പക്കക്കാര്‍ എല്ലാവരും എന്നെ ആവോളം പ്രോത്സാഹിപ്പിച്ചു. എനിക്ക് മാത്രമല്ല ഒരുപാടുപേര്‍ക്ക് ഈ ലാളന കിട്ടിയിട്ടുണ്ട്. വള്ളവും വെള്ളവും ചെളിനിറഞ്ഞ വരമ്പുകളും വള്ളംകളിയും ചക്രപ്പാട്ടും എല്ലാം ഞങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് വെറുതെ കിടക്കുമ്പോള്‍ ദൂരെനിന്ന് ഞാറ്റുപാട്ടു കേള്‍ക്കാം.

രാത്രികളില്‍ ചെറിയ കൈത്തോടുവഴി വള്ളങ്ങള്‍ കടന്നുപോകുമ്പോള്‍ പരസ്പരം കൂട്ടിമുട്ടാതിരിക്കാന്‍ വേണ്ടി വിളിച്ചുപറയും വള്ളം വടക്കുവാാാ....... വള്ളം തെക്കുവാാാ.. ഇതാണ് ട്രാഫിക്. വള്ളത്തിന്റെ മുന്നില്‍ വിളക്കും തൂക്കും. ഇതിലൊക്കെ ഒരു താളമുണ്ട്. അളവു തെറ്റാതിരിക്കാന്‍ നെല്ലളക്കുന്നത് താളത്തിലാണ്.

ഒരു പറയിലോട്ട് നെല്ലിട്ട്, അത് കോലുകൊണ്ട് വടിച്ച് ഒന്നേ... പറ ഒന്നേ... ഒന്നേ... പൊലി ഒന്നേ... ഒന്നേ ഒന്നേ.. പൊലി രണ്ടേ... രണ്ടേ... എന്ന് ഈണത്തില്‍ പറയും. ഞാറ്റുപാട്ടിലെ പല്ലവിയില്‍നിന്ന് എത്ര പിടി ഞാറ് നട്ടു എന്നും അറിയാം. കണക്കുവരെയുണ്ട് ഞാറ്റുപാട്ടില്‍. ഇതൊന്നും നിഷേധിച്ചിട്ട് കണ്ണും കാതും മനസ്സുമുള്ള ആര്‍ക്കും കുട്ടനാട്ടില്‍ ജീവിക്കാന്‍ സാധിക്കില്ല.

"ന്യൂ ജനറേഷന്‍" എന്ന വാക്ക് ഇന്ന് ആവശ്യത്തിനും അല്ലാതെയും പ്രയോഗിക്കുന്നുണ്ട്. പുതിയ സിനിമകളെ പലരും വിശേഷിപ്പിക്കുന്നത് ഈ പ്രയോഗത്തിന്റെ സഹായത്തോടെയാണ്. കലാരൂപങ്ങളെ ഇങ്ങനെ വേര്‍തിരിക്കുന്നതിന്റെ അടിസ്ഥാനം എന്താണ്.?

സത്യത്തില്‍ കവിതയിലും നോവലിലും കഥയിലുമൊക്കെ എല്ലാ കാലത്തും ന്യൂ ജനറേഷന്‍ ചുവടുവയ്പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് പലരും സിനിമയെ മാത്രമാണ് ന്യൂജനറേഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കാണുന്നത്. അതിന്റെ ആവശ്യമില്ല. എല്ലാകാലത്തും ഇത്തരം പുതുമ നിറഞ്ഞ വിവിധ കലാസൃഷ്ടികള്‍ ഉണ്ടായിട്ടുണ്ട്.

ഭരതനും പത്മരാജനുമെല്ലാം അവരുടെ കാലത്ത് ന്യൂ ജനറേഷന്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. സാഹിത്യത്തിലും ഈത്തരം ചലനങ്ങള്‍ ധാരാളമായി കാണാം. ഇന്നിറങ്ങുന്ന ഇത്തരം പുതിയ സിനിമകള്‍ ഒരുപക്ഷേ കാലാതിവര്‍ത്തിയാവണമെന്നില്ല. എങ്കിലും നമ്മള്‍ കണ്ടുപോരുന്ന ചെടിപ്പിക്കുന്ന, ഒരേ പാറ്റേണില്‍പ്പെട്ട സിനിമകളില്‍നിന്ന് വ്യത്യസ്തമായ ഒരു അനുഭവം ഉണ്ടാക്കിയെടുക്കാന്‍ ഇത്തരം സിനിമകള്‍ക്ക് പറ്റുന്നു. അതിനെ നമ്മള്‍ പോസിറ്റീവായിട്ട് കാണണം.

ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ചിലര്‍ ഇതിനെ അങ്ങനെ വിളിക്കാന്‍ കാരണം. സ്ഥിരം വിഷയങ്ങളെ കണ്ടും കേട്ടും പ്രേക്ഷകന് മടുക്കും. അതില്‍നിന്നുള്ള രക്ഷപ്പെടല്‍ കൂടിയാണ് ഇത്തരം സിനിമകള്‍. ഇനിയും മാറാനുണ്ട് നമ്മുടെ സിനിമ. സിനിമ മാറിക്കൊണ്ടേയിരിക്കണം. ? എന്നാല്‍ ഇന്നിറങ്ങുന്ന പല സിനിമകളും ഒരുതവണ കണ്ട് തൃപ്തിപ്പെടാവുന്നവയാണ്.

പത്മരാജനും ഭരതനും ലോഹിതദാസുമൊക്കെ ചെയ്ത പടങ്ങള്‍ ആവര്‍ത്തിച്ചു കാണുന്നവരാണ് പുതിയ തലമുറപോലും. എന്തായിരിക്കും ഇതിന് കാരണം.?

നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വിഷയങ്ങളാണ് പത്മരാജനും ഭരതനും ലോഹിതദാസുമൊക്കെ സിനിമയാക്കിയത്. നാടുമായും നമ്മുടെ സംസ്കാരവുമായും അടുത്തുനില്‍ക്കുന്ന സിനിമകളാണ് അവരുടേത്.

ഇന്നുള്ള യുവസിനിമകളായി നമ്മള്‍ കൊണ്ടാടുന്ന പലതും ഒരു ന്യൂനപക്ഷത്തിന്റെ കഥയാണു പറയുന്നത്. അതിന് സാര്‍വകാലികത അവകാശപ്പെടാന്‍ പറ്റില്ല. ആയിരക്കണക്കിന് സിനിമാക്കാരില്‍ വളരെ കുറച്ചുപേരെ മാത്രമേ നമ്മള്‍ ഓര്‍ക്കുന്നുള്ളൂ. മനുഷ്യന്റെ കഥ ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ എപ്പോഴൊക്കെ ആരൊക്കെ പറഞ്ഞിട്ടുണ്ടോ അതൊക്കെ സമൂഹം ഏറ്റെടുത്തിട്ടുണ്ട്. ?

സിനിമയുടെ തിരക്കിനിടയില്‍ നാടക പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്താറുണ്ടോ?

പ്രത്യേക സാഹചര്യങ്ങള്‍ വരുമ്പോള്‍ വല്ലപ്പോഴും നാടകം കളിക്കാറുണ്ട്. സിനിമപോലെ പെട്ടെന്ന് ഓടിവന്ന് കളിക്കാവുന്നതല്ല നാടകം. പ്രത്യേകിച്ച് കാവാലത്തിന്റെ നാടകങ്ങള്‍. നല്ലപോലെ റിഹേഴ്സല്‍ എടുക്കണം. നൃത്തം, പാട്ട് എല്ലാം കൈകാര്യം ചെയ്യണം.

കഥ, തിരക്കഥ, കവിത, ലേഖനം... തുടങ്ങി പല രംഗത്തും കൈവച്ചിട്ടുള്ള ആളാണ് താങ്കള്‍. ഇപ്പോള്‍ അഭിനയത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതെന്തുകൊണ്ടാണ്.

സിനിമാഭിനയം തൊഴിലാക്കുന്നതോടെ മറ്റു പലതും നമ്മില്‍നിന്ന് അകന്നുപോകും. നമ്മുടെ സമയം പിന്നെ നമ്മളല്ല തീരുമാനിക്കുന്നത്. ഒരുപാടു കാര്യങ്ങള്‍ അഭിനയത്തിലൂടെ കിട്ടുന്നുണ്ടെങ്കിലും ഒരുപാട് വാസനകള്‍ പ്രയോഗിക്കാന്‍ അവസരം കിട്ടാതെ വരും. ഒരു സിനിമയുടെ എല്ലാ മധുരവും നൊമ്പരവും അനുഭവിക്കുന്നത് സംവിധായകനാണ്.

അതെനിക്ക് സിനിമ സംവിധാനം ചെയ്തപ്പോള്‍ മനസ്സിലായി. അതുകൊണ്ട് ഇനിയും സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്. ആ സിനിമക്കുവേണ്ടി തിരക്കഥ എഴുതുകയും വേണം. അപ്പോഴേ അതൊരാളിന്റേതാകുന്നുള്ളൂ. ഒരാളിന്റെ മനസ്സില്‍ വിരിയുന്ന ആശയം അയാള്‍തന്നെ സംവിധാനംചെയ്താല്‍ അത് പൂര്‍ണതയുള്ളതാകും. ?

സിനിമയില്‍ വന്ന ചെറു പ്രായത്തില്‍ തന്നെ താങ്കള്‍ ഏറെ പക്വതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടല്ലോ. പൊതുവേ ചെറു പ്രായത്തിലുള്ള കഥാപാത്രങ്ങളായി അഭിനയിക്കാനല്ലേ എല്ലാവരും ആഗ്രഹിക്കുക. ടൈപ്പ് ചെയ്യപ്പെടുന്നതായി എപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ?

നമ്മള്‍ വയസ്സായി കഴിഞ്ഞിട്ട് വൃദ്ധനായി അഭിനയിക്കുന്നതില്‍ രസമില്ല. എനിക്ക് 30-35 വയസ്സുള്ളപ്പോഴാണ് ഞാനാദ്യമായി അച്ഛനായി അഭിനയിച്ചത്. ആ രസം പ്രായമായാല്‍ കിട്ടില്ല. എന്നാല്‍ ഇങ്ങനെ ടൈപ്പ് ചെയ്യപ്പെടുന്നതായി തോന്നിയാല്‍ കുതറിമാറാന്‍ ശ്രമിക്കാറുണ്ട്. അച്ഛന്‍, അമ്മാവന്‍, മാഷ് തുടങ്ങിയ കഥാപാത്രങ്ങളെയൊക്കെ ഒരുപാട് അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തത ആവശ്യപ്പെടുന്നുണ്ട് എന്നു സംവിധായകനു തോന്നിയാല്‍ അത് നല്‍കാറുണ്ട്. അതിനുള്ള ബാധ്യതയുമുണ്ട്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലുള്ള ചിത്രങ്ങളിലൊക്കെ 40 വയസിനു മുമ്പേയാണ് അഭിനയിച്ചത്.

ഒരുപാട് നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും കലാരൂപങ്ങളും വെളിച്ചം പകര്‍ന്ന നമ്മുടെ ബോധത്തിലേക്ക് വീണ്ടും പല രൂപത്തില്‍ ഇരുട്ട് കയറിവരുന്നു. എന്തായിരിക്കാം ഇതിന് കാരണം. ?

ജാതിക്ക് ഇടം കൊടുക്കുകയാണ് മിക്ക രാഷ്ട്രീയക്കാരും. അനിഷേധ്യമായ സത്യമായി ജാതിയെ അംഗീകരിക്കാന്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ തയ്യാറായിട്ടുണ്ട്. ഇതിനെതിരായി പോരാടിയവര്‍തന്നെയാണ് പലപ്പോഴും ഇതൊക്കെ ചെയ്യുന്നത്. രാഷ്ട്രീയക്കാര്‍ കൂടെ ചേരുമ്പോള്‍ തങ്ങള്‍ക്ക് ശക്തി കൂടിയതായും ആജ്ഞാശക്തി വര്‍ധിച്ചതായും വിവിധ ജാതികള്‍ക്ക് തോന്നിത്തുടങ്ങി.

സത്യത്തില്‍ പരിപൂര്‍ണമായും ഇവരെ ഒഴിവാക്കാനും അവരുടെ കാലുകഴുകിയ വെള്ളം കുടിക്കാന്‍ തയ്യാറല്ല എന്ന് ചങ്കൂറ്റത്തോടെ പറയാനും രാഷ്ട്രീയക്കാര്‍ക്ക് കഴിയണം. എങ്കിലേ ഇതില്‍നിന്ന് രക്ഷയുള്ളൂ. മിശ്രവിവാഹത്തെയൊക്കെ പണ്ടത്തേക്കാള്‍ ഇന്ന് സമൂഹം അംഗീകരിക്കുന്നുണ്ട്. എന്റെയൊക്കെ കാലത്ത് ഇത്തരം വിവാഹങ്ങള്‍ വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു.

പ്രായമായവര്‍ പോലും ഇന്ന് ഇത്തരം കാര്യങ്ങളില്‍ വലിയ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായി കാണുന്നില്ല. കുട്ടികളുടെ ഇഷ്ടംപോലെ ജീവിക്കട്ടെ എന്നാണ് പലരുടെയും കാഴ്ചപ്പാട്. അതൊരു വലിയ മാറ്റമാണ്. ജാതിയെയും മതത്തെയും നമ്മെ ഭരിക്കാന്‍ വിട്ടുകൊടുക്കാതിരുന്നാല്‍ ഒരു പരിധിവരെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം.

ജാതിയും രാഷ്ട്രീയവും എന്ന് കൈകോര്‍ക്കുന്നുവോ അന്ന് നാട് അധഃപതിച്ചുപോകും. നമ്മെ നയിക്കുന്നവരിലുള്ള വിശ്വാസം കുറയുമ്പോള്‍ ആള്‍ക്കാര്‍ എവിടെയെങ്കിലും ആശ്രയം തേടിയാണ് പലപ്പോഴും മതത്തിലേക്കും വര്‍ഗീയതയിലേക്കും ആള്‍ദൈവങ്ങളിലേക്കുമൊക്കെ എത്തുന്നത്. മനുഷ്യന് ഒറ്റയ്ക്ക് നില്‍ക്കാന്‍ കഴിയില്ല. എവിടെയെങ്കിലും അവനൊന്ന് കൂടണം. മതമാണ് വേഗത്തില്‍ കൂടിച്ചേരാവുന്ന ഒരിടം.

ജീവിതത്തിലെ മറക്കാനാവാത്ത ഏതെങ്കിലും അനുഭവം. ?

മറക്കാനാവാത്ത ഒരുപാടനുഭവങ്ങള്‍ ജീവിതത്തിലുണ്ട്. തിക്കോടിയന്‍ മാഷിന്റെ പേരിലുള്ള അവാര്‍ഡ് കഴിഞ്ഞവര്‍ഷം എനിക്കായിരുന്നു. അവാര്‍ഡ് വാങ്ങുന്ന വേദിയില്‍ വച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് തിക്കോടിയന്‍ മാഷ് എനിക്ക് മറക്കാനാവാത്ത ഒരവാര്‍ഡ് തന്ന ഒരനുഭവം ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ സിനിമയിലൊക്കെ വരുന്നതിന് മുമ്പാണ് സംഭവം.

പാലക്കാട്ട് ഞങ്ങള്‍ ശ്രീകണ്ഠന്‍നായരുടെ ലങ്കാലക്ഷ്മി, സാകേതം, കാഞ്ചനസീത എന്നീ നാടകങ്ങള്‍ കളിച്ചിരുന്നു. മൂന്നു നാടകത്തിലും എനിക്കും ചെറിയ വേഷങ്ങള്‍ ഉണ്ടായിരുന്നു. നാടകം കഴിഞ്ഞ് എല്ലാവരും പോയിക്കഴിഞ്ഞാല്‍ എന്റെ വക ചില കലാപരിപാടികള്‍ പതിവായിരുന്നു. അതിഥികള്‍ മാത്രമേ ഈ പരിപാടിയുടെ കാഴ്ചക്കാരായി ഉണ്ടാകാറുള്ളൂ. ഒരു ദിവസം അപരിചിതനായ ഒരാള്‍ വന്നു തിക്കോടിയനാണെന്നു പരിചയപ്പെടുത്തി.

വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം സ്നേഹത്തോടെ സംസാരിച്ചത് നാടകത്തിനു ശേഷമുള്ള എന്റെ പെര്‍ഫോമന്‍സിനെ കുറിച്ചായിരുന്നു. മൂന്നു നാടകങ്ങളേക്കാള്‍ അദ്ദേഹത്തിന് ഇഷ്ടമായത് നാടകാനന്തരം അരങ്ങേറിയ എന്റെ കലാപരിപാടികളാണ് എന്നു പറഞ്ഞു. സമ്മാനമായി തരാന്‍ അപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ ഒന്നുമില്ലെന്നും പുതിയതായി ഉണ്ടാക്കിയ വീടിന്റെ താക്കോല്‍ എനിക്ക് തരാമെന്നും പറഞ്ഞു.

എപ്പോള്‍ വേണമെങ്കിലും താമസം തുടങ്ങാമെന്നും പറഞ്ഞു. മറക്കാനാവാത്ത ഓര്‍മയാണ് ഇന്നും അതെനിക്ക്. കൈയില്‍ കിട്ടുന്ന അവാര്‍ഡുകളേക്കാള്‍ മനസ്സിന്റെ ചില്ലുകൂട്ടില്‍ അടുക്കി വച്ചിരിക്കുന്ന മറ്റൊരാള്‍ക്ക് കാണിച്ചു കൊടുക്കാന്‍ കഴിയാത്ത ഒരുപാട് പുരസ്കാരങ്ങള്‍ ഇങ്ങനെയുണ്ട്. ഞാന്‍ സിനിമയില്‍ വന്ന കാലത്ത് എം ടി വാസുദേവന്‍ നായര്‍ അയച്ച ഒരു കത്ത് മറക്കാന്‍ കഴിയാത്തതാണ്.

അതില്‍ അദ്ദേഹം എഴുതി "" കഥാപാത്രങ്ങളെ അഭിനയത്തിലൂടെ വ്യാഖ്യാനിക്കുക എന്ന അപൂര്‍വമായ കൃത്യം നിര്‍വഹിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് വേണു"". നെടുമുടി വേണു തിരുവനന്തപുരം എന്നു മാത്രമായിരുന്നു കത്തിനു പുറത്തെ വിലാസം. ഇങ്ങനെ ഒരുപാട് അവാര്‍ഡുകള്‍ മനസ്സിന്റെ ചില്ലലമാരയിലുണ്ട്.

നിറം കെടാതെ. ഒരു ജീവിതത്തില്‍ ഒരുപാട് ജീവിതം അനുഭവിക്കുക എന്നത് മഹാഭാഗ്യമാണ്. അനുഭവം ചേരുമ്പോഴാണ് അഭിനയം അനുഭവവേദ്യമാകുന്നത്. ഒരു സിനിമയില്‍ വീട്ടുജോലിക്കാരനാണെങ്കില്‍ അടുത്ത സിനിമയില്‍ അതേ വീടിന്റെ മുതലാളിയാകുക എന്ന മാജിക് സിനിമയില്‍ സാധ്യമാണ്.

പോയവര്‍ഷങ്ങള്‍  താങ്കള്‍ക്ക് എങ്ങിനെ പുതിയ പടങ്ങള്‍ ?

നല്ല സിനിമകൾ ഇറങ്ങിയ വർഷം എന്ന ഭാഗ്യം 2015 നുണ്ട്, അഭിനേതാക്കളെക്കാൾ കൂടുതൽ സംവിധായകരുടെയും തിരക്കഥാകൃത്തുകളുടെയും വർഷമായിരുന്നു ഇത്, ഒരുപാടു നല്ല സിനിമകൾ ശ്രദ്ധിക്കപ്പെട്ടു. നല്ല സിനിമകൾ ഇറങ്ങിയാൽ അത് കാണാൻ തീയേറ്ററിൽ ആളുണ്ട് എന്ന് വീണ്ടും തെളിയിച്ചു. 2015 എനിക്കും കുറെ നല്ല കകഥാപാത്രങ്ങളെ ലഭിച്ചു.

ഉദാഹരണമായി സെക്കന്റ് ക്ലാസ്സ് യാത്ര സിനിമയിലെ നാരായണൻ മേസ്തിരി എന്ന വില്ലൻ, ഡോ. ബിജുവിന്റെ വലിയചിറക്കുള്ള പക്ഷികൾ, ലോർഡ് ലിവിങ്‌സറ്റൺ 7000 കണ്ടിയിലെ സി.കെ.എ.കെ മേനോൻ എന്ന റിട്ടയർഡ് ഡിഫെൻസ് സെക്രട്ടറി, അതുപോലെ ഈ വർഷത്തിൽ അവസാനം ഇറങ്ങി നല്ല അഭിപ്രായം മാത്രം കേൾക്കുന്ന ദുൽഖർ ചിത്രം ചാർളിയിലെ കുഞ്ഞപ്പൻ എന്ന കഥാപാത്രം വരെ നന്നായി പ്രേക്ഷകർ ശ്രദ്ധിച്ചു.

വ്യത്യസ്തത നിറഞ്ഞ ക്യാരക്ടറുകൾ ലഭിച്ച വർഷമാണിത്. അതിൽ സന്തോഷിക്കുന്നു. അതുപോലെ തന്നെ ഏറ്റവും സന്തോഷം തോന്നിയ കാര്യം പുതിയ തലമുറയുമായി ചേർന്നുപോകുവാൻ സാധിച്ചു എന്നുളതാണ്. ഈ വർഷത്തിൽ കൂടുതൽ ശ്രദ്ധേയമായ കാര്യം, പഴയ തലമുറ പുതിയ തലമുറ എന്ന് പറഞ്ഞു മാറ്റി നിർത്താതെ മെയിൻ സ്ട്രീമിൽ തന്നെ നിൽക്കാൻ സാധിച്ചു എന്നുള്ളതും 2015 വർഷത്തെ എന്റെ നേട്ടമാണ്.

പിന്നെ പ്രതീക്ഷ നൽകുന്ന പ്രോജക്റ്റ് ആണ് ഷൂട്ട് ആരംഭിക്കാൻ പോവുന്ന പ്രിയൻ-മോഹൻലാൽ ചിത്രം, അത് കൂടാതെ മൂന്നു നാല് പുതുസംവിധായകരുടെ ചിത്രങ്ങളും അടുത്ത വർഷമുണ്ടാക്കും വലിയ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളാണ് ഇവയും. കാലവും സിനിമയും മാറുന്ന ലോകത്ത് കലാകാരന്റെ നല്ല മനസു ഉണ്ടാവണം. നല്ല ചിത്രങ്ങൾ ചെയുന്നതിന്റെ കൂടെ നല്ലൊരു മനുഷ്യനും ആവുക എന്നുള്ളതാണ് ഒരു കലാകാരന്റെ ധർമം എന്നും നെടുമുടി വേണു പറയുന്നു

അഭിനയിച്ച സിനിമകൾ ഇറങ്ങുമ്പോൾ അതിന്റെ ചാനൽ പ്രമോഷൻ പ്രോഗ്രമുകളിലോ, പത്രങ്ങളിലും മറ്റുമുള്ള അഭിമുഖങ്ങളിലോ മുഖം കാണിക്കാതെ മാറി നിൽക്കുന്ന നടനാണ് നെടുമുടിവേണു എന്ന ആരോപണം ഉണ്ട് അതിന്റെ കാരണമെന്താണ്

ശരിയാണ് ആരോപണം കേട്ടിട്ടുണ്ട് ഏതു തല്ലിപൊളി പടത്തിനും പ്രേമോഷൻ എന്ന പേരിൽ നുണ പറയുന്ന പരിപാടികളായി മാറുന്നു പല ചാനൽ പ്രമോഷൻ പരുപാടികളും എന്നെനിക്ക് തോന്നാറുണ്ട്. ഇതു കണ്ടു സിനിമ കാണുന്ന പ്രേക്ഷകർക്ക് ഇത്തരത്തിലുള്ള പ്രചരണ പരിപാടികളോടുള്ള വിശ്വാസ്യത കുറഞ്ഞു. ഇതിൽ തെറ്റ് പറയാനും കഴിയില്ല, അഭിനയിച്ച ചിത്രങ്ങൾ നല്ലതാണ് എന്ന് അതിൽ അഭിനയിച്ച കലാകാരന്മാർക്ക് പറയാൻ കഴിയു.

നുണ പറഞ്ഞു ആളുകളെ കബളിപിക്കുന്ന പരിപാടികൾക് നിൽക്കാനുള്ള മടി കാരണം പ്രചാരണ പരുപാടികളിൽ നിന്ന് ഒഴിഞ്ഞു നിൽകാൻ പരമാവധി ശ്രമിക്കാറുള്ളത്.പടം ഇറങ്ങി നല്ല അഭിപ്രായങ്ങൾ ജനങ്ങളുടെ ഭാഗത്തുനിന്നു ഉണ്ടായാൽ കൂടുതൽ പ്രചാരണത്തിനായി ശ്രമിക്കാൻ ഒരു മടിയും ഞാൻ കാണിക്കാറില്ല.

അതിനു മുൻപുള്ള അവകാശ വാദത്തിനു അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. ആക്ടർ എന്ന് വച്ചാൽ സിനിമയിലെ ഒരു പാർട്ട് മാത്രമാണ്, റോളുകളെ കുറിച്ച് പറയാമെന്നല്ലാതെ അയാൾക്കൊരിക്കിലും ഒരു സിനിമയുടെ ടോട്ടാലിറ്റിയെകുറിച്ച് അറിവുണ്ടാകണമേന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം പരിപാടികളിൽ തല കൊടുക്കാറില്ല. എന്നതാണ് സത്യം പക്ഷെ ഇതിന്റെ പേരില്‍ അതിനുപോകുന്നവരെ കുറ്റം പറയുന്നില്ല എന്റെ കഴ്ച്ചപാടാണ് ഞാന്‍ പറഞ്ഞത്.

അവസാനമായി ഒരു ചോദ്യം രാജ്യത്ത് കലാകാരന്മാര്‍ സംസക്കാരിക നായകര്‍ എല്ലാവരും രാജ്യത്ത് നടക്കുന്ന അസഹിഷ്ണുതക്കെതിരെ വലിയതോതില്‍ പ്രതികരിക്കുന്ന സമയമാണിത് യഥാര്‍ഥത്തില്‍ രാജ്യത്ത് അസഹിഷ്ണുത ഉണ്ടോ ?

പലതിനെയും നമ്മൾ നോക്കി കാണുമ്പോൾ ചില ഹിഡൻ അജണ്ടകൾ പുറത്തു വരുന്നതായി തോന്നിയിട്ടുണ്ട്. ഒരുപാടു കാലം അടക്കിപിടിച്ചുവച്ച ചില കാര്യങ്ങൾ പലതും പുറത്തേക്കു വരുന്നതായി കാണാം. അങ്ങനെ ഒരു കാലഘട്ടത്തിലാണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത് എന്ന് ഞാനും വിശ്വസിക്കുന്നു.

പക്ഷെ ഇവിടുത്തെ മാദ്ധ്യമങ്ങൾ ആവശ്യത്തിനും അനാവശ്യവുമായുള്ള പ്രചാരണം ഇതുപറഞ്ഞു കൊടുക്കുന്നതുകൊണ്ട് സാധാരണക്കാരിലും ഈ ധാരണ വലിയ തോതിൽ കൂടുന്നു. അതും അത്ര ശരിയാണെന്ന് തോന്നുന്നില്ല.പക്ഷെ ഇന്നു നിലനില്‍ക്കുന്ന ഈ അവസ്ഥ മാറ്റാന്‍ ഭരണകൂടം തയ്യാറാകണം അത്തരം പ്രവര്‍ത്തനം ബന്ധപെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം

കെ എസ എഫ് ഡി സി യിലെ രാജ്മോഹന്‍ ഉണ്ണിത്താന്റെ നിയമനുവുമായി ബന്ധപെട്ട് ഉണ്ടായ സംഭവവികാസങ്ങളെ എങ്ങെനെ വിലയിരുത്തുന്നു

താന്‍ അതില്‍ അഭിപ്രായം പറയുന്നില്ല അതെല്ലാം സര്‍ക്കാരുമായി ബന്ധപെട്ട കാര്യങ്ങളാണ് അത് അവര്‍ അഭിപ്രായം പറയട്ടെ സിനിമ മേഖലയില്‍ ഉള്ള അംഗങ്ങള്‍ രാജിവെച്ചത് അത് അവസനിച്ചവിഷയമാണ് കൂടുതലോന്നുംപറയാനില്ല അദ്ദേഹം തിരക്കിലാണ്.

ഞാന്‍ സംസാരിക്കുന്ന അന്ന് തന്നെ അദ്ദേഹം തിരിച്ചു കേരളത്തിലേക്ക് പോകും നിരവധി സ്ഥലങ്ങളില്‍ പോകാനുള്ളതുകൊണ്ടു അദ്ദേഹത്തെ കൊണ്ടുവന്ന കുട്ടനാട് അസോസിയേഷന്‍ റിയാദ് ഭാരവാഹികളും വളരെ തിരക്കിലാണ് കാണാനും സംസാരിക്കാനും കഴിഞ്ഞതില്‍ നന്ദി പറഞ്ഞ് ഞാനും ഇറങ്ങി.അറിവിന്റെ ഒരു തേന്‍കുടമാണ് വേണുഗോപാല്‍ എന്ന നെടുമുടി വേണു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് നാടക പ്രവര്‍ത്തകര്‍ക്ക് അഭിനയം പഠിക്കുന്നവര്‍ക്ക് തുടങ്ങി എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയൊരുറിവിന്റെ ആകെ തുകയാണ് ഈ മഹാനടന്‍ .

Advertisment