Advertisment

ഐ.പി.സി.എന്‍.എ സ്റ്റെപ് പദ്ധതി സ്വാഗതാര്‍ഹം

New Update

ഡാളസ്: ലോക നിലവാരമുള്ള പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിന് അമേരിക്കയിലെ പ്രവാസി മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക വിഭാവനം ചെയ്ത സ്റ്റെപ് (Society & Technically Educated Press) പദ്ധതി തികച്ചും അഭിനന്ദനാര്‍ഹവും, സ്വാഗതാര്‍ഹവുമാണ്.

Advertisment

2018 ജനുവരി ഒന്നിന് അധികാരമേറ്റെടുത്ത പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, അശ്വമേധം പത്രത്തിന്റെ ചീഫ് എഡിറ്ററുമായ മധുകൊട്ടാരക്കരയുടെ നേതൃത്വത്തിലുള്ള ഐ.പി.സി.എന്‍.എ. പ്രഥമ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഐക്യകണ്ഠേനയുള്ള തീരുമാനം അടുത്ത രണ്ടുവര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനം ഏതു ദിശയിലൂടെയാണ് മുന്നേറുക എന്നതിനുള്ള ചൂണ്ടു പലകകൂടിയാണ്.

publive-image

പിറന്നു വീണ മണ്ണില്‍ നിന്നും ഉപജീവനാര്‍ത്ഥം അമേരിക്കയില്‍ എത്തിയിട്ടും, മലയാള മണ്ണിനേയും, ഭാഷയേയും, സംസ്ക്കാരത്തേയും, ഇന്നും ജീവനു തുല്യം സ്നേഹിക്കുന്ന ചുരുക്കം ചിലര്‍ ചേര്‍ന്ന് രൂപീകരിച്ച ഇന്ത്യ പ്രസ്സ് ക്ലബ് എന്ന സംഘടന വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ഇന്നത്തെ നിലയില്‍ എത്തിയതിനു പുറകില്‍ അത്യദ്ധ്വാനം ചെയ്തത് കേരളത്തില്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചു തഴക്കവും, പഴക്കവുമുള്ള, എന്നും സമൂഹത്തോട്പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിത്വങ്ങളാണ്.

അമേരിക്കയിലെ മാധ്യമങ്ങളും, മാധ്യമപ്രവര്‍ത്തകരും ലോകനിലവാരത്തില്‍ എത്തികഴിഞ്ഞു എന്ന തിരിച്ചറിവാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരേയും മാധ്യമങ്ങളേയും ഇതേ നിലവാരത്തിലേക്കുയര്‍ത്താന്‍ ഐ.പി.സി.എന്‍.എ. രൂപം കൊടുത്ത സ്റ്റെപ് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കേരളത്തില്‍ മീഡിയാ പഠനം നടത്തുന്ന കഴിവുള്ള വിദ്യാര്‍ത്ഥികളെ പ്രത്യേക പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുത്തു അവരുടെ പഠനത്തിനും, പരിശീലനത്തിനും ആവശ്യമായ ചിലവുകള്‍ പ്രവാസി മലയാളികളുടെ സഹകരണത്തോടെ ഇന്ത്യ പ്രസ് ക്ലബ് വഹിക്കുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം േ്രേപത്യകം പ്രശംസിക്കപ്പെടേണ്ടതാണ്.

കഴിഞ്ഞ എട്ടുവര്‍ഷമായി കേരളത്തില്‍ നിന്നും അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരെ അമേരിക്കയിലേക്ക് കൊണ്ടുവന്ന് ഇവിടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കു സ്റ്റഡി ക്ലാസ്സുകളും, മാധ്യമ സെമിനാറുകളും സംഘടിപ്പിച്ചു പ്രബുദ്ധരാക്കുന്നതിന് കഴിഞ്ഞ ഐ.പി.സി.എന്‍.എ. ക്മ്മിറ്റികള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ഓരോ തവണയും ഇതിനായി ചിലവാക്കുന്നതു നാല്‍പതിനായിരത്തോളം ഡോളറാണെന്ന് അറിയുമ്പോള്‍ തന്നെ അതിന്റെ പ്രാധാന്യം ശ്രദ്ധിക്കപ്പെടുന്നു.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു ഇന്ത്യ പ്രസ്സ് ക്ലബ് ഏര്‍പ്പെടുത്തിയിരിക്കുന്ന മാധ്യമ ശ്രീ അവാര്‍ഡും ഒരു ലക്ഷം രൂപയും, അമേരിക്കന്‍ പ്രവാസി മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തനങ്ങളെ എത്രമാത്രം അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്യുന്നു എന്നുള്ളതിന് അടിവരയിടുന്നതാണ്.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്റ്റെപ് പദ്ധതിക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിന് ഡോ.എം.വി.പിള്ള, ഡോ.ബാബുപോള്‍, ഐ.ജി.വിജയന്‍, എം.ബി.രാജേഷ് എം.പി., വി.ടി. ബലറാം, ആര്‍ ശ്രീകണ്ഠന്‍ നായര്‍, തോമസ് ജേക്കബ്, സന്തോഷ് ജോര്‍ജ്ജ് എന്നിവര്‍ ഒരു കമ്മിറ്റിയായി പ്രവര്‍ത്തിക്കും എന്ന് സമ്മതിച്ചത് ഐ.പി.സി.എന്‍.എ.യുടെ വലിയ നേട്ടമാണ്.

അമേരിക്കയിലെ തിരക്കേറിയ ജീവിതചര്യകള്‍ക്കിടയിലും, മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിന് സമയം കണ്ടെത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ പ്രസ് ക്ലബ് പ്രത്യേക അവാര്‍ഡ് ദാന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു എന്നുള്ളതും ഇവിടെ പ്രസ്താവ്യമാണ്.

മാധ്യമരംഗത്തെ ചലനങ്ങളും, വികാസങ്ങളും കണ്ടറിയുകയും, കേട്ടറിയുകയും അതു കുടിയേറ്റ മലയാളികളുടെ സാംസ്ക്കാരിക പുരോഗതിക്ക് ഉതകുംവിധം രൂപപ്പെടുത്തിയെടുക്കുകയും ചെയ്യുന്ന ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, അമ്മ മലയാളത്തിന് നല്‍കുന്ന അംഗീകാരത്തിന്റെ ഒരു ശതമാനമെങ്കിലും അമ്മ മലയാളത്തില്‍ നിന്നും പ്രവാസി മാധ്യമ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചാല്‍ അവരെ അതില്‍ കുറ്റപ്പെടുത്താനാകില്ല.

കേരളത്തിലെ മാധ്യമങ്ങളേയും, മാധ്യമ പ്രവര്‍ത്തകരേയും ലോകോത്തര നിലവാരത്തിലേക്കെത്തിക്കുന്നതിന് ഐ.പി.സി.എന്‍.എ. പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയും, ത്യാഗവും മനസ്സിലാക്കി അതിനനുകൂലമായി പ്രതികരിക്കുന്നതിന് അമ്മ മലയാളവും തയ്യാറാക്കുന്ന ദിനങ്ങള്‍ അതിവിദൂരമല്ലെന്നാണ് പ്രതീക്ഷ.

മധു കൊട്ടാരക്കര, സുനില്‍ തൈമറ്റം, സണ്ണി പൗലോസ്, ജയിംസ് വര്‍ഗീസ്, അനില്‍ ആറന്മുള, ജീമോന്‍ ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ സുഗന്ധം പരത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഐ.പി.സി.എന്‍.എ.യില്‍ നിന്നും ഉയരട്ടെ എന്ന് ആശംസിക്കുന്നു.

us
Advertisment